പോസ്റ്റിലെ ചിത്രങ്ങള്‍ക്ക് കടപ്പാട്:- ഗൂഗിള്‍

Tuesday, January 11, 2011

എന്തിനാ..വെറുതേ പിള്ളേരേ വഴി പെഴപ്പിക്കുന്നത്...???

ടീവിയില്‍ കുറച്ചു നാളായി ഒരു പരസ്യം കാണുന്നു. ഒരു സിനിമാ പിന്നണിഗായികയാണ് പരസ്യത്തില്‍ അഭിനയിച്ചിരിയ്ക്കുന്നതും. അതിന്റെ ഉള്ളടക്കം ഇപ്രകാരമാണ്. പത്താം ക്ലാസ്സ് കഴിഞ്ഞ് എന്തിനാണ് വെറുതേ പ്ലസ്ടുവിനു പോകുന്നത്..ഞങ്ങള്‍ ഓഫര്‍ ചെയ്യുന്ന ഈ കോഴ്സ് എല്ലാവരും ചെയ്യൂ. ഇതു ചെയ്താല്‍ പിന്നെ ജീവിതം സേഫ് ആണ് എന്ന്. അവരുടെ കോഴ്സ് ചെയ്താല്‍ ജീവിതം സേഫാകുമോ ഇല്ലയോ എന്നുള്ളത് രണ്ടാമത്തെ കാര്യം. എന്നാല്‍ പത്താം ക്ലാസ്സ് പഠനത്തിനു ശേഷം എന്തിനാ വെറുതേ പ്ലസ്ടു പഠിക്കാന്‍ പോയി ജീവിതം വേസ്റ്റാക്കുന്നത് എന്ന ചോദ്യത്തിലൂടെ പ്രീഡിഗ്രി അല്ലെങ്കില്‍ പ്ലസ്ടു പഠനം മുതല്‍ മുകളിലോട്ടുള്ള പഠനം ഒരു അനാവശ്യമാണ് എന്നൊരു തെറ്റായ സന്ദേശമല്ലേ അവര്‍ നല്‍കുന്നത്. ഇങ്ങനെ എന്തു തോന്ന്യാസവും പരസ്യങ്ങളിലൂടെ വിളിച്ചു കൂവാമെന്ന് നമ്മുടെ നിയമപുസ്തകത്തില്‍ അനുശാസിയ്ക്കുന്നുണ്ടോ..?
ഈ ഒരു വിഷയം മാത്രമല്ല..നമ്മുടെ നാട്ടുമ്പുറങ്ങളില്‍ പൊതുവേ ഒരു സംസാരമുണ്ട് പ്രീഡിഗ്രി കഴിഞ്ഞവനോട് എന്തിനാ ചുമ്മാ ഡിഗ്രിക്കു പോകുന്നെ..എത്രയോ ആളുകളാണ് ഡിഗ്രിയും മറ്റുമെടുത്ത് ഇവിടെ തേരാപാരാ നടക്കുന്നത്..ആ സമയത്ത് ടെക്നിക്കലായിട്ട് എന്തെങ്കിലും പഠിച്ചാല്‍ ഉടന്‍ ജോലി കിട്ടും..ഗള്‍ഫില്‍ പോകാം... എന്നിങ്ങനെയുള്ള ഒരു അടിസ്ഥാനവുമില്ലാത്ത തിരുമണ്ടന്‍ ആശയങ്ങള്‍..ഇത്തരം ഉപദേശങ്ങള്‍ ലഭിയ്ക്കുന്ന കുട്ടികളുടെ മനസ്സില്‍ മാത്രമല്ല ഒരു പക്ഷേ ഇതേ പോലെ തന്നെ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം അറിയാത്തവരാണ് അവരുടെ മാതാപിതാക്കന്മാരെങ്കില്‍ അവരേയും ആശയക്കുഴപ്പത്തിലാക്കുന്നു.ഫലമോ...നന്നായി പഠിക്കാന്‍ കഴിവുണ്ടായിരുന്ന ഒരു കുട്ടിയെ ഐ ടി ഐ ലോ..അല്ലെങ്കില്‍ ഇതേ പോലുള്ള ഹോട്ടല്‍ മാനേജ്മെന്റ് കോഴ്സിലേക്കോ തള്ളി വിടുന്നു...ഇടത്തരം അല്ലെങ്കില്‍ പാവപ്പെട്ട വീട്ടിലെ കുട്ടികളുടെ കാര്യമാണ് ഞാന്‍ പറയുന്നത്. ഇതിന്റെ ദോഷങ്ങള്‍ പലതാണ്..

രസകരമായ വസ്തുത ഈ ഉന്നത വിദ്യാഭ്യാസത്തിന്റെ ദൂഷ്യങ്ങളെ പറ്റി വമ്പന്‍ ഉപദേശങ്ങള്‍ നല്‍കുന്ന അണ്ണന്മാര്‍ അല്ലെങ്കില്‍ അണ്ണിമാര്‍ പള്ളിക്കൂടത്തിന്റെ പടിപോലും കണ്ടിട്ടുള്ളവരായിരിയ്ക്കില്ലയെന്നുള്ളതാണ്. ടെക്നിക്കല്‍ കോഴ്സുകള്‍ മോശമാണെന്നല്ല. പക്ഷേയത് തെരഞ്ഞെടുക്കുമ്പോള്‍ പഠിക്കാന്‍ പോകുന്ന കുട്ടിയ്ക്ക് അതിനോട് എത്രമാത്രം താല്പര്യമുണ്ടെന്നു കൂടി നോക്കണം. ഗ്രാജ്വേഷനോ പീജിയോ ചെയ്ത ഒരാളും (ജയിച്ച) ഇങ്ങനെയുള്ള ഉപദേശങ്ങള്‍ നല്‍കുമെന്ന് എനിയ്ക്കു തോന്നുന്നില്ല.അഥവാ അങ്ങനെയുള്ളവരും ഇതു തന്നെ പറയുന്നെങ്കില്‍ അവര്‍ ഈ ഭൂമിയ്ക്ക് ഭാരം തന്നെയാണെന്നതില്‍ തെല്ലും സംശയമില്ല. ഡിഗ്രി പാസ്സായ ഒരാള്‍ അവന്‍ ഒരു ജോലിയും കിട്ടാതെ തെണ്ടി നടക്കുന്നെങ്കില്‍ അത് ഡിഗ്രിയുടെ കുറ്റമല്ല. 

പഠിച്ചത് ഇനി മലയാളം ഉള്‍പ്പടെ ഏതെങ്കിലും ആര്‍ട്സ് വിഷയങ്ങളാണെങ്കിലും മറിച്ച് കൊമേഴ്സ് സയന്‍സ് വിഷയങ്ങളാണെങ്കിലും അവന് പഠന പൂര്‍ത്തീകരണത്തിന്റെ അടുത്ത ഒരു വര്‍ഷത്തിനു ശേഷവും ജോലിയൊന്നും ലഭിച്ചില്ലെങ്കില്‍ അത് അവനവന്റെ കുറ്റം മാത്രമാണ് (സര്‍ക്കാര്‍ ജോലീം സ്വപ്നം കണ്ടിരിയ്ക്കുന്നവന്റെ കാര്യമല്ല) .എന്തു തൊഴിലില്ലായ്മയാണ് അവനെ ബാധിയ്ക്കുതെന്നാണ് എനിയ്ക്കറിയാത്തത്..നോര്‍ത്തിന്ത്യയില്‍ എവിടെ പോയാലും കുറഞ്ഞത് അയ്യായിരം ആറായിരം ഏഴായിരം തുടക്ക ശമ്പളത്തില്‍ അവന് ജോലി കിട്ടും. ഇനീ ആദ്യം തന്നെ ഇരുപതിനായിരം വേണെങ്കില്‍ സോറി ഞാനൊന്നും പറഞ്ഞിട്ടില്ല...എന്തിന് കേരളത്തില്‍ തന്നെ പ്രൈവറ്റ് സ്ഥാപനങ്ങള്‍ ഇപ്പോള്‍ നാലായിരം രൂപയൊക്കെ തുടക്ക ശമ്പളമായി കൊടുക്കുന്നുണ്ടെന്ന് കേള്‍ക്കുന്നു.കുറച്ച് ഒരു എക്സ്പീരിയന്‍സിനു ശേഷം മറ്റെവിടെയെങ്കിലും പോയാല്‍ നല്ല ശമ്പളത്തില്‍ ജോലി കിട്ടുകയും ചെയ്യും.പലരുടേയും അനുഭവങ്ങള്‍ സാക്ഷിയാണിതിനൊക്കെയും. ഈ അഭ്യസ്ത വിദ്യരായ തൊഴില്‍ രഹിതര്‍ക്ക് ആദ്യമുണ്ടാകേണ്ടത് അല്പസ്വല്പം കഷ്ടപ്പാടൊക്കെ സഹിക്കാന്‍ തയ്യാറായിട്ടുള്ള ഒരു മനസ്സാണ്. 

ട്യൂഷന്‍ എടുക്കുന്നത് ഒരു ജീവിത വരുമാനോപാധിയായി സ്വീകരിച്ച എത്രയോ ആള്‍ക്കാരുണ്ട്. ഇന്നത്തെ സാഹചര്യത്തില്‍ അതൊരു സ്ഥിരവരുമാനം തന്നെയാണ് കേരളത്തില്‍. ഒക്കേത്തിനും വേണ്ടത് പരിശ്രമം മാത്രമാണ്. എന്താണ് പഠിച്ചതെന്നും എന്തിനാണ് പഠിച്ചതെന്നും അറിയാതെ പഠിച്ച ഡിഗ്രിയേയും പഠിപ്പിച്ച വാധ്യാന്മാരേയും ജനിപ്പിച്ച തന്തയേം തള്ളയേയും കുറ്റം പറഞ്ഞ്‌ വെയിറ്റിങ് ഷെഡ്ഡില്‍ പോയി വായി നോക്കിയിരിയ്ക്കുന്ന ബിരുദ ധാരികള്‍ തന്നെയാണ് വിദ്യാഭ്യാസത്തിന്റെ വില കളയുന്നതും. 

അതും പോട്ടെ..ഈ പരസ്യത്തില്‍ പറയുന്നത് എന്തിനാ വെറുതേ പ്രീഡിഗ്രിയ്ക്കു പോകുന്നതെന്നാണ്..പണ്ട് പത്താം ക്ലാസ് അടിസ്ഥാന വിദ്യാഭ്യാസമായി കണ്ടിരുന്നയിടത്ത് ഇന്ന് കുറഞ്ഞ വിദ്യാഭ്യാസം പ്രീഡിഗ്രി(പ്ലസ്ടു) യാണെന്നത് നമുക്കെല്ലാം അറിവുള്ള കാര്യവുമാണ്. ഈ സാഹചര്യത്തില്‍ എത്രത്തോളം വലിയ ഒരു വിഡ്ഢിത്തമാണ് വലിയൊരു മെസ്സേജ് നല്‍കും പോലെ ആ പരസ്യം പടച്ചു വിടുന്നത്.


പരസ്യങ്ങള്‍  എന്തു തന്നെയാണെങ്കിലും അതു നിത്യജീവിതത്തില്‍ പാവപ്പെട്ടവനെന്നോ പണക്കാരനെന്നോ ഇല്ലാതെ വളരെയേറെ സ്വാധീനം ചെലുത്തുന്നുണ്ടെന്നുള്ളത് പരമാര്‍ത്ഥമാണ് പരാമര്‍ശവിഷയമായ പരസ്യം ഒരുതരത്തിലും സാമ്പത്തികമായും വിദ്യാഭ്യാസപരമായും മുന്നില്‍ നില്‍ക്കുന്ന കുടുമ്പങ്ങളെ ഉദ്ദേശിച്ചല്ലെന്നുറപ്പാണ്. പിന്നെ ഈ പരസ്യങ്ങള്‍ കണ്ടും കേട്ടും അതു പോലെ എല്ലാരും ചെയ്യുമോന്നൊക്കെ ചോദിച്ചാല്‍..പരസ്യങ്ങള്‍ കണ്ടു തന്നെയല്ലേ ഈ നിത്യോപയോഗ സാധനങ്ങള്‍ പോലും എല്ലാവരും വാങ്ങുന്നത്..അപ്പോള്‍ ആ ബോധം(അബോധം?) തന്നെയാണിവര്‍ ലക്ഷ്യമിടുന്നതും..എന്തു കുന്ത്രാണ്ടമായാലും ഇത്തരം പരസ്യങ്ങള്‍ തെറ്റായ ദിശാബോധം വളര്‍ത്തുക തന്നെ ചെയ്യും..


പത്താം ക്ലാസ് പഠനത്തിനു ശേഷം എന്തു പഠിക്കണമെന്നും എന്തു ജോലി തെരഞ്ഞെടുക്കണമെന്നും സ്വയം തീരുമാനമെടുക്കാന്‍ പ്രാപ്തിയിലെത്തുന്ന എത്ര കുട്ടികളുണ്ടാകും? ഒരാളെങ്കിലും കാണുമോ..ഉണ്ടെങ്കില്‍ പോലും അവരുടെ പരിമിതമായ അറിവു കണക്കിലെടുത്ത് അവര്‍ ഇഷ്ടമുള്ള മേഖലയിലേക്കു പോകട്ടെയെന്നു ചിന്തിച്ച്..ഇനി നീ തീരുമാനിയ്ക്കൂ പ്ലസ്ടു വിനു പോകണോ അതോ വേറെന്തെങ്കിലും കോഴ്സ് ചെയ്യണോ..എന്നു ചോദിയ്ക്കുന്ന എത്ര അച്ഛനമ്മമാരുണ്ട്? അങ്ങനെ ചോദിച്ചാല്‍ കിട്ടുന്ന ഉത്തരമാണ് യഥാര്‍ത്ഥത്തില്‍ അവരുടെ ഭാവിയെന്ന് വിശ്വസിയ്ക്കുന്ന മണ്ടന്മാരും മണ്ടികളുമാണോ മാതാപിതാക്കള്‍ (അങ്ങനെ ചിന്തിക്കുന്നവരുണ്ടെങ്കില്‍ അതു തന്നെയാണ് പമ്പര വിഡ്ഢിത്തവും)..അപ്പോള്‍ രക്ഷിതാക്കള്‍ തന്നെയാണ് ആ സാഹചര്യത്തില്‍ ഒരു തീരുമാനമെടുക്കുന്നത്..അങ്ങനെയുള്ളപ്പോഴാണ് ഇത്തരം പരസ്യങ്ങളുടെ പ്രവര്‍ത്തനം.

കുറഞ്ഞ പക്ഷം പ്രീഡിഗ്രിയെങ്കിലും പഠിച്ചു കഴിഞ്ഞ ഒരു കുട്ടിയ്ക്ക് തന്റെ അഭിരുചി ഏതു മേഖലയിലാണ് എന്ന് തിരിച്ചറിയാനുള്ള പാകത ഉണ്ടാകുമെന്നാണ് തോന്നുന്നത്(എല്ലാവരുടേയും കാര്യമല്ല).അപ്പോഴേക്കും ഒരു പതിനേഴ് വയസ്സ് പ്രായവുമുണ്ടാകും.തീര്‍ച്ചയായും പഠിക്കാന്‍ ശേഷിയുള്ള കുട്ടികളാണെങ്കില്‍ പ്ലസ്ടു വരെയെങ്കിലും സ്കൂള്‍ വിദ്യാഭ്യാസം നേടിയിരിക്കണം എന്നാണ് എനിയ്ക്കു തോന്നുന്നത്. പഠിക്കാനുള്ള ശേഷിയെന്നത് കൂര്‍മ്മബുദ്ധിയും അന്‍പത് കൊല്ലം മുന്‍പ് നടന്ന കാര്യങ്ങള്‍ മുതല്‍ ഇപ്പോള്‍ നടന്നത് വരെ ഓര്‍ത്തു വെക്കാനുള്ള സ്മരണ ശേഷിയുമല്ലെങ്കില്‍ എല്ലാ കുട്ടികള്‍ക്കും ആ ശേഷിയുണ്ടെന്നു ഞാന്‍ വിശ്വസിയ്ക്കുകയും ചെയ്യുന്നു.

ഓഫ്:എന്തിനാ...വെറുതേ അപ്പനുമമ്മേം എന്റെ കാര്യമോര്‍ത്ത് വേവലാതിപ്പെടുന്നത്..എന്റെ കാര്യം നോക്കാന്‍ എനിയ്ക്കറിയാം...എന്നു പറയുന്ന പിള്ളേരുടെ റോക്കിംഗ് ടൈമാണ്.

6 comments:

 1. അവനവന്റെ അഭിരുചിക്ക് അനുസരിച്ച് പഠിക്കണം അത് ന്യായം ....പിന്നെ തൊഴിലുറപ്പ് ....അതൊക്കെ ഓരോ യോഗമല്ലേ
  സ്വന്തം ജോലി സ്വയം കണ്ടെത്തുക എന്നതാണ് ലൈന്‍ എന്ന് എനിക്ക് തോന്നുന്നു
  ഉദാ...സന്തോഷ്‌ ജോര്‍ജ് കുളങ്ങര

  ReplyDelete
 2. ശരി തന്നെയാണ് ചേച്ചീ..ഞാന്‍ ഈ പരസ്യവാചകത്തിന്റെ പൊള്ളത്തരത്തെയാണ് പരാമര്‍ശിച്ചത്...

  ReplyDelete
 3. kalathinotha rachana.....ellaril ethikoo ee lekhanam

  ReplyDelete
 4. അജീഷ് പരസ്യങ്ങളെ അതിജീവിക്കാൻ ശീലിക്കുന്നതാണ് അതിജീവനം..!

  ReplyDelete
 5. നന്നായി പറഞ്ഞിരിക്കുന്നു അജീഷ്.
  ഓട്ടോ: അജീഷിനു ബ്ലോഗ്‌ ഉണ്ടല്ലേ, ഞാന്‍ അദ്യമായ ഇവിടെ :)

  ReplyDelete
 6. നന്നായി.... പക്ഷെ പ്രീ - ഡിഗ്രി അല്ല,, ഡിഗ്രി കഴിയുമ്പോഴത്തേക്കും മാത്രമെ സ്വന്തം അഭിരുചി എന്താണെന്ന് സത്യത്തില്‍ തിരിച്ചറിയാന്‍ ബഹു ഭൂരിപക്ഷത്തിനും കഴിയുന്നുള്ളു... അപ്പോഴത്തേക്കും സമയവും വളരെ വൈകിയിരിക്കും...

  ReplyDelete