പോസ്റ്റിലെ ചിത്രങ്ങള്‍ക്ക് കടപ്പാട്:- ഗൂഗിള്‍

Sunday, November 7, 2010

പ്രണയശയ്യയില്‍...


മനസ്സിന്നു തുളുമ്പുന്ന മണിച്ചെപ്പായ് മാറിയ-
നേരിന്റെ കുളിര്‍മ്മ ഞാനറിയുന്നു പുളകമായ്..
അലിയുന്നു ഞാനീ മധുരമാം പ്രണയത്തില്‍-
നീയെന്ന മധു നുകര്‍ന്നു മാത്രം...!

പിടയുന്ന നിന്മിഴി ചുംബിച്ചടയ്ക്കുവാന്‍..,
പിന്നെ പിണങ്ങുന്ന നിന്നധരത്തി-
ലമരുവാനെപ്പൊഴേ വെമ്പുന്നുവെന്‍-
ചുണ്ടുകള്‍..ദാഹാര്‍ത്തമായ്..

കൊഴിഞ്ഞയാമങ്ങളോരോന്നുമുള്ളിന്റെ-
യാഴങ്ങളില്‍ത്തീര്‍ത്ത മലര്‍ശ്ശയ്യയിലിന്നെത്ര-
പൂവുകള്‍ താനേ വിടരുന്നുവെന്നോ...
അറിയുവാന്‍ കഴിയുന്നുവോ നിനക്കാ-
പ്രണയ മലരിന്‍ വശ്യമാം ഗന്ധ-
മിന്നതില്‍ ലീനനായ് മയങ്ങുകയാണു ഞാന്‍..

എന്തേ പ്രണയിനീ ഇത്ര മേല്‍ നിന്നെ-
ഞാന്‍ പ്രണയിച്ചു പോയ്..
എന്തേ മാനസ്സേ ഇത്രയുമെന്നില്‍-
നീ നിറഞ്ഞു നില്‍ക്കുന്നു..
നിമിഷങ്ങളോരോന്നും വിടരുന്നതു പോലു-
മിന്നു നിന്‍ സ്മേരസാന്നിധ്യവുമായ്-
മാത്രം സത്യമായ്..!!

എന്നാണു നീയെന്റെ സിരകളില്‍ നിറയുന്ന-
രക്തമായ് മാറുന്നത്...?
എന്നാണു നിന്നെ നീയെനിക്കേകുന്നതെന്‍-
നെഞ്ചില്‍ തല ചായ്ച്ചുറക്കുവാനായ്...?
കഴിയുമോയീ നിമിഷാന്ത്യവേളയില്‍-
നിനക്കെന്നിലേക്കോടിയണയുവാന്‍..

അറിയുന്നുവോയീസ്നേഹ ഭ്രാന്തിന്റെയാഴം..
നിനക്കായ് മിടിക്കുമീ ഹ്രിദയ താളം-
സത്യമായും നീ കേള്‍ക്കുന്നുവോ..?
പ്രണയത്തിലന്ധനായ് പാടുമീ ഭ്രാന്തന്റെ-
നിഴലെങ്കിലും നീ കാണുന്നുവോ..
സത്യമായും നീയെന്നെ സ്നേഹിച്ചിടുന്നുവോ..?