പോസ്റ്റിലെ ചിത്രങ്ങള്‍ക്ക് കടപ്പാട്:- ഗൂഗിള്‍

Tuesday, September 30, 2025

ഇടവപ്പാതി


ഇടവപ്പാതി തിമർക്കുകയാണ്‌. രണ്ടു ദിവസത്തോളമായി കറന്റില്ലാതെയായിട്ട്‌.  ഇടയ്ക്ക്‌ വരും അൽപനേരം നിൽക്കും വീണ്ടും പോകും. നേരം പുലരുന്നതും രാവണയുന്നതും മഴയിൽ കുതിർന്നാണ്‌. കാർമേഘങ്ങൾ രാവിനും പകലിനും ഒരേ നിറം നൽകി.  മുറ്റവും വീട്ടിലേക്കുള്ള പാടവരമ്പും വഴികളുമെല്ലാം വെള്ളം നിറഞ്ഞു കവിഞ്ഞിരുന്നു. പണിയില്ലാതെയായിട്ട്‌ നാലു ദിവസം കഴിഞ്ഞിരിക്കുന്നു.  രഘു ഒരു ദീർഘ നിശ്വാസം വിട്ടു. കിടക്കയിൽ നിന്നെഴുന്നേറ്റ്‌ വാതിൽ തുറന്ന് മഴയിലേക്ക്‌ വലതുകൈ നീട്ടി, മഴവെള്ളം കൊണ്ട്‌ മുഖം തുടച്ചു. അമ്മയുടെ മുറിയിൽ ഒരു മണ്ണെണ്ണ വിളക്കിരുന്ന് ഉറക്കം തൂങ്ങുന്നു.


' കഴിക്കാനെടുക്കട്ടെ?' അമ്മയുടെ ശബ്ദം. ടേബിളിലിരുന്ന ഒരു പാതി തീർന്ന മെഴുകുതിരിയെടുത്ത്‌ തീപ്പെട്ടിയുരച്ച്‌ കത്തിച്ച്‌ ഒരു പ്ലാസ്റ്റിക്‌ ബോട്ടിലിൽ വച്ചു കൊണ്ട്‌ അവനൊരു കസേരയിലിരുന്നു. അമ്മ വിളക്കുമായി അടുക്കളയിലേക്ക്‌ പോയി.  


'അരി നാളത്തേക്കു കൂടിയേ കാണൂ..' കതകടച്ചു കിടക്കാൻ നേരം അമ്മയുടെ ശബ്ദം. അവൻ ഒന്നും മിണ്ടാതെ കതകടച്ചു ബെഡ്ഡിലേക്ക്‌ നടന്നു.  വാതിലിൽ തുടർച്ചയായി മുട്ടുന്നത്‌ കേട്ടാണ്‌ രഘു ഉണരുന്നത്‌. വാതിൽക്കൽ വിളക്കുമായ്‌ അമ്മ. 'എടാ ആരോ വാതിലിൽ മുട്ടുന്നു..' പാതി മയക്കത്തിൽ അവൻ മറുപടി മൂളി.. 'സമയമെന്തായി.. ആരാ ഈ സമയത്ത്..?' അമ്മയുടെ മറുപടിക്ക്‌ കാത്തു നിൽക്കാതെ രഘു മെയിൻ ഡോറിലേക്ക്‌ നടന്നു. 'ആ.. രണ്ടു മണി കഴിഞ്ഞൂ.. ന്ന് തോന്നുന്നു' അമ്മയും അവനെ അനുഗമിച്ചു.


'അകത്തേക്ക്‌ കയറിക്കോട്ടെ.. നല്ല ഇടിമിന്നലുണ്ട്‌..' ഇടയ്ക്കിടെ മിന്നിമായുന്ന തീക്കനലുകളിൽ ആ മുഖം പണ്ടെന്നോ വായിച്ച ഏതോ ഡിറ്റക്ടീവ്‌ നോവലിലെ ആജാനുബാഹുവായ ഒരു കൊലയാളിയെ ഓർമ്മപ്പെടുത്തി. ശബ്ദത്തിന്റെ കാഠിന്യം ശരിക്കും ഭയപ്പെടുത്തുന്നതായിരുന്നു. വെള്ളം തങ്ങി നിന്ന മഞ്ഞ മഴക്കോട്ടിനുള്ളിലെ ആ രൂപത്തോട്‌ രഘുവിന്‌ ചെറുതല്ലാത്ത ഭയം തോന്നി. എന്തെങ്കിലും പറയും മുൻപേ അയാൾ തന്റെ കയ്യിലിരുന്ന കറുത്ത സ്യൂട്ട്കേസ്‌ വാതിൽപ്പടിക്കിപ്പുറം മുറിക്കുള്ളിലേക്ക്‌ വച്ചു. രഘുവിന്റെ ചെറുവിരൽ ചതഞ്ഞു.  ചെറിയൊരു ഞരക്കത്തോടെ അവൻ കാലു പിന്നോട്ടു വലിച്ചു. അമ്മ അവന്റെ കൈയ്യിൽ പിടിച്ചമർത്തി. 'അതിനു നിങ്ങളാരാന്നറിയാതെങ്ങനാ ഈ നേരത്ത്‌ അകത്ത്‌ കേറ്റുന്നത്‌. 'അതൊക്കെ പറയാം സിന്ധൂ' എന്ന് പറഞ്ഞു കൊണ്ട്‌ അമ്മയുടെ ചോദ്യം വക വെക്കാതെ അയാൾ അകത്തേക്ക്‌ കാലെടുത്തു വച്ചു. ഉടൻ തന്നെ അബദ്ധം പറ്റിയതു പോലെ ക്ഷമ പറഞ്ഞു കൊണ്ട്‌ കാലിലണിഞ്ഞിരുന്ന കറുത്ത ബൂട്ടുകൾ പുറത്തേക്ക്‌ ഊരിയിട്ടു, അകത്തു കയറി മഴക്കോട്ടൂരി പുറത്തേക്കിട്ടു. രഘുവും അമ്മയും മുഖത്തോടു മുഖം നോക്കി.


ടേബിളിലെ മണ്ണെണ്ണ വിളിക്കിന്റെ വെളിച്ചത്തിൽ അയാളാ കസേരയിൽ അമർന്നിരുന്നു. താഴെയിരുന്ന സ്യൂട്ട്കേസെടുത്ത്‌ ടേബിളിൽ വച്ചു. രഘുവിനു നേരെ കൈ നീട്ടി അയാൾ മന്ദഹസിച്ചു. 'എന്തൊക്കെയുണ്ട്‌ രഘൂ വിശേഷങ്ങൾ?' ഇത്തവണ രഘു ഒന്നു മന്ദഹസിച്ചു..' ഞങ്ങൾക്ക്‌ ശരിക്കും മനസ്സിലായില്ല ഇതുവരെ..' ക്ഷമ ചോദിക്കും പോലെ അവൻ അവ്യക്തമായി പറഞ്ഞു. അയാളുറക്കെ ചിരിച്ചു. പുറത്ത്‌ മഴയുടെ‌ ശബ്ദം വീണ്ടും ഉച്ചത്തിലായി. ഒരു വലിയ ഇടിമിന്നൾ ആ വീടിനെ മുഴുവനായി ഉലച്ചു. അമ്മ ഭയന്ന് 'അയ്യോ' ന്നു നിലവിളിച്ചു. രഘു അമ്മയെ ചേർത്തു പിടിച്ചു. അതേ സമയം അതിഥി ടേബിളിലിരുന്ന സ്യൂട്ട്കേസ്‌ മലർക്കെ തുറന്നു. ഒരു മിന്നലിനൊപ്പം ഭിത്തിയിലെ ബൾബ്‌ തെളിഞ്ഞു. ആക്സ്മികമായുണ്ടായ ആ തീവ്ര വെളിച്ചത്തിൽ രഘുവും അമ്മയും കണ്ണുകൾ ഇറുക്കിയടച്ചു. തുറന്നപ്പോൾ കണ്ണു മഞ്ഞളിച്ചു.. ഒരു പെട്ടി നിറയെ നോട്ടു കെട്ടുകൾ. അവർ വാ പൊളിച്ചു.


പരിസരബോധം വന്നപ്പോൾ അവർ പരസ്പരം നോക്കി. പിന്നെ അയാളുടെ മുഖത്തേക്കും. ' ആരാണു നിങ്ങൾ.. ഇതെവിടുന്നാണ്‌ ഇത്രയും പണം.., എന്തിനാണിത്‌ ഇവിടെ കൊണ്ടു വന്നത്‌..?' ഒറ്റ ശ്വാസത്തിലാണ്‌ അവനത്രയും ചോദ്യങ്ങൾ ചോദിച്ചത്‌. അയാൾ ഒന്നും മിണ്ടാതെ എഴുന്നേറ്റു.. ചിരിച്ചു കൊണ്ട്‌ വാതിൽ തുറന്നു. പുറത്തേക്ക്‌ കയ്യിട്ട്‌ മഴക്കോട്ടെടുത്തു പുതച്ചു. നിമിഷങ്ങൾ കൊണ്ട്‌ മുറ്റത്തേക്കിറങ്ങി മങ്ങിയ വെളിച്ചത്തിൽ ബൂട്ടുകളണിഞ്ഞു. 


വാതിൽക്കലേക്കെത്തിയ രഘുവിന്റെ വലതു കൈയ്യിൽ എത്തിപ്പിടിച്ചു 'ഇത്‌ നിങ്ങൾക്കുള്ളതാണ്‌.. എന്റെ പ്രായശ്ചിത്തം! '  ആ വാക്ക്‌ രഘുവിനെ ഉണർത്തി. ഇരുപത്‌ വർഷങ്ങൾക്ക്‌ മുൻപ്‌ കച്ചവടത്തിൽ നിന്നും കിട്ടിയ ഭീമമായ ഒരു ലാഭവിഹിതവുമായി അക്കരയ്ക്ക്‌ പുഴ നീന്താൻ പോയ അച്ഛനേയും സുഹൃത്തിനെയും ഓർമ്മ വന്നു. മറുകരയ്ക്കെത്തിയത്‌ ഒരാൾ മാത്രമായിരുന്നു. അതു തന്റെ അച്ഛനായിരുന്നില്ല. ഇക്കൊല്ലമെല്ലാം നാട്ടുകാർ പല കഥകളും മെനഞ്ഞു. 


'പോവ്വാണ്‌..' വീണ്ടുമാ പരുക്കൻ ശബ്ദം. മറുത്തെന്തെങ്കിലും പറയും മുൻപേ അയാൾ മുറ്റത്തെ വെള്ളത്തിലേക്കിറങ്ങി നടന്നു തുടങ്ങി. തുടർച്ചയായി കൊള്ളിയാനുകൾ മിന്നി. ആ വെളിച്ചത്തിൽ അയാൾ പാടവരമ്പിലേക്കിറങ്ങി.. പതിയെ മഴഭൂതം അയാളെ പൂർണ്ണമായും വിഴുങ്ങി. ഝടുതിയിൽ രഘു പടിമേൽ നിന്ന് പാടത്തേ വെള്ളത്തിലേക്ക്‌ കുതിച്ചു. ഇടവപ്പാതിക്ക്‌ കൊള്ളിയാൻ ചുവപ്പുടയാട ചുറ്റുന്നു. ആ കാഴ്ച കണ്ടുകൊണ്ട്‌ അമ്മ ശബ്ദമില്ലാതെ വാതിൽക്കൽ തന്നെ നിന്നു.



No comments:

Post a Comment