പോസ്റ്റിലെ ചിത്രങ്ങള്‍ക്ക് കടപ്പാട്:- ഗൂഗിള്‍

Saturday, October 2, 2010

അയോദ്ധ്യാ വിധിയും അഭിപ്രായപ്രകടനങ്ങളും

അഭിപ്രായങ്ങള്‍ മൂടി വയ്ക്കാനുള്ളതല്ല പ്രകടിപ്പിക്കാനുള്ളതാണെന്ന ആശയം നിലനില്‍ക്കെ തന്നെ പറയട്ടെ..നമ്മുടെ ചിന്തകളും അഭിപ്രായങ്ങളും മറ്റുള്ളവര്‍ക്കു വേദനാജനകമാകുമെന്നറിഞ്ഞു കൊണ്ടു തന്നെ എന്തിനാണിങ്ങനെ ഉറക്കെ വിളിച്ചു കൂവുന്നത്. അല്ലെങ്കില്‍ ഇത്തരം നിന്ദ്യമായ അഭിപ്രായങ്ങള്‍ എങ്ങനെ മനസ്സില്‍ ഉടലെടുക്കുന്നു.??അതിരുകളില്ലാത്തയീ സൗഹൃദ ലോകത്തില്‍ ഒരു 'അയോദ്ധ്യാവിധിക്കു' ശേഷം ദൈവങ്ങളുടെ പേരില്‍ ഒന്നും രണ്ടും പറഞ്ഞ്‌ തമാശയുടെ വര്‍ണ്ണക്കടലാസില്‍ പൊതിഞ്ഞും അല്ലാതെയും പരസ്പരം മതവൈരം നിറഞ്ഞ കൂരമ്പുകള്‍ എയ്തു രസിക്കുന്നതു കണ്ടിട്ട് അങ്ങേയറ്റം വിഷമം തോന്നുന്നു.

എല്ലാ മത വിശ്വാസികള്‍ക്കും അവരവരുടെ ദൈവം 'ദൈവ തുല്യം' തന്നെയാണ്. മുസ്ലീങ്ങള്‍ക്ക് മുഹമ്മദ് നബിയും ക്രിസ്ത്യാനികള്‍ക്ക് യേശുദേവനുമെന്നതു പോലെ തന്നെയാണ് ഹിന്ദുക്കള്‍ക്ക് ശ്രീരാമനും സീതയും. തമാശയുടെ മധുരം കലര്‍ത്തി അവരെ അപഹസിക്കുമ്പോള്‍ അത് ഹൈന്ദവരെ എത്രത്തോളം വേദനിപ്പിക്കുമെന്ന് ഈ 'അഭ്യസ്ത വിദ്യരാ'യ വിശ്വാസികള്‍ ഒരു നിമിഷമെങ്കിലും ചിന്തിക്കണമെന്ന് ഞാനപേക്ഷിക്കുകയാണ്. തിരിച്ചും അങ്ങനെ തന്നെ.

ക്ഷേത്രങ്ങളിലെന്ന പോലെ തന്നെ ക്രിസ്ത്യന്‍, മുസ്ലീം പള്ളികളിലും പോയി പ്രാര്ത്‍ഥിക്കാറുള്ള ഒരു ഈശ്വരവിശ്വാസിയാണു ഞാന്‍. നെഞ്ചില്‍ കൈ വച്ചു പറയാം ഒരു ദൈവത്തേയും പരിഹസിക്കുന്നത് എനിക്കു സഹിക്കാനാവുകയില്ല..അത്രയേറെ വേദന തോന്നുന്നു ഇപ്പോള്‍...

നന്മയും ത്യാഗവും പരസ്പര സ്നേഹവുമാണ് യഥാര്‍ത്ഥ ഈശ്വരനെങ്കില്‍ ഈ ഭൂമിയില്‍ ജീവിച്ചിരുന്ന ഏറ്റവും വാഴ്ത്തപ്പെടേണ്ട ഒരു ഈശ്വരന്റ്റെ ജന്മദിനമാണിന്ന്(ഒക്ടോബര്‍ രണ്ട്) ..ക്രൂരവും നിന്ദ്യവുമായ വാക്കുകളും പ്രവര്‍ത്തികളും എന്നെന്നേക്കുമായി ഉപേക്ഷിച്ച് വരും തലമുറകള്‍ക്ക് സാഹോദര്യത്തിന്റ്റേയും നന്മയുടെയും പാഠങ്ങള്‍ പകര്‍ന്നു നല്‍കി മാതൃകയാകാം നമുക്ക്..അതു തന്നെയാകട്ടെ ഇന്നത്തെ നമ്മുടെ പ്രതിജ്ഞയും..ഇന്നത്തേക്കാള്‍ മഹത്തരമായ ഒരു ദിനം അതിനു വേറെയില്ല തന്നെ..!