പോസ്റ്റിലെ ചിത്രങ്ങള്‍ക്ക് കടപ്പാട്:- ഗൂഗിള്‍

Wednesday, November 17, 2010

എന്റെ മാത്രം നിമ്മിയ്ക്ക്..



എന്റെ മാത്രം നിമ്മിയ്ക്ക്..

തികച്ചും അപ്രതീക്ഷിതമായാവും നിനക്കെന്റെയീ കത്തു കിട്ടുന്നത്..നീയൊരിയ്ക്കലും കരുതിക്കാണില്ല, പെയ്തു തോര്‍ന്ന ഒരു പേമാരിയായ് നിന്നില്‍ നിന്നുമകന്ന ഞാന്‍ നിനക്കായ് ഇങ്ങനെയൊരു കത്തയയ്ക്കുമെന്ന്..അങ്ങനെയായിരുന്നെല്ലോ നമ്മുടെ വേര്‍പിരിയലും..
സത്യത്തില്‍, കരഞ്ഞാല്‍..പൊട്ടിക്കരഞ്ഞാല്‍ തീരാത്ത ആ വിരഹ ദു:ഖത്തില്‍ നിന്നും മുക്തി നേടുന്നതില്‍ ഞാന്‍ പരാജയപ്പെടുകയായിരുന്നു. ഒടുവില്‍ ആ ഓര്‍മ്മകള്‍..ഞാന്‍ സ്വയം കറുത്ത ചായം തേയ്ക്കാന്‍ ശ്രമിച്ച നിന്റെയോര്‍മ്മകള്‍ നിഴല്‍ പോലെയെന്നെ പിന്തുടരുന്നുവെന്നറിഞ്ഞപ്പോള്‍ ഞാന്‍ സ്വയം അവയെ എന്നരികിലേക്കു മാടി വിളിക്കുകയായിരുന്നു..മന:പൂര്‍വ്വമായ്..

വീണ്ടുമൊരിക്കല്‍ കൂടി നിന്നെ.,നിന്റെയോര്‍മ്മകളെ..എന്നിലേക്കാവാഹിച്ചതെന്തെന്നോ..? ഒരു പക്ഷേ നീയതറിയുമ്പോള്‍ പൊട്ടിച്ചിരിച്ചെന്നിരിക്കും. അല്ലെങ്കിലും എന്റെ ഫീലിംഗ്സുകള്‍ നിനക്കെന്നും ചിരിക്കാനേറെ വക നല്‍കിയിരുന്നെല്ലോ..? അതെ..! തിമര്‍ത്തു പെയ്യുന്ന ഈ ഇടവപ്പാതി തന്നെയായിരുന്നു എന്നെയാ ഓര്‍മ്മകളിലേക്ക് പതിയെ തള്ളിയിട്ടത്..മഴയുടെയോരോ തുള്ളികള്‍ മണ്ണില്‍ വീണലിയുമ്പോഴും ഓര്‍മ്മയുടെയോരോ തുള്ളികള്‍ എന്റെ മനസ്സില്‍ വീണു പടരുകയായിരുന്നു...നിനക്കോര്‍മ്മയില്ലേ ആദ്യമായ് നാമൊരുമിച്ചൊരു മഴ നനഞ്ഞത്..? കുസൃതി കൊണ്ട് നമ്മെ ഉള്‍പ്പുളകമണിയിച്ച ആ മഴയുടെ വശ്യത അത്ര പെട്ടെന്നൊന്നും മനസ്സില്‍ നിന്നും മാഞ്ഞു പോകില്ലെല്ലോ...??

മഴക്കാല ദിനങ്ങളിലെന്നോ ഒരു സായാഹ്നത്തിന്റെ നിശബ്ദ വേളയിലെപ്പൊഴോ..നാമാ പുഴയോരത്ത് പ്രണയത്തിന്റെ കുളിരില്‍ ലീനരാകവേ..കാര്‍മേഘങ്ങളുരുണ്ടുകൂടിയ വിഹായസ്സില്‍ പ്രണയത്തിന്റെ ആയിരമായിരം മഴവില്ലു തീര്‍ക്കവേ..ആ നനുത്ത മഴ ചീറിയടിച്ചതോര്‍ക്കുന്നില്ലേ നീ..? ആ മഴയെത്തടുക്കുവാന്‍ നിന്റെയാ ഇളം നീല ചുരിദാര്‍ ഷാള്‍ നമുക്കു മീതേ വിടര്‍ത്തിപ്പിടിച്ചപ്പോള്‍..ആ മഴയ്ക്കതൊരു തമാശയായ് ത്തോന്നിയിരിക്കാം..മഴത്തുള്ളികള്‍ ആ ഷാളില്‍ക്കൂടി ഊര്‍ന്നിറങ്ങി നമ്മുടെ മേലാസകലം നനച്ചപ്പോള്‍.."നശിച്ച മഴ!" യെന്നു പറയാന്‍ പോലും നാം മറന്നിരുന്നോ..??ആ മഴത്തുള്ളികളിന്നും ഹൃദയത്തിലൊരു പാടോര്‍മ്മത്തുള്ളികളായ് ശേഷിക്കുന്നുണ്ടോ..??!!

ഞാന്‍ നിനക്കിതെഴുതുമ്പോഴും വെളിയില്‍ മഴ ഉന്മാദ നൃത്തം ചവിട്ടുകയാണ്..അതിന്റെ ചിരിയൊച്ചയെനിക്കു കേള്‍ക്കാം..വര്‍ണ്ണ വിസ്മയം തീര്‍ക്കുന്ന മിന്നല്‍പ്പിണരുകള്‍ ജനാലയില്‍ ക്കൂടിയെന്നെ ഒളിഞ്ഞു നോക്കുന്നുണ്ട്. ഞാന്‍ മുഖമുയര്‍ത്തുമ്പോഴേക്കും അവ മറഞ്ഞിരിക്കും. പക്ഷെയവയുടെ കാലൊച്ചയുടെ മുഴക്കമെന്റെ കാതുകളില്‍ പതിയുന്നുണ്ട്. അതെന്റെ കര്‍ണ്ണപടങ്ങളില്‍ത്തട്ടി പ്രതിധ്വനിക്കുമ്പോള്‍..അന്നു നാം നനഞ്ഞു കുളിച്ചോടിക്കയറിയ ഇടിഞ്ഞു പൊളിഞ്ഞയാ കെട്ടിടത്തിന്റെയുള്ളില്‍ ഞാന്‍ വീണ്ടുമെത്തിയ പോലെ..ഏകനായ്..

വിടര്‍ന്നു വാടിയടരുന്ന ദിനരാത്രങ്ങള്‍ എനിക്കൊരു ശാപമായ് ത്തോന്നത്തതിനും കാരണം ഈ മഴ തന്നെയല്ലേ..?ഈ മഹാനഗരത്തില്‍ ഏകനായ് കഴിയുന്നയെന്നെ നീയെപ്പോഴെങ്കിലും ഓര്‍ത്തിരുന്നോ..? നേര്‍ത്ത മഴത്തുള്ളികള്‍ മങ്ങല്‍ വീഴ്ത്തിയ ആ കണ്ണാടിച്ചില്ല് വെറുതേ കൈ കൊണ്ടെങ്കിലും തുടച്ച് നിനക്കു പുറത്തേക്കൊന്നു നോക്കിക്കൂടേ..??

നിന്റെ മിഴിനീര്‍ പേമാരിയായ് പെയ്തിറങ്ങിയ ആ ദിവസം, മഴ മേഘങ്ങള്‍ ഇരുളിന്റെ കരിമ്പടം ഭൂമിക്കു മേല്‍ വാരിപ്പുതപ്പിച്ചയാ സന്ധ്യയ്ക്ക്..തെരുവു വിളക്കിന്റെ മങ്ങിയ വെളിച്ചത്തില്‍ അങ്ങിങ്ങായ് പൊഴിഞ്ഞു വീഴുന്ന ചാറ്റല്‍ മഴയിലൂടെ..വിറങ്ങലിച്ച നിശീഥിനിയുടെയാഴങ്ങളിലേക്ക് നീയകന്നകന്നു പോയപ്പോള്‍..മോഹിച്ചു വീണയെന്റെ മന:സ്സിനെ യെന്തേ നീയൊന്നു തിരിഞ്ഞു നോക്കിയില്ല..

നിന്റെ വാശിയ്ക്കു മുന്‍പില്‍ ഞാനെന്നും തോറ്റു തന്നിട്ടല്ലേയുള്ളൂ..പിന്നെയുമെന്തേ നീയെന്നെയറിയാന്‍ ശ്രമിച്ചില്ല..?? എന്റെ പിന്‍വിളി കേള്‍ക്കുവാന്‍ കൂടി  കൂട്ടാക്കാതെ നീയെന്തേ നിന്റെ കാതുകള്‍ മൂടി.. 
മഴയുടെയീ നിലയ്ക്കാത്ത നാദത്തില്‍ നിന്റെ പിണക്കവുമെപ്പൊഴേ അലിഞ്ഞു തീര്‍ന്നിട്ടുണ്ടാവുമെന്നു കരുതിക്കോട്ടേ ഞാന്‍..?? 

വര്‍ഷത്തിന്റെ മാന്ത്രിക സ്പര്‍ശമേല്‍ക്കുമ്പോഴെല്ലാം ഞാന്‍ നിന്റെ സാമീപ്യം അറിയാതെ കൊതിച്ചു പോവുകയാണ്..നീ മറുപടി അയയ്ക്കില്ലേ..എനിക്കറിയാം അയയ്ക്കാതിരിക്കുവാന്‍ നിനക്കു കഴിയില്ലെന്ന്... നീയെന്നെയറിഞ്ഞിട്ടുണ്ടെങ്കില്‍.

കാത്തിരിപ്പോടെ അച്ചു.