ഓർമ്മകളുടെ സ്ക്കൂളിലേക്കൊന്നു പോകണം
അവിടെയാരുമില്ലാത്തപ്പൊ..!
നമ്മുടെ കാല്പെരുമാറ്റം തിരിച്ചറിഞ്ഞ് ക്ലാസ്സ് റൂമിന്റെ ജന്നലും വാതിലും
തനിയേ തുറക്കണം..!
നമ്മൾ തമ്മിൽ കണ്ണെറിഞ്ഞിരുന്ന ബഞ്ചുകളിൽപ്പോയിരിക്കണം..
അന്ന് ബോർഡിലെ തിരിച്ചറിയാൻ കഴിയാതെ പോയ അക്ഷരങ്ങളൊക്കെ
ഉറക്കെ വായിക്കണം..
കഴുക്കോൽപ്പലകയിലെ പ്ലസ്സ് ചിഹ്നങ്ങൾക്കിടയിൽ അന്നത്തെ ഞാനും നീയും
നമ്മെ നോക്കിച്ചിരിക്കും..!
ആരുടെയോ ബുക്കിൽ നിന്നു വീണു പോയൊരു ഇലമുളച്ചി വലിയൊരു കാടായ്
ക്ലാസ്സ് മൂലയിൽ പന്തലിച്ചിട്ടുണ്ടാകും..
മയിൽപ്പീലിക്കുഞ്ഞുങ്ങളൊക്കെ പുസ്തകത്താളുകൾ
തേടിയോടിയൊളിക്കുന്നുണ്ടാകും..
ബെല്ലടിച്ചെന്ന് കള്ളം പറഞ്ഞ് പുറത്തേക്കോടണം..
മാഞ്ചോട്ടിലൊന്നിൽ പൊഴിഞ്ഞു വീണ ഇലകളിലൊന്ന് കയ്യിലെടുത്ത് വെറുതേ
ഒടിച്ചു മണക്കണം..
ഏതോ ഒരു മരത്തിലിരുന്ന് ഒരു കാക്കയും കുയിലും പരസ്പരം പഴി ചാരും നേരം..
ഞാനും നീയും കൈകോർത്തും, കണ്ണുടക്കിയും..
മുട്ടിയുരുമ്മിയും.. പിന്നെ അകന്നു നിന്ന് തമ്മിൽ കയ്യാട്ടി വിളിച്ചും...
അങ്ങനെയങ്ങനെ...
നമ്മുടെ ക്ലാസ്സ് റൂമിന്റെ പിന്നാമ്പുറത്തു പൊട്ടിവീണ പഴയ, കറുത്ത പായൽ
പിടിച്ച ഓട്ടു കഷണമൊന്നെടുത്ത് ദൂരേക്കെറിയണം..
ഭയന്ന് ചിതറിപ്പറന്ന അങ്ങാടിക്കുരുവികളോട്.. 'അയ്യോ' ന്ന് മാപ്പു പറയണം..
മൈതാനത്ത് ഓരത്തായ് നിൽക്കുന്ന രാവിലത്തെ ഇത്തിരി മഞ്ഞുനനവുള്ള
പുൽത്തകിടിയിൽ അമർന്നിരിക്കണം...
മണ്ണും മഞ്ഞും ഉടുപ്പിലണിയണം..
നമ്മളെന്തിനാ ഇപ്പൊ വന്നേന്ന് തമ്മിൽ അതിശയപ്പെടണം..!!!
അപ്പുറത്തൊരു മരച്ചോട്ടിൽ.. ഒന്നേ രണ്ടേന്ന് എണ്ണിക്കൊണ്ട് സാറ്റു കളിക്കാൻ
നമ്മെ വിളിക്കുന്നുണ്ടാവും,
പത്തിൽ തോറ്റതിന് കിണറാഴം തേടിപ്പോയ നമ്മുടെ പാവം റാബിയ..!!
പടിക്കെട്ടുകളിറങ്ങുമ്പോ വെറുതേയൊന്ന് തിരിഞ്ഞു നോക്കണം..
കോരിച്ചൊരിയുന്നൊരു മഴയിൽ ഓടിൽ നിന്നൂർന്ന് വീഴുന്ന വെള്ളം
ചോറുപാത്രത്തിൽ നിറച്ച് ഞാനും നീയും പിന്നെയുമവിടെ നിൽക്കുന്നുണ്ടാവും..
എത്ര വിളിച്ചാലും തിരികെ വരാൻ കൂട്ടാക്കാതെ..!!
ഇനിയെത്ര വട്ടം വന്നാലും മതിവരാത്തത്ര ഓർമ്മകൾ സ്ക്കൂൾ മഴയായ്
തോരാതെയങ്ങനെ നമുക്ക് മേൽ പെയ്തു കൊണ്ടേയിരിക്കും..!
(Image Courtesy: Google)
No comments:
Post a Comment