പോസ്റ്റിലെ ചിത്രങ്ങള്‍ക്ക് കടപ്പാട്:- ഗൂഗിള്‍

Friday, July 4, 2014

പളുങ്ക് ഗോട്ടികൾ



ഞാനിവിടെയെത്തിയിട്ട് ഏകദേശം മൂന്നാഴ്ചയാകുന്നതേയുള്ളൂ. അതിൽത്തന്നെ ആകെ പത്തോ പതിനൊന്നോ ദിവസങ്ങളാണ് എനിയ്ക്കിവിടെ കഴിയാൻ സാധിച്ചത്. ബാക്കിയുള്ള ദിവസങ്ങളിൽ ജോലിയുമായി ബന്ധപ്പെട്ട് പലയിടങ്ങളിലായി അലച്ചിലായിരുന്നു.


'ഇങ്ങക്ക് പറ്റിയ മനുസമ്മാരു തന്നപ്പാ അയിന്റെ അപ്പർത്തേ മുറീമ്മേ..ഓരും തെക്കരന്നെ..ങ്ങളെക്കൂട്ട്'

വീടിന്റെ താക്കോൽ കയ്യിൽ വച്ചു തന്നപ്പോൾ അടുത്ത റൂമിൽ
താമസിയ്ക്കുന്നവരെ-
പ്പറ്റിയുള്ള എന്റെ ആശങ്ക അകറ്റുകയായിരുന്നു വീട്ടുടമസ്ഥൻ കണ്ണേട്ടൻ.
കേരളത്തിലെയേതോ തെക്കൻ ജില്ലയിൽ നിന്നു വന്ന് കുടുംബമായി താമസിയ്ക്കുകയാണവർ.

ഇവിടെയടുത്തൊരു എൽ പി സ്ക്കൂളിൽ ടീച്ചറായ ഒരു സ്ത്രീയും അവരുടെ ആറോ ഏഴോ വയസ്സു മാത്രം പ്രായം വരുന്ന മകനുമാണ് ആ റൂമിലുള്ളത്. ഇതിനിടെ പലപ്പോഴും പരസ്പരം കണ്ടുമുട്ടിയിട്ടുണ്ടെങ്കിലും എന്റെ മുഖത്തേക്കൊന്ന് നോക്കുവാൻ കൂടി ആ ടീച്ചർ മുതിർന്നതേയില്ല. എന്തെങ്കിലും സംസാരിയ്ക്കാം എന്നു കരുതി കഴിഞ്ഞ ഞായറാഴ്ച ഒന്നു രണ്ടു വട്ടം ആ ഭാഗത്തേക്ക് പോയതുമാണ്. പക്ഷേ എന്നെ കണ്ടപ്പോഴേക്കും അവർ ആ കുട്ടിയേയും കൂട്ടി മുറിയിൽ കയറി കതകടച്ചു കളഞ്ഞു. 'ഇതെന്ത് മനുഷ്യർ..!' എന്നു ചിന്തിച്ച് അപമാന ഭാരത്തോടെ  തിരിഞ്ഞു നടക്കുമ്പോൾ ആരെങ്കിലും കണ്ടോയെന്നറിയാനായി ചുറ്റും ഒന്നു നോക്കി. അടുത്ത വീടിന്റെ ജനലഴികൾക്കിടയിലൂടെ രണ്ടു കണ്ണുകൾ എന്നെ വീക്ഷിയ്ക്കുന്നുണ്ടായിരുന്നു.


രാവിലെ ഓഫീസിൽ പോകും നേരം വഴിവക്കിൽ നിന്ന് മനോഹരമായ ഒരു ചിരി സമ്മാനിയ്ക്കാറുള്ള മധ്യവയസ്ക്കയായ സ്ത്രീ. 'ജാനകിയേട്ടീ...'ന്ന് ആരോ അവരെ നീട്ടി വിളിയ്ക്കുന്നത് മുൻപെപ്പൊഴോ ഞാൻ കേട്ടിരുന്നു. എന്റെ നോട്ടമെത്തും മുൻപേ പിൻവലിയാൻ തുടങ്ങുകയായിരുന്നു അവർ. ഞാൻ കണ്ടുവെന്നറിഞ്ഞപ്പോൾ വെളുക്കെ പല്ലുകൾ കാട്ടിയൊന്നു ചിരിച്ചു. പിന്നെ വാതിൽ തുറന്ന് വീട്ടു വരാന്തയിലേക്കിറങ്ങി നിന്നു. ഞാനവർക്കരികിലേക്കു ചെന്നു.

 *****************************************************************************************************************

വലിയൊരു തെങ്ങിൻതോപ്പിനിപ്പുറം എപ്പോഴും കറുകറുത്ത ഞാവൽപ്പഴങ്ങൾ പൊഴിഞ്ഞു വീണു കിടക്കുന്ന, അണ്ണാൻപാതിയും കാക്കപ്പാതിയുമായ് അവിടവിടെയായ് ഉറുമ്പരിച്ച നാട്ടുമാമ്പഴങ്ങൾ അടയാളമാക്കി, വേലിപ്പരത്തിയും ചുവന്ന ചെമ്പരത്തിപ്പൂക്കളും അതിരു കാക്കുന്നയീ വിശാലമായ മുറ്റം പങ്കിടുന്നത് ഈ വീടിന്റെ ഒരു പകുതിയിൽ ഞാനും മറുപകുതിയൽ ആ അമ്മയും മകനുമാണ്. നേർപകുതിയെന്ന് പറയാനാവില്ല. ഒരു മുറിയും അടുക്കളയും എനിയ്ക്കാണ്. പിന്നെ പുറത്തേക്കു മാത്രം തുറക്കാവുന്ന വാതിലുകൾ ഉള്ള വലിയ രണ്ട് മുറികളിലൊന്ന് വീട്ടുടമസ്ഥൻ സ്റ്റോർ റൂമായി ഉപയോഗിയ്ക്കുന്നു. അതിൽ നിറയെ തേങ്ങകളും അതിന്റെ തൊണ്ടും ചിരട്ടയും, പിന്നെ വേനൽക്കാലത്ത് തെങ്ങുകൾ നനയ്ക്കാനായി അദ്ദേഹം ഉപയോഗിയ്ക്കുന്ന വാട്ടർ പമ്പും അതിന്റെ ഓസും പിന്നെ മറ്റെന്തൊക്കെയോ കൂടിയുമാണ്. ഇടയ്ക്ക് ആ മുറി തുറക്കുമ്പോൾ ഉണങ്ങിയ തേങ്ങയുടെ തൊണ്ടിന്റേയും ചകിരിയുടേയും ഗന്ധം കൊണ്ട് ആ മുറ്റം നിറയും. അതിനുമപ്പുറമുള്ള മുറിയിലാണ് ആ ടീച്ചറും മകനും താമസിയ്ക്കുന്നത്. മുറിയ്ക്കുള്ളിൽ ഒരു ഭാഗം കർട്ടൻ കൊണ്ട് മറച്ച് അവർ അടുക്കളയായി ഉപയോഗിയ്ക്കുന്നു. മുറ്റത്ത് ഇടത്തേ കോണിലായ് മുളങ്കമ്പുകൾ കൊണ്ട് ചുറ്റുമതിൽ തീർത്ത കിണറിൽ മഴവെള്ളം നിറഞ്ഞു കിടക്കുന്നു. എപ്പോഴും എന്റെ ബാല്യം ഓർമ്മിപ്പിക്കുന്ന രൂപവും ചേഷ്ടകളുമായി ആ കുട്ടിയെന്റെ കണ്ണുകളിൽ നിന്നും മന:സ്സിലേക്ക് ഓടിക്കയറി. ചിലപ്പോളൊക്കെ അവൻ ഞാനായി. ഞാൻ അവനായി ജീവിച്ചു.
 
*****************************************************************************************************************

ഒരുതരം മഞ്ഞയും കാപ്പിപ്പൊടി നിറവും കലർന്ന കുഞ്ഞു മേഘങ്ങൾ ചിതറിക്കിടക്കും പോലെയും ഇടയ്ക്ക് അവിടെയുമിവിടെയുമായ് നീർക്കുമിളകൾ പോലെയും കാണപ്പെട്ട തിളങ്ങുന്ന ഒരു ഗോട്ടി. അവനുറപ്പായി ഇതാണ് റിജി കളഞ്ഞു പോയെന്ന് പറഞ്ഞത്. പതിയെ അതിനരികെ ചെന്ന് ചുറ്റും ആരുമില്ലെന്ന് ഉറപ്പു വരുത്തി ഒരു കാലു കൊണ്ട് മണ്ണിൽ നിന്നും ഒന്നിളക്കി മാറ്റി പിന്നെ കയ്യിലെടുത്ത് അവനത് ട്രൗസറിന്റെ കീശയിലാക്കി. 'കള്ളൻ..കള്ളൻ..' എന്നുറക്കെ വിളിച്ചു കൊണ്ട് ഒരു കാക്ക വേഗത്തിൽ പറന്നു വന്ന് അവന്റെ തലയിലൊന്ന് ഞോടിയിട്ട് പറന്നുയർന്നു. തലയിൽ നല്ല നോവ്. അപ്പോഴാണവനത് ശ്രദ്ധിച്ചത്. തൊട്ടു മുന്നിലെ തെങ്ങിൻ ചോട്ടിൽ തന്നെ നോക്കി ഭയപ്പാടോടെ നീങ്ങുന്ന ഒരു കുഞ്ഞു കാക്ക. കൗതുകത്തോടെ അവനതിനരികിലേക്ക് നീങ്ങി. തള്ളക്കാക്ക ഒന്നുകൂടി താഴ്ന്നു പറന്നു വന്നു. ഇരു കൈ കൊണ്ടും തലയിൽ അമർത്തിപ്പിപ്പിടിച്ചു കൊണ്ട് വീട്ടിലേക്കോടിക്കയറി.



പിന്നെ പതിയെ പടിയിറങ്ങി നനഞ്ഞ മണ്ണിൽ എന്തൊക്കെയോ കുത്തി വരച്ച് അവൻ അയൽ വീട്ടിലെ റീജിയും രജനിയും മുറ്റത്ത് ഗോട്ടി കളിയ്ക്കുന്നത് നോക്കി നിന്നു.









തിരികെ വീട്ടിനുള്ളിലേക്കൊന്ന് നോക്കിയിട്ട് അവർക്കരികിലേക്കോടി.

'അന്റെ അമ്മേന്റെ ചൂട് മാറീനാ..?' രജനി ചോദിച്ചു.

'എന്നേം കൂടെ കളിപ്പിക്ക്വോ..?' ഒരു മറുചോദ്യത്തിൽ അവൻ അതിന്റെ ഉത്തരം അലിയിച്ചു.

' അന്റെ കയ്യീ ഗോട്ടീണ്ടാ..?'

'ഉം..ണ്ട്.. '

'ഓടുത്തൂ..കാട്ട്..'

കീശയിൽ നിന്നും ആ ഗോട്ടി അവൻ പുറത്തെടുത്തു. താഴെ മണ്ണിൽ വട്ടം വരച്ചു കുഴികുത്തിക്കൊണ്ടിരുന്ന റിജി തലയുയർത്തി നോക്കി.

'ടാ..കള്ളാ..താടാ.ന്ന്റ്റെ ഗോട്ടി..' അവൻ അലറി.

അവർ തമ്മിൽ പിടിവലിയായി. ഒടുവിൽ ആ കുട്ടികളുടെ അമ്മ ഒരു വലിയ വടിയുമായി ഓടിയെത്തി അവനെ തലങ്ങും വിലങ്ങും തല്ലി. പിന്നെ അരിശത്തോടെ അവനു നേരേ ആക്രോശിച്ചു.

'പോയിക്കോ..ഇനി ഈടേക്ക് ബന്നേക്കല്ല്..യ്യ്...'

ഉറക്കെ കരഞ്ഞു കൊണ്ട് അവൻ വീട്ടിലേക്കോടി.  അമ്മ പായയിൽ കമിഴ്ന്നു കിടക്കുന്നു. അവനവരോട് ചേർന്നു കിടന്ന് ഉറക്കെ ഏങ്ങലടിച്ച് കരഞ്ഞു.

'അമ്മേ..അപ്പർത്തമ്മ ന്നെ തല്ലീമ്മേ.. എനക്കും ബാണം ഗോട്ടി..മാങ്ങിത്താമ്മേ..മാങ്ങിത്താ..'

അവരവനെ ഒന്നു തലയുയർത്തി നോക്കി. പിന്നെ പുറംതിരിഞ്ഞ് ഭിത്തിയിലേക്ക് നോക്കിക്കിടന്നു കൊണ്ട് എന്തൊക്കെയോ പിറുപിറുത്തു. അക്കങ്ങളും അക്ഷരങ്ങളുമല്ലാത്ത എന്തൊക്കെയോ.


രാവിലെ മുതൽ അമ്മ പായയിൽത്തന്നെയാണ്. ഇടയ്ക്ക് ഒന്നുരണ്ട് വട്ടം വിശക്കുന്നുവെന്ന് താൻ പറഞ്ഞപ്പോൾ ഗ്ലാസ്സിൽ വെള്ളമെടുത്തു കൊണ്ട് വന്നു തന്നതാണ്. പിന്നെ വീണ്ടും കിടന്നു. വിശപ്പു തീരെ സഹിയ്ക്കാൻ വയ്യെന്ന് തോന്നിയപ്പോൾ അവൻ പോയി ചോറു പാത്രമെടുത്ത് നോക്കി. മിനിഞ്ഞാന്നോ മറ്റോ അമ്മ വച്ച ചോറിന്റെ വറ്റുകൾ നിറയെ ഉറുമ്പ്. വല്ലാത്ത നാറ്റവും. വേഗമവനാ പാത്രം താഴേക്കിട്ടു. കയ്യിലൊക്കെ ഉറുമ്പ് കടിയ്ക്കുന്നു. എന്താണ് അമ്മയിങ്ങനെ. എന്തു കൊണ്ടാണ് അമ്മ തനിയ്ക്ക് ചോറു വച്ച് തരാത്തത്. 'നിന്റെ അച്ഛനിനിയൊരിയ്ക്കലും വരില്ലെ' ന്നാണ് റിജി പറഞ്ഞത്. പക്ഷേ അപ്പുറത്തെ അങ്കിൾ പറഞ്ഞത് അച്ഛനൊരു ദിവസം തിരിച്ചു വരുമെന്നാണല്ലോ. അച്ഛനൊന്ന് വന്നെങ്കിൽ അമ്മ എപ്പോഴും ഇങ്ങനെ കിടക്കില്ല. എണീറ്റ് ചോറു വെച്ചേനെ. സ്ക്കൂളിൽ പോകുമായിരുന്നു. കുറേ ദിവസങ്ങളായിട്ടും എന്താ പിന്നെ വരാത്തത്. അമ്മയോട് ചോദിച്ചിട്ട് ഒന്നും മിണ്ടുന്നു പോലുമില്ല. അങ്ങനെയോരോന്ന് ആലോചിച്ച് പടിമേലിരിയ്ക്കുമ്പോളാണ് ഇല്ലത്തമ്മ അതു വഴി വന്നത്. മുൻപ് അച്ഛനുള്ളപ്പോൾ പലപ്പോഴും ഇല്ലത്ത് പോയിട്ടുണ്ട്. അച്ഛൻ അവിടുത്തെ കേടായ ഫാനുകളും ലൈറ്റുകളും മറ്റും നന്നാക്കിക്കൊടുക്കുമ്പോൾ അവൻ ആ വരാന്തയിൽ നിന്ന് ജനാലയിലൂടെ ഹാളിലെ വലിയ ടീവിയിൽ സിനിമകൾ കാണും. ഒന്നു രസം പിടിച്ചു വരുമ്പോളാവും അച്ഛൻ 'വാ..പോകാം..' എന്നു പറഞ്ഞ് കയ്യിൽ പിടിച്ചു വലിയ്ക്കുന്നത്. മന:സ്സില്ലാ മനസ്സോടെ തിരികെ പോകും.

'അന്റെ അമ്മയേടെ പോയിനീ..?' ഇല്ലത്തമ്മ ചോദിച്ചു.

അവൻ അകത്തേക്ക് വിരൽ ചൂണ്ടി. അവർ പടിമേൽ കയറി നിന്ന് അകത്തേക്ക് എത്തി വലിഞ്ഞു നോക്കി. പിന്നെ വേഗം മൂക്കു പൊത്തി തിരികെയിറങ്ങി.

'ഹൂ..ഇഞ്ച്യ മണം ദ്..അനക്ക് പൈക്കണിണ്ടാ...കയിച്ചിനാ ബല്ലോം..? '

അവനവരുടെ മുഖത്തേക്ക് ദയനീയമായി നോക്കി. പിന്നെ കുനിഞ്ഞ് താഴേക്ക് നോക്കിയിരുന്നു. ആ കുഞ്ഞു മിഴികളിൽ നിന്നിറ്റു വീണ നീർത്തുള്ളികൾ മണ്ണിലലിഞ്ഞു ചേർന്നു. 

'ബാ..ന്റൊപ്പം..' അവനവരെ അനുഗമിച്ചു.

'ആടെയിരിയ്ക്കീ..' 

സിമന്റിട്ടുറപ്പിച്ച മുറ്റത്തിന്റെയൊരു കോണിലേക്കവർ കൈ ചൂണ്ടി.അവനവർ ചൂണ്ടിക്കാണിച്ചയിടത്തേക്ക് നോക്കി. പൈപ്പിൽ നിന്നും വെള്ളമൊഴുകി വന്ന് അവിടമാകെ നനഞ്ഞിരുന്നു.

'ഈടെയാ..ഈടെ മുയ്മനും ബെള്ളമാ ഇല്ലത്തമ്മേ..' 

അവനവരുടെ മുഖത്തേക്ക് നോക്കി. അതു ശ്രദ്ധിക്കാത്തവണ്ണം അവരകത്തേക്ക് പോയി. ഒരു വാഴയില കൊണ്ടു വന്ന് തറയിൽ ഇട്ടു. പിന്നെ അതിലേക്ക് കുറച്ച് ചോറും കറികളും വിളമ്പി. 

'ബേം കയിച്ചിട്ട് പൊക്കോളീ..'

അവർ വീടിനുള്ളിൽ കയറി കതകടച്ചു. ഇലയിൽ കുത്തരിച്ചോറും എന്തോ രണ്ട് കറികളും. വിശന്നു വയറു കത്തുകയാണ് ഇന്നലെ രാവിലെ അപ്പുറത്തെ അങ്കിൾ ചോറു കൊണ്ടുത്തന്നതാണ്. പിന്നെയിതുവരെയൊന്നും കഴിച്ചിട്ടില്ല. പിന്നീട് പലവട്ടം അങ്കിളിന്റെ മുറിയിലേക്ക് പോയെങ്കിലും കതകു പൂട്ടിയിട്ടിരിയ്ക്കുകയായിരുന്നു. രണ്ട് ദിവസം കഴിഞ്ഞേ വരികയുള്ളൂ എന്ന് പറഞ്ഞിരുന്നു. ഇതുവരെ വന്നിട്ടില്ല. അവൻ കൈകളിലേക്ക് നോക്കി. നിറയെ ചെളിയാണ്. പൈപ്പിനു താഴെ വലിയൊരു അലൂമിനിയം ബക്കറ്റ് നിറയെ തുണികൾ സോപ്പുവെള്ളത്തിൽ കുതിർത്ത് കുത്തി നിറച്ചു വച്ചിരിയ്ക്കുന്നു. അത് കൈ കൊണ്ട് തള്ളി നീക്കാൻ അവനൊരു ശ്രമം നടത്തി നോക്കി. അനങ്ങുന്നില്ല. നല്ല ഭാരമുണ്ട്. ഇരു കൈകളും കൊണ്ട് ഒന്നു കൂടി തള്ളി നോക്കി. ബക്കറ്റ് താഴേക്ക് മറിഞ്ഞു വീണു. കുറേ തുണികൾ മണ്ണിലേക്ക് വീണു. വേഗമവനതെല്ലാം തിരികെ പെറുക്കി ബക്കറ്റിലാക്കി. പിന്നെ കൈകൾ കൂട്ടിത്തിരുമ്മിക്കഴുകി ഇലയ്ക്കു പിന്നിലായിരുന്നു.


ട്രൗസറിന്റെ ഉള്ളിലേക്ക് പടർന്ന് കയറിയ തണുപ്പ് വിശപ്പിന്റെ ചൂടിൽ താനേ ആറി. ആർത്തിയോടെയത് മുഴുവൻ വാരിത്തിന്നിട്ടും അവന്റെ വിശപ്പ് മാറിയില്ല. അടഞ്ഞു കിടന്ന വാതിലിലേക്ക് ഒന്നു കൂടി നോക്കി. അമ്മയും ഒന്നും കഴിയ്ക്കാതെ കിടക്കുകയാണ്. കുറച്ചൂടെ ചോറു കിട്ടിയിരുന്നെങ്കിൽ

അമ്മയ്ക്ക് കൊണ്ടോയി കൊടുക്കാമായിരുന്നു. ഇനി ചോറ് ചോദിച്ചാൽ ചിലപ്പോ തല്ലു കിട്ടിയേക്കും. ഇരുന്നിട്ട് കാര്യമില്ലെന്നവന് മനസ്സിലായി. വിഷമത്തോടെയെഴുന്നേറ്റു കൈകഴുകാനായ് പൈപ്പിനരികിലേക്ക് നടന്നു. ടാപ്പ് തുറന്നപ്പോൾ കയ്യിലെ എച്ചിലുകൾ തെറിച്ച് ബക്കറ്റിലെ തുണികളിലേക്ക് വീണു. അവനത് നുള്ളിപ്പെറുക്കിയെടുക്കുവാൻ ശ്രമിച്ചു.

'യ്യോ..ഇയ്യെന്റെ തുണി മുയ്മനും ചോറാക്കീനാ...'

തല ഉയർത്തും മുൻപേ ഇല്ലത്തമ്മ അവനരികിലെത്തി. ഒന്നും മിണ്ടാതെ അവനവരുടെ മുഖത്തേക്ക് നോക്കി. 

'പോയിക്കോ..തെണ്ടിച്ചെക്കാ...അന്നേ ഈടേങ്ങും കണ്ടേക്കല്ല്..'

വഴിയിലേക്ക് ചൂണ്ടി അവരലറി. അതുവരെ തൊണ്ടയിൽ പിടിച്ചു നിർത്തിയ കരച്ചിൽ ഒരു നിമിഷം നിയന്ത്രിയ്ക്കാനായില്ല. ഏങ്ങലടിച്ചു കരഞ്ഞു കൊണ്ട് അവൻ വീട്ടിലേക്കോടി.


ടൗണിൽക്കൂടി അച്ഛന്റെ കൈവിരൽത്തുമ്പിൽത്തൂങ്ങി നടക്കുമ്പോൾ തങ്ങൾക്കു നേരേ കൈനീട്ടിയെത്തുന്ന ഒരുപാടു പിച്ചക്കാരായ കുട്ടികൾക്കിടയിൽ അവൻ സ്വയം അവനെ കണ്ടു. കണ്ണുകൾ ഇറുക്കിയടച്ച് അവനാ കാഴ്ചയെ മറയ്ക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു.

*****************************************************************************************************************

ജാനകിയേട്ടിയെന്നെ ഏഴു വർഷങ്ങൾക്ക് പിന്നിലേക്ക് കൂട്ടിക്കൊണ്ടു പോയി. പ്രണയം മതങ്ങളുടെ വേലിക്കല്ലുകൾ പിഴുതെറിഞ്ഞ് വിപ്ലവക്കൊടി നാട്ടിയ ജീവിതത്തിൻ പച്ചപ്പിൽ,  കുസൃതിപ്പൂമ്പൊടി വിതറി അവൻ വിടർന്നതു ഞാൻ കണ്ടു. രക്തബന്ധങ്ങളുടെ കടപ്പാടുകളെല്ലാം മുറിച്ച് അവർ നാട്ടിൽ നിന്നും ഇവിടെയെത്തി ജീവിത സമരം തുടങ്ങി. കുറച്ചു വർഷങ്ങൾ സുന്ദരമായ ജീവിതം.


പിന്നെയൊരു നാളിൽ പ്രിയതമയെ പറഞ്ഞു വിശ്വസിപ്പിച്ചവയൊക്കെ വെറും വാക്കുകളായവശേഷിപ്പിച്ച് ഒരു ദുരന്തത്തിൽ ആ വിപ്ലവമരം ഇലയോടും പൂവിനോടും യാത്ര പറഞ്ഞു പോയിട്ട് ഒരു മാസം തികയുന്നു. പൊട്ടിച്ചെറിഞ്ഞ ഞരമ്പുകളൊന്നും പിന്നീട് കൂടിച്ചേർന്നതേയില്ല.
യൗവ്വനത്തിൽത്തന്നെ വിധവയാകേണ്ടി വന്ന ആ സ്ത്രീയുടെ മനോനില അതോടുകൂടി തകർന്നു. മുഷിഞ്ഞ് നാറിയ വസ്ത്രങ്ങൾക്കും ഉറുമ്പരിച്ച പഴഞ്ചോറിനും നടുവിലിരുന്ന് അവർ തന്നെ പറഞ്ഞു പറ്റിച്ച ഭർത്താവിനോട് എന്തൊക്കെയോ പരാതിയും പരിഭവങ്ങളും പറഞ്ഞു കൊണ്ടേയിരിയ്ക്കുന്നു. എന്താണ് തനിയ്ക്ക് ചുറ്റും നടക്കുന്നതെന്ന് തിരിച്ചറിയാൻ പോലും പ്രായമാകാത്ത ആ കുട്ടിയെക്കുറിച്ചുള്ള ചിന്തകൾ അന്നു മുതൽ എന്റെ ഉറക്കം കെടുത്തി.

*****************************************************************************************************************

നാലു ദിവസമായി മറ്റൊരു സ്ഥലത്തായിരുന്നു ജോലി. രണ്ടു ദിവസം കൊണ്ട് തിരികെ വരാമെന്ന് കരുതി പോയതാണ്. തിരക്ക് അനുവദിച്ചില്ല. ബസ്സിൽ നിന്നും ഇറങ്ങിയുടനേ അടുത്തു കണ്ട കടയിലേക്ക് കയറി, കുറച്ച് പലഹാരങ്ങൾ പൊതിഞ്ഞെടുക്കുവാൻ പറഞ്ഞു. ജോലിത്തിരക്കുകൾക്കിടയിലും ആ അമ്മയേയും മകനേയും കുറിച്ചായിരുന്നു എന്റെ ചിന്ത മുഴുവൻ. അവനെ ഞാൻ 'കുട്ടൻകുഞ്ഞ്' എന്നായിരുന്നു വിളിച്ചിരുന്നത്. കുഞ്ഞുന്നാളിൽ എന്റെയമ്മ എന്നെ വിളിച്ചിരുന്ന അതേ പേര്. പോരും മുൻപ് കുറച്ച് ചോറും കറികളും അവിടെ കൊണ്ടുക്കൊടുത്തതാണ്. കഴിഞ്ഞ മൂന്നാലു ദിവസങ്ങളിൽ അവർക്ക് ആരെങ്കിലും ആഹാരം കൊടുത്തു കാണുമോ. കുറച്ച് അരിയും മറ്റും അവിടെ കൊണ്ടു വച്ചിരുന്നു. എപ്പോഴെങ്കിലും സ്വബോധം തോന്നുന്നുവെങ്കിൽ അവർ വച്ചു കഴിയ്ക്കട്ടേയെന്നു കരുതി. ഇറങ്ങുമ്പോൾ അടുത്ത വീട്ടിലും പറഞ്ഞേൽപ്പിച്ചിരുന്നു. എന്നാലും വല്ലാത്ത ഒരാധി മന:സ്സിൽ. ഞാൻ അവരുടെ കാര്യത്തിൽ കാണിയ്ക്കുന്ന താല്പര്യം അയൽ വീട്ടുകാർക്കൊന്നും ഇഷ്ടമാകുന്നില്ലയെന്ന് അവരുടെ പെരുമാറ്റങ്ങളിൽ നിന്നെനിയ്ക്ക് തോന്നി. ആ ടീച്ചറെ ഏതെങ്കിലും മനോരോഗാശുപത്രിയിൽ കാണിയ്ക്കാൻ കൊണ്ടു പോകാൻ ആരുടെയെങ്കിലും സഹായം കിട്ടുമെന്നുള്ള പ്രതീക്ഷ വെറുതെയാണെന്ന് എനിയ്ക്കു മന:സ്സിലായി.


കടക്കാരൻ പൊതിഞ്ഞു തന്ന പലഹാരങ്ങൾ വാങ്ങി ബാഗിലിട്ടു. പേഴ്സിൽ നിന്നും പണമെടുത്ത് മിഠായി ഭരണികളിലൊ- ന്നിനു മുകളിൽ വച്ചു. ഭരണിയിൽ നിറയെ പളുങ്കു മണികൾ.







'അങ്കിളേ..എനക്കൊരു ഗോട്ടി ബാങ്ങി തരോ..?' ഞാനവന്റെ ചോദ്യമോർത്തു.

'ഗോട്ടിയോ അതെന്തുവാ സാധനം?'

'അദ്ദിങ്ങനെ കളിയ്ക്കുന്നെ...' അവൻ കൈ വച്ച് ഗോട്ടി കളിയ്ക്കും പോലെ ആംഗ്യം കാണിച്ചു.

'ഓ..അതാണോ...?' ഞാൻ ചിരിച്ചു. ' ശരി..വാങ്ങിത്തരാം..'

നാട്ടിലിതിനു 'വട്ട്' എന്നും 'ഗോലി' യെന്നുമൊക്കെ പറയും. ഇന്നാട്ടുകാർക്കിത് 'ഗോട്ടി' യാണ്. ഞാൻ കുപ്പിഭരണിയിലേക്ക് കൈ കടത്തി, കൈക്കുമ്പിളിൽ കൊള്ളുന്നത്ര ഗോട്ടികൾ വാരിയെടുത്തു. ഇത്ര സൗന്ദര്യമോ ഗോട്ടികൾക്ക്. അവയുടെ തിളക്കം എന്റെ കണ്ണുകൾക്ക് വല്ലാത്തൊരു കുളിരേകി. മന:സ്സിൽ അനിർവ്വചനീയമായൊരു അനുഭൂതിയുളവാക്കി. ഇതിനു മുൻപൊരിയ്ക്കലും ഞാനവയെ ശ്രദ്ധിച്ചിരുന്നില്ല. പെട്ടെന്ന് കുറച്ചു ഗോട്ടികൾ കൈക്കുള്ളിൽ നിന്നും ഊർന്നു പോയി. അവ കലപില കൂട്ടിക്കൊണ്ട് തറയിലെവിടെയൊക്കെയോ ആയി ചിതറിപ്പോയി. ആ ശബ്ദം പോലുമെന്നെ വല്ലാതെ ആകർഷിച്ചു.

'ഇങ്ങളാ കണ്ണേട്ടന്റെ പൊരേലെ ബാടകക്കാരനല്ലേ..?' കടക്കാരന്റെ അന്വേഷണം. 'ഇങ്ങള് ഇസ്ക്കൂൾ മാഷാ..?' ഉടൻ വന്നു അടുത്ത ചോദ്യവും.

'ഹേയ് അല്ല..ഞാനൊരു കമ്പനിയിൽ മാർക്കറ്റിങ് സെക്ഷനിൽ ജോലി നോക്കുന്നു.' 

ഞാനയാളുടെ മുഖത്തേക്കു നോക്കി ചിരിച്ചു. 

'എന്തേ..ഗോട്ടി വാങ്ങുന്നത് കണ്ടിട്ടാണോ..?'

'അല്ലപ്പാ..അപ്പോ ഇങ്ങളു രണ്ടാളും ഒരേ നാട്ടാരാ..?' 

തലയുയർത്തി ഞാനയാളുടെ മുഖത്തേക്ക് നോക്കി.  '

ആരൊക്കെ?'

'ഇന്നലെ കെണറ്റീച്ചാടിച്ചത്ത ആ ടീച്ചറും മോനും..?'

ഞാനാ ഭിത്തിയിൽച്ചാരി നിന്നു. പിന്നെയാ വരാന്തയിൽക്കിടന്ന ബഞ്ചിലേക്ക് ചാഞ്ഞിരുന്നു.

നടക്കുന്ന വഴികളിലെല്ലാം ബാഗിനുള്ളിലിരുന്ന് ഗോട്ടികൾ കൂട്ടിമുട്ടി കിലുങ്ങി. അവൻ പൊട്ടിച്ചിരിയ്ക്കുകയാണ്. ഞാനവയെ വീണ്ടും വീണ്ടും കിലുക്കി. ആ താളത്തിൽ വേഗം നടന്നു. ആ ബഹളത്തിൽ എനിയ്ക്ക് വല്ലാത്ത ഉണർവ്വ് തോന്നി. വഴികളും വഴിയരുകിലെ ആളുകളേയുമൊന്നും ഞാൻ കാണുന്നേയില്ലായിരുന്നു. ഓടിച്ചെന്ന് കിണർവക്കിലിരുന്ന് ബാഗ് തുറന്നു.

'കുട്ടൻ കുഞ്ഞേ..."

'ഇഞ്ച്യ..അങ്കിളേ..?'

'ന്നാ..ഇതു കണ്ടോ നീയ്യ്..?'

'ഇഞ്ച്യേ..കാട്ട്യേ..ഹായ്..ഗോട്ടി...താ ബേം..'

അവന്റെ കണ്ണിലെ സൂര്യോദയം ഞാൻ കണ്ടു.

'വേഗം കൈ നീട്ട്..'

'ഉം..'


ഓരോ ഗോട്ടികൾ എറിഞ്ഞു കൊടുക്കുമ്പോളും അവന്റെ കണ്ണിലെ തിളക്കം കൂടിക്കൂടി വന്നു. പിന്നെ ചിണുങ്ങി..കണ്ണുകൾ വിടർത്തി പറഞ്ഞു.

'ഇദെത്രണ്ണാ..ഹോ..'  

'ഇനീമുണ്ട്..' ഞാൻ പറഞ്ഞു.

'എല്ലാങ്കൂടിത്താ...ഒരുമിച്ച്...'

ഞാനവയെല്ലാം കൂടി ഒരുമിച്ച് ആ കുഞ്ഞിക്കൈകളിലേക്കിട്ടു കൊടുത്തു. അവന്റെ പൊട്ടിച്ചിരിയായ് അവയങ്ങനെ കലപില കൂട്ടിക്കൊണ്ടേയിരുന്നു.

*****************************************************************************************************************








18 comments:

  1. രണ്ടു വർഷങ്ങൾക്കിപ്പുറം ബ്ലോഗിൽ ഒരു പോസ്റ്റ് കൂടി. സ്കെച്ചുകൾ എല്ലാം സ്വന്തം തട്ടിക്കൂട്ട് കുത്തിവരയാണ്. ഖത്തറിലെ ഫേസ്ബുക്ക് കൂട്ടായ്മയായ ക്യൂ മലയാളം സംഘടിപ്പിച്ച കഥാമത്സരത്തിൽ അവസാന റൗണ്ടിൽ എത്തിയ ഏഴു കഥകളിൽ ഒന്ന്. എല്ലാ അഭിപ്രായങ്ങൾക്കും വിമർശനങ്ങൾക്കും സ്വാഗതം. :)

    ReplyDelete
  2. കഥ വായിച്ചു. . സാരവും സാഹിത്യവുംനന്നായിട്ടുണ്ട്. .....

    ReplyDelete
  3. കഥ വായിച്ചു. . സാരവും സാഹിത്യവും നന്നായിട്ടുണ്ട്. ..

    ReplyDelete
  4. കൊള്ളാം, വരയും നന്നായി.
    ഇനിയും എഴുതുക

    ReplyDelete
  5. നല്ല കഥ. ഇഷ്ടപ്പെട്ടു

    ReplyDelete
  6. തീമിനേക്കാൾ എനിക്കിഷ്ടായത്‌ അവതരണമാണു ..പ്രത്യെകിച്ചും അവസാനത്തെ കൊച്ചൂ വരികൾ .. അവക്ക്‌ പളുങ്കു ഗോട്ടികളികളുടെ കിലുക്കമുണ്ട്‌ ..ഇഷ്ടായിനി

    ReplyDelete
  7. വരയും നന്നായിരിക്കുന്നുവെന്ന് പറയാന്‍ മറന്നു.

    ReplyDelete
  8. കഥയെക്കാള്‍ മനോഹരം സംഭാഷണങ്ങള്‍.............

    ReplyDelete
  9. സംഗതി കലക്കി ട്ടോ

    ReplyDelete
  10. a gud work bhai, especially the dialogues...

    ReplyDelete
  11. കഥയുടെ പ്രമേയം നന്നായി. പക്ഷെ, ഭാഷ ശരിയായോ? ഇല്ല എന്നാണു എനിക്ക് തോന്നുന്നത്. മലബാറിൽ പലയിടത്തും പലതാണ് ഭാഷ. എല്ലാം മിക്സായിപ്പോയോ എന്നൊരു തോന്നൽ.

    ReplyDelete