പോസ്റ്റിലെ ചിത്രങ്ങള്‍ക്ക് കടപ്പാട്:- ഗൂഗിള്‍

Tuesday, September 28, 2010

ഞങ്ങളുടെ ഇലഞ്ഞി

ഇനി ആ മഹാമേരുവിനെ പറ്റി പറയാം.

നൂറ്റാണ്ടുകള്‍ പഴക്കം ചെന്ന തടിച്ചി  ഇലഞ്ഞി ഒരു കാരണവത്തിയേ പോലെ ഞങ്ങളുടെ താഴേമുറ്റത്ത് അങ്ങനെ തല ഉയര്‍ത്തി നില്‍ക്കുന്നു.എത്രയോ തലമുറകളുടെ ജീവനിമിഷങ്ങള്‍ക്ക് മൂക സാക്ഷിയായ് അങ്ങനെ...!

അപ്പൂപ്പന്റ്റെ കാലത്തു ആരോ ആ വലിയ മരത്തില്‍ കോടാലി വച്ചപ്പോള്‍ അതു തിരികെ വന്ന് അയാളുടെ പ്രാണനെടുത്തെന്നും ആ വൃക്ഷച്ചുവട്ടില്‍ അയാളെ അടക്കം ചെയ്തുവെന്നും കുഞ്ഞിലേ തന്നെ കേട്ടറിഞ്ഞതാണ്.ഇന്നും മുടങ്ങാതെ അന്തിക്കു തിരി കൊളുത്തുന്ന ആ ഇലഞ്ഞിച്ചുവട്ടിലെ വിളക്കുരൂപത്തിലും പലരൂപങ്ങളിലുമുള്ള വലിയ കല്ലുകള്‍ കൂടിക്കിടക്കുന്ന ഗുരുശ്ശാലയില്‍..മാടനും മറുതയും യോഗീശ്വരനും പിന്നെ ശിവനും ദേവിയുമെല്ലാം ശാന്തരായി വസിക്കുന്നു.
വേനലില്‍ ഉരുകിയ പകലുകള്‍ പോലും താഴേമുറ്റത്തെ വിശാല വൃക്ഷത്തണലില്‍ വിശ്രമിക്കാനിരിക്കുന്നു.

വിരല്‍ത്തുമ്പാല്‍ ഹരിശ്രീ യെന്ന്‌ ആദ്യമായ് കുറിച്ചു തുടങ്ങിയതും ആ പൂഴിമണ്ണില്‍ തന്നെ!പിന്നെ സ്ലേറ്റും പുസ്തകങ്ങളും പകര്‍ന്നു തന്ന അറിവുകള്‍ക്കും ഞങ്ങളുടെ ഇലഞ്ഞി തണലായി നിന്നു. ഇന്നും അതേ ഗാംഭീര്യത്തോടെ ഒരു അമ്മയുടെ വാത്സല്യത്തണലോടെ തന്നെ അവിടെ നില്‍ക്കുന്നു.ഇനി ഞങ്ങളുടെ പിന്‍ തലമുറകള്‍ക്കു കുളിരേകാനായ്..

മാര്‍ച്ചു മുതല്‍ ജൂണ്‍ പകുതിയോളം ആ പരിസരം മുഴുവന്‍ സുഗന്ധ പൂരിതമാക്കികൊണ്ട് വിടരുന്ന ശ്വേതപുഷ്പങ്ങള്‍..ഞെട്ടറ്റ് ഒരു പമ്പരം പോലെയങ്ങനെ കറങ്ങി വീഴുന്ന പൂക്കളെ കൈക്കുള്ളിലാക്കുകയായിരുന്നു കുഞ്ഞുന്നാളിലെ ഞങ്ങളുടെ ഒരു പ്രധാന കളി.അയല്പക്കത്തുള്ള എല്ലാ കൂട്ടുകാരും കാണും.ആ വൃക്ഷ ഭീമന്റ്റെ ഏതു വശത്തു നിന്നാലും നമ്മുക്ക് ഇഷ്ടം പോലെ പൂ പിടിക്കാം..

പിന്നെ വേനലവധിക്കാലത്ത് നേരം പുലരുമ്പോള്‍ തുടങ്ങൂന്ന മാലകെട്ടല്‍...ഓരോ കുഞ്ഞിപൂവിന്റ്റേയും നടുസുഷിരങ്ങളില്‍ കൂടി കോര്‍ത്തെടുക്കുന്ന ഓലനാരുകള്‍ ചേര്‍ത്തു കെട്ടിയുണ്ടാക്കുന്ന മാലവള്ളികള്‍..അങ്ങനെ ഒന്നും രണ്ടും പേര്‍ സംഘം ചേര്‍ന്ന് ഒരോ മാലകള്‍ രൂപപ്പെടുത്തും മത്സരാന്ത്യം എട്ടോ പത്തോ അടിയോ അതല് കൂടുതലോ നീളമുള്ള മാലകള്‍ രൂപപ്പെടുന്നു...ആകെ സുഗന്ധപൂരിതമായ അന്തരീക്ഷം....

പിന്നീട് ഇലഞ്ഞിപ്പഴത്തിന്റ്റെ സീസണാണ്..മധുരവും ചവര്‍പ്പും നിറഞ്ഞ ഇലഞ്ഞിപ്പഴങ്ങള്‍ പെറുക്കി ത്തിന്നുവാന്‍ സ്കൂള്‍ വിട്ടു വരുന്ന കുട്ടിക്കൂട്ടങ്ങളുടെ സംഘങ്ങള്‍...കലപിലകൂട്ടുന്ന കിളിക്കൂട്ടങ്ങള്‍..കാക്കയും തത്തയും മൈനയും ഇരട്ടവാലന്‍കിളിയും മഞ്ഞക്കിളിയും...എന്നു വേണ്ട എല്ലാവരേയും മതി വരുവോളം ഊട്ടും ഇലഞ്ഞിയമ്മ...മരപ്പട്ടിയും അണ്ണാനും തുടങ്ങി എത്രയോ ജീവികള്‍ക്ക് വാസസ്ഥാനവുമൊരുക്കുന്നു....

ഇലഞ്ഞീമരമേ.. ഞങ്ങളുടെ അതിരില്ലാത്ത സന്തോഷം നിന്റ്റെ ചുറ്റും ഓടി മറിഞ്ഞ് ഞങ്ങള്‍ ആഘോഷിച്ചപ്പോള്‍ നീയും ഞങ്ങള്‍ക്കൊപ്പം തുള്ളിച്ചാടി...ഞങ്ങളുടെ നോവുകള്‍ നിന്റ്റെ ചുവട്ടില്‍ കണ്ണീരായൊഴുക്കിയപ്പോഴൊക്കെ നിന്റെ ഇലകള്‍ പൊഴിച്ച് നീ ഞങ്ങള്‍ക്കൊപ്പം കരഞ്ഞു...നീയൊരു ഓര്‍മ്മയല്ല.. ഓര്‍മ്മയാവുകയുമില്ല... ഒരുജീവനാണ്..ജീവിതമാണ്.. മുന്‍തലമുറകളിലൊരാളായ്...ഞങ്ങളിലൊരാളായ്..ഞങ്ങളുടെ പിന്മുറക്കാരിലൊരാളായ്.. അങ്ങനെയങ്ങനെ ഒരിക്കലും നശിക്കാതെ കാലങ്ങള്‍ക്കതീതയായ് ജീവിയ്ക്കാന്‍ നിയോഗിക്കപ്പെട്ടവള്‍... നന്ദി നീ തരുന്ന സ്നേഹത്തിന്..നിന്റ്റെ സാന്ത്വനങ്ങള്‍ക്ക്...

   

7 comments:

 1. നീ തരുന്ന സ്നേഹത്തിന്..നിന്റ്റെ സാന്ത്വനങ്ങള്‍ക്ക്...  നല്ല ഒരു കുറിപ്പ്

  ReplyDelete
 2. ഗൃഹാതുരത്വം ഉണര്‍ത്തിയ കുറുപ്പ് ...
  ഞാന്‍ ഇപ്പോഴും ഇലഞ്ഞി പൂവ് കണ്ടാല്‍ പറക്കി എടുക്കും..എന്നിട്ട് മണത്തു നോക്കും....
  ഇനിയും കുറെ കാലം ആ മുത്തശ്ശി സ്നേഹവും സ്വന്തനവും ഏകെട്ടെ..

  ReplyDelete
 3. ഞെട്ടറ്റു പമ്പരം പോലെ കറങ്ങി വീഴുന്ന പൂക്കളെ കൈക്കുള്ളിലക്കുന്ന കാഴ്ച
  ഹോ...... കൊള്ളാം !!

  ReplyDelete
 4. അതെ ജയച്ചേച്ചീ...കുട്ടിക്കാലത്തെ ഓര്‍മ്മകളില്‍ ആദ്യമോടിയെത്തുന്നത് ഇലഞ്ഞിയമ്മയോടൊത്തുള്ള കളികളാണ്..

  ReplyDelete
 5. oro puthiya ilanjithaikal nadumpozhum ilanjiyodulla sneham, ilanjimanam pole,odungunnatheyilla. sneham eee poomanamulla aksharakkoottangalodu

  ReplyDelete
 6. മറക്കില്ലൊരിക്കലും ആ സായാന്ഹങ്ങൾ.....,നന്ദി..!!

  ReplyDelete