പോസ്റ്റിലെ ചിത്രങ്ങള്‍ക്ക് കടപ്പാട്:- ഗൂഗിള്‍

Saturday, November 13, 2010

ശിശുദിനം


ഇതെനിക്കു മാത്രമായ് നിങ്ങള്‍-
കല്പിച്ചു തന്ന ഒറ്റ ദിനം..
ഇന്നു മാത്രമായ്..
എന്നെ തലോടരുത്..
പുറം നിറയെ ചോരയാണ്..
എന്നെ ചുംബിക്കരുത്..
കവിളുകള്‍ നിറയെ പഴുത്ത-
വൃണങ്ങളാണ്..

ഇന്നു മാത്രമായ്-
നിങ്ങളെന്നെ നോക്കരുത്..
നാളെയതിനു കഴിയില്ലെങ്കില്‍..
ഇന്നലെയതിനു കഴിഞ്ഞിരുന്നില്ലെല്ലോ..?
ആ ഇരുമ്പു ദണ്ഡുകള്‍-
കൊണ്ടു പോകരുത്..
അതെന്റെ വിരലുകളാണ്..
എന്റെ ജീവിതം തല്ലിപ്പരത്താന്‍-
ആരോ തന്ന പണിയായുധങ്ങള്‍..

ദൈന്യതയോടെയെന്നെ നോക്കല്ലേ-
എന്റെ നോട്ടമൊരു പക്ഷേ-
നിങ്ങളെ ദഹിപ്പിച്ചേക്കാം..
വീണ്ടും നിങ്ങള്‍ പുച്ഛത്തിന്റെ-
കഫക്കണങ്ങള്‍ എന്റെ മുഖ-
ത്തേക്കാഞ്ഞു തുപ്പുമ്പോള്‍..
ഇതു മാത്രമോര്‍ക്കാന്‍..
പണ്ടെന്റെയീ പൊക്കിളും-
ബന്ധിച്ചിരുന്നു നിങ്ങളെപോലെയേതോ-
ഗര്‍ഭപാത്രത്തിന്റെയുള്‍ത്തടങ്ങളില്‍..