പോസ്റ്റിലെ ചിത്രങ്ങള്‍ക്ക് കടപ്പാട്:- ഗൂഗിള്‍

Thursday, September 30, 2010

ചാനലുകളേ ഇതിലേ..ഇതിലേ..


ആഴ്ചയിലൊരിക്കല്‍ മാത്രം കിട്ടിയിരുന്ന മധുരക്കനിയായി മലയാളം ദൂരദര്‍ശനിലെ 'സിനിമ' അനുഭവിച്ചിരുന്ന ഒരു കാലത്ത് സീരിയലുകള്‍ പോലും വിരളമായിരുന്നു.ഉള്ളവയാകട്ടെ നിലവാരമുള്ളവയും ആഴ്ചയിലൊരിക്കല്‍ മാത്രം വന്ന് നമ്മെ ചുംബിച്ചിട്ട് കടന്ന് പോവുകയും പിന്നെയൊരാഴ്ചക്കാലം ആ മാധുര്യം ചുണ്ടില്‍ ശേഷിപ്പിക്കാന്‍ പോന്നവയുമായിരുന്നു.അല്ലാത്തവയും ഉണ്ടായിരുന്നില്ലെന്നു പറയുന്നില്ല.

ഇതേ സമയത്തു തന്നെ ദൂരദര്‍ശന്‍ നാഷണല്‍ ചാനലില്‍ പകലെന്നും രാത്രിയെന്നുമില്ലാതെ മെഗാപരമ്പരകള്‍ സംപ്രേഷണം ചെയ്യപ്പെട്ടിരുന്നു.ദേശ ഭാഷാ ഭേദമന്യേ പലരും അവയേയും ആഹരിക്കുന്നുണ്ടായിരുന്നു. 'ശാന്തി'യും 'അപരാജിത' യും 'വക്ത് കി രഫ്താരും' 'ജുനൂനും' 'കാനൂനും' തുടങ്ങി നിരവധി സീരിയലുകള്‍ എപ്പിസോഡുകളില്‍ നിന്നും എപ്പിസോഡുകളിലേക്ക് അനസ്യൂതം പാഞ്ഞു പൊയ്ക്കൊണ്ടിരുന്നു. ഏറ്റവും രസകരമായ വസ്തുത ഇവയിലൊരെണ്ണത്തിനും അവസാന എപ്പിസോഡിലും കഥയുടെ കുരുക്കുകളഴിക്കുവാനോ കഥയെ ഒരു ക്ലൈമാക്സില്‍ കൊണ്ടുവന്ന് ബന്ധിപ്പിക്കുവാനോ കഴിഞ്ഞിരുന്നില്ലയെന്നതാണ്. അടുത്തയാഴ്ച അതേ സമയം കഥയുടെ ബാക്കി പ്രതീക്ഷിച്ചിരിക്കുന്ന പ്രേക്ഷകന്റെ മുന്നില്‍ മറ്റൊരു പരമ്പര ആരംഭിക്കുമ്പോഴാണ് പഴയത് കഥാവശേഷമായെന്ന് അവനറിയുന്നതു പോലും.! സീരിയലുകളെല്ലാം ഇതൊരു ശീലമാക്കിയതോടെ ഇതിന്റെ ചുവടു പിടിച്ച് പിന്മുറ സീരിയലുകളും ഒരിക്കലും അഴിക്കാന്‍ കഴിയാത്ത കുരുക്കുകളുടെ നൂലാമാലകള്‍ കഥകളില്‍ സ്രിഷ്റ്റിച്ചു കൊണ്ടിരുന്നു. ആസ്വാദകര്‍ മലം മുറുകിയ അവസ്ഥയില്‍ ക്ലൊസ്സറ്റിനു മുകളിലിരുന്ന് ഞെരി പിരി കൊണ്ടു. ദൈവം തമ്പുരാനു പോലും കണ്ടുപിടിക്കാനാവാത്ത ക്ലൈമാക്സിനെ പറ്റി തലപുകച്ചു കൊണ്ട്..!!!

പിന്നീട് മലയാളത്തില്‍ മെഗാസീരിയലുകള്‍ ചാറ്റല്‍ മഴയായ് പെയ്തു തുടങ്ങിയപ്പോള്‍ ആദ്യമാദ്യം ആളുകള്‍ക്ക് ഒന്നു നനഞ്ഞു പനിക്കാന്‍ മറ്റൊന്നും വേണ്ടെന്നായി.പുതു ചാനലുകള്‍ ഒന്നിനു പിറകേ ഒന്നായി പൊട്ടി മുളച്ചപ്പോള്‍ സ്ത്രീയും പിന്നെ സ്ത്രീ-പുണ്യവും, പാപവും, കരിയും പുക യുമൊക്കെയായ് വന്ന സീരിയലുകളും ആളുകള്‍ നെഞ്ചിലേറ്റി. അതേ സമയം തന്നെ കേബിള്‍ ടീവി യും ഡിഷ് ആന്റിനയും കടന്നു ചെല്ലാത്ത ഗ്രാമങ്ങളില്‍ പാവങ്ങളുടെ സ്വന്തം ദൂരദര്‍ശനില്‍ ഒരു ചങ്കൂറ്റക്കാരന്‍ (പാവം ഇപ്പോള്‍ എവിടെയാണോ ആവോ..??എന്തായാലും അണ്ണന്റെ ശുക്രനായിരുന്നണ്ണാ ശുക്രന്‍..!!ഒരു പരമ്പരയില്‍ തന്നെ എത്ര വേഷങ്ങള്‍ കളിച്ചു..ദൂരദര്‍ശന്‍ അന്ന്‌ അണ്ണന്റെ തറവാട്ടു സ്വത്തായിരുന്നുവെന്നു തോന്നിപ്പോയി..ഹോ..!ആ കുമ്പയും കുലുക്കിയുള്ള വരവും നിഷ്കളങ്ക മുഖഭാവവും...ഓര്‍ക്കുമ്പോള്‍ തന്നെ ദേ..രോമാഞ്ചം....!!!) എന്തൊക്കെയോ സീരിയലുകള്‍ കൊണ്ടുവന്നതും ആളുകള്‍ നെഞ്ചിലേറ്റി. ആണെന്നും പെണ്ണെന്നും വേര്‍തിരിവില്ലാതെ എല്ലാവരും വിഡ്ഢിപ്പെട്ടിയുടെ മുന്‍പിലിരുന്നു വിഡ്ഢികളായി..ക്രമേണ മെഗാ സീരിയലുകളുടെ ചാറ്റല്‍ മഴ പേമാരിക്കു വഴിമാറുകയായിരുന്നു.പിന്നെ മലയാളി തിന്നുന്നതും കുടിക്കുന്നതും  പെടുക്കുന്നതുമെല്ലാം മെഗാപരമ്പരകള്‍...

റിയാലിറ്റി ഷോകള്‍ മലയാളത്തില്‍ കടന്നു വന്നതും വടക്കേയിന്ത്യന്‍ ചാനലുകളുടെ ചുവടു പിടിച്ചാണ്. ആദ്യമാദ്യം ആസ്വാദ്യകരമായിരുന്ന ഇത്തരം ഷോകള്‍ അങ്ങേയറ്റം നിന്ദ്യവും ആഭാസകരവുമായ പ്രവര്‍ത്തികള്‍ക്ക് ഇന്ന് വേദിയായിക്കൊണ്ടിരിക്കുന്നു. ഒരു പ്രമുഖ ചാനലിലെ സീസണുകള്‍ പിന്നിട്ട്‌ കുതിച്ചു പായുന്ന പാട്ടു റിയാലിറ്റി ഷോ ചാനല്‍ റേറ്റിംഗില്‍ എന്നും മുന്നിലായിരുന്നു. അതിനേ തകര്‍ക്കാന്‍ ദൈവീകചാനലുകളും പാര്‍ട്ടികളുടേതാണേന്നും അല്ലെന്നും സമയോചിതമഅയി മുണ്ടു പൊക്കിയും അഴിച്ചും കാണിക്കുന്ന (രണ്ടായാലും സംഗതി കണ്ടാല്‍ മതി) ചാനലുകളും മത്സരിച്ചു കിതയ്ക്കുന്നുണ്ടായിരുന്നു. ഒന്നും നടന്നില്ലെങ്കിലും..!

മലയാളി കോമഡി സംസ്കാരത്തിന് 'പുതിയമുഖം' പകര്‍ന്ന മിമിക്രി യെന്ന അനുകരണ കലയും അങ്ങേയറ്റം അപഹാസ്യകരമായ രീതിയില്‍ തന്നെ ഇന്ന് 'റിയാലിറ്റി ഷോ വല്‍ക്കരിക്ക'പ്പെട്ടിരിക്കുന്നു. ഒരാളുടെ ചിത്രം അയാള്‍ കാണപ്പെടുന്ന അതേ രൂപത്തില്‍ വരയ്ക്കുന്നതാണ് 'ചിത്രംവര' യെങ്കില്‍ അതേ രൂപത്തെ ഹാത്സ്യവല്‍ക്കരിച്ച് വരയ്ക്കുന്നതാണ് അയാളുടെ കാര്‍ട്ടൂണ്‍ചിത്രം. വ്യക്തികളുടെ പ്രത്യേകതകളുള്ള ശരീരാവയവ ഭാഗങ്ങളെ സസ്സൂക്ഷ്മം നിരീക്ഷിച്ച് അല്പം പൊലിപ്പിച്ച് വരച്ചു കാട്ടുകയും അതോടൊപ്പം അയാളുടെ ച്ഛായ നിലനിര്‍ത്തുകയുമാണതില്‍ ചെയ്യുന്നത്. മിമിക്രിയും അതു തന്നെയാണു ചെയ്യുന്നത്. ഇമിറ്റേഷന്‍ എന്ന വാക്കും മിമിക്രി എന്ന വാക്കും തമ്മിലുള്ള വ്യത്യാസവും ഇതു തന്നെ. ഇതൊക്കെ ഇവിടെ പറയുന്നതെന്തെന്നാല്‍ ഇത്തരം വേലത്തരങ്ങളൊക്കെ കാണിച്ച് അല്പം മുന്‍പു തന്നെ സിനിമയിലെത്തിയ(അതാണെല്ലോ ഇപ്പോഴത്തെ ട്രെന്റ്) ഒന്നു രണ്ട് അണ്ണന്‍ മാര്‍ ഇതേ പോലെ ഒരു റിയാലിറ്റി ഷോയില്‍ ജഡ്ജിമാരായിരുന്ന് ഒരു പാവം മിമിക്രി പയ്യനെയോ രു പഴയ നടന്റെ ഹാസ്യാനുകരണം നടത്തിയതിന്റെ പേരില്‍ തലങ്ങും വിലങ്ങും വാക്ധോരണികള്‍ കൊണ്ട് പൊതിരെ തല്ലുന്നതു കണ്ടതു കൊണ്ടാണ്.

'യെവനൊക്കെയാരെടാ....??'ഇവന്റെയൊക്കെ പൊട്ടത്തരങ്ങള്‍ മനുഷ്യര്‍ കൊറേ സഹിച്ചതാ... ഒരാള്‍ ഇപ്പോ വല്യ വില്ലനാണ്. ഞാന്‍ ആരാധിക്കുന്ന ഒരു നടനുനാണ്. 'ഗപ്പൊ'ന്നും കിട്ടിയിട്ടില്ലെങ്കിലും.പ്രിയ സുഹ്രിത്തേ..ജയനേയും സത്യനേയും നസീറിനേയും മമ്മൂട്ടിയേയും ലാലിനേയും അങ്ങനെ ഏതൊരു നടനേയും ഹസ്യാത്മകമായി അനുകരിക്കുന്നതും അവതരിപ്പിക്കുന്നതും മിമിക്രി തന്നെയാണ്.അതാണു മിമിക്രി. അതാളുകള്‍ ആസ്വദിക്കുകയും ചെയ്യുന്നുണ്ട്. അതിന്റെ പേരില്‍ ആ വലിയ നടന്മാരെ പരിഹസിക്കുന്നുവെന്നു പറയുന്നത്‌ പമ്പരവിഡ്ഢിത്തമാണ്.ഇതൊക്കെ കാണുന്നതു കൊണ്ട് ആ നടന്മാരോട് ആരാധകര്‍ക്ക് വെറുപ്പുണ്ടാകുമോ...ഇനി അങ്ങനെയാണു കരുതുന്നതെങ്കില്‍ അതു തികച്ചും ബാലിശമായ ചിന്തയാണെന്നു പറയാതെ വയ്യ തന്നെ.!!ഒന്നോ രണ്ടോ മണ്ടന്മാര്‍(ബുദ്ധിയില്ലാത്ത ബുദ്ധിജീവികള്‍)പറയുന്നതു കേട്ടിട്ട് നിങ്ങളുമിങ്ങനെ തുടങ്ങിയാല്‍...വന്ന വഴിമറക്കാമോ..?ഒന്നാലോചിച്ചു നോക്ക്...

വാര്‍ത്തകളും വാര്‍ത്താധിഷ്ഠിത പരിപാടികളും പരമ്പരകളും റിയാലിറ്റി ഷോകളുമൊക്കെ ത്തന്നെയാണ് ഒരു ചാനലിന്റെ ഹോട്ടലില്‍ ആഹാരം കഴിക്കാനെത്തുന്നവര്‍ക്കു വേണ്ടത്..പക്ഷേ..അതില്‍ നിങ്ങള്‍ മായം കലര്‍ത്തിയും വിഷം കലര്‍ത്തിയുമാണു നല്‍കുന്നതെങ്കില്‍..!!!!എത്ര നാള്‍ ആളുകള്‍ അവിടെ നിന്നു കഴിക്കും? ഇപ്പോള്‍ തന്നെ പലരും നിര്‍ത്തിക്കഴിഞ്ഞു നിങ്ങളുടെയീ ചായയും പരിപ്പു വടയും ഊണുമെല്ലാം. നിലവാരമില്ലാത്ത പരിപാടികളുടെ സംപ്രേഷണം ദുസ്സഹമാണ്. നാള്‍ക്കു നാള്‍ നിലവാരം കുറഞ്ഞു വരുന്ന പരിപാടികളുടെ സംപ്രേഷണം നിര്‍ത്തുകതന്നെ വേണം. പിന്നെയീ റിയാലിറ്റി ഷോകളില്‍ അഹംകാരം കൊണ്ട് തുലാഭാരം നടത്തുന്ന ജഡ്ജിയേമ്മാന്മാരെ വച്ചു പൊറുപ്പിക്കുകയുമരുത്..

ഈയിടെ ഒരു ചാനലില്‍ ഇതേ പോലെയൊരാള്‍ 'അമ്പട ഞാനേ..!!'എന്നു പറയുകയാണ്..'ലങ്ങേരടെ മറ്റേ പാട്ട് എല്ലാ ഗാനമേളകളിലും എല്ലാരും പാടും..ഞമ്മടെയീ പാട്ടെന്താ പാടാത്തേ...പറ..' കേട്ടോണം..ഇതൊക്കെ ഞമ്മക്കല്ലാതെ ബേറെയാര്‍ക്കും പറ്റില്ലാന്ന് ആശാന്‍ പറഞ്ഞു വെക്കുകയാണ്.പ്രിയ സുഹ്രിത്തേ..ലങ്ങേരടെ മറ്റേ പാട്ടൊണ്ടല്ലോ..അത് അത്രയ്ക്ക് ശ്രവണ സുഖമാര്‍ന്നതാണ്.നിങ്ങടെ മറ്റേതിനേക്കാള്‍ ഇച്ചിരി സംഗതി കുറവാണേലും..പക്ഷേ ഇതത്ര സുഖമല്ല..ഗാനമേളകളില്‍ ഇതാര്‍ക്കും കേല്കണ്ടായെങ്കില്‍ പാടുന്നതെന്തിനാണു ഹേ...??!! ഈ സിമ്പിള്‍ ലോജിക് താങ്കള്‍ക്കറിഞ്ഞു കൂടെന്നോ..കഷ്ടം!!താങ്കള്‍ പാടിയ എത്രയോ മനോഹരമായ ഗാനങ്ങളുണ്ട് അതിന്റെ ഭംഗി കൂടി കളഞ്ഞില്ലേ താങ്കള്‍...

വീണ്ടും പറയുന്നു..ഒരാളെയും വ്യക്തി പരമായി അധിക്ഷേപിക്കാന്‍ വേണ്ടിയല്ല ഇതൊക്കെ പറയുന്നത്.'കൗമാരത്തില്‍ മുളച്ചു പൊങ്ങുന്ന കക്ഷത്തിലെ പൂഡ' പോലെ ചാനലുകള്‍ കിളിച്ചിറങ്ങുമ്പോള്‍..ആളെക്കൂട്ടാന്‍ തോന്ന്യാസപരിപാടികള്‍ നിര്‍ലോഭം വാരിവിതറുമ്പോള്‍ പ്രിയചാനലുകളേ..ഒന്നോര്‍ക്കുക..ഞങ്ങളെ പിണക്കിയാല്‍ ഈ രോമങ്ങളോരോന്നും ഞങ്ങള്‍ പിഴുതെറിയും..അല്ലെങ്കില്‍ വടിച്ചു കളയും..
എന്ന് ഒരു പാവം പ്രേക്ഷകന്‍.

4 comments: