പോസ്റ്റിലെ ചിത്രങ്ങള്‍ക്ക് കടപ്പാട്:- ഗൂഗിള്‍

Saturday, March 3, 2012

വേറെയൊരുറുമ്പ് (ചെകുത്താന്റെയാള്‍)




മുന്നില്‍ നടക്കുന്നവന്റെ ഫിറോമോണ്‍ മണത്തിട്ടാണെങ്കിലും-
ഞങ്ങളുടെ യാത്രയ്ക്ക് ലക്‌ഷ്യം രണ്ടായിരുന്നു...
ഇതിനു മുന്‍പുമീ നേര്‍ രേഖയ്ക്ക് കുറുകേ-
നടന്നു ഞാന്‍ തലതിരിഞ്ഞവനായിട്ടുണ്ട്..
സ്വയം സൃഷ്‌ടിച്ച  ഉന്നം തിരഞ്ഞു പാഞ്ഞപ്പോഴൊക്കെ-
വഴിപിഴച്ചവനാക്കപ്പെട്ടിട്ടുണ്ട്...
എന്നിട്ടുമെന്തോ എനിയ്ക്കീ ശവത്തിന്റെ-
രുചിയത്ര പിടിയ്ക്കുന്നില്ല..


ഒരിയ്ക്കല്‍ വഴിതെറ്റിക്കയറിച്ചെന്നത്-
ദൈവത്തിന്റെ വീട്ടിലേക്കാണ്..
പടിപ്പുര കടന്നപ്പോള്‍ കൂറ്റന്‍ വേട്ടനായ്ക്കള്‍-
എന്റെ നെഞ്ചിലേക്ക് കുതിച്ചു ചാടി..
ഇന്നുമതോര്‍ക്കുമ്പോളൊരു നടുക്കമാണെന്റെയുള്ളില്‍..
പാതിതുറന്ന വാതിലിനുള്ളിലേക്ക്-
അലമുറയിട്ടു ഞാന്‍ പാഞ്ഞു കയറി..


ഭീമാകാരനായൊരാള്‍ വെറും തറയില്‍-
കൂര്‍ക്കം വലിച്ചുറങ്ങുന്നു...
കഴുത്തില്‍ തൂങ്ങുന്ന സ്വര്‍ണ്ണ ബോര്‍ഡില്‍-
ദൈവമെന്ന് വലുതായി എഴുതിയിരുന്നു..
തുളുമ്പിയൊലിച്ച മദ്യ ചഷകത്തിന്റെ ഗന്ധം..
ഓരോ നിശ്വാസത്തിലും വന്യമായി-
പുറത്തേക്ക് വരുന്ന ദൈവത്തിന്റെ ദംഷ്ട്രകള്‍..
ഭയമെന്റെ ശബ്ദത്തെയപഹരിച്ചപ്പോള്‍-
അവിടവിടെയായ് ചിതറിക്കിടന്ന മാംസ-
ക്കഷണങ്ങളിലേക്ക് ഞാന്‍ മുഖമടിച്ചു വീണു..


കുറച്ചു മാലാഖമാര്‍ പാഞ്ഞെത്തിയെന്നെ-
കൈകളില്‍ കോരിയെടുത്തു തലോടി..
കുറച്ചു പേര്‍ ദൈവത്തെ പരിചരിച്ചു..
പിന്നെ യൊരാള്‍ എന്നോടെന്തോ ചോദിച്ചു..
എനിയ്ക്ക് മാലാഖമാരുടെ ഭാഷ അറിയില്ലല്ലോ...
ഞാനവളെ തുറിച്ചു നോക്കി നിന്നു..
പിന്നെയവള്‍ എന്നെ പിറകിലെ വാതിലിക്കൂടി-
പുറത്തേക്കു കൂട്ടിക്കൊണ്ടു പോയി..
ദൈവവും ചെകുത്താനുമയല്‍ക്കാരാണത്രേ..!


വലിയൊരു പൂന്തോട്ടത്തിന്റെ നടുവിലൊരു-
മാളികയില്‍ ചെകുത്താനുണ്ടായിരുന്നു...
സുന്ദരനായ ചെകുത്താന്‍ ചിരിയ്ക്കുമ്പോഴൊക്കെ..
എന്റെയുള്ളില്‍ പുതിയൊരൂര്‍ജ്ജം കടന്നു വന്നു.
വയറു നിറയെ ആഹാരവും തന്ന് പടിപ്പുരയ്ക്കല്‍-
വന്നെന്നെ യാത്രയാക്കുമ്പോള്‍..എന്റെ-
കണ്ണുകള്‍ നിറഞ്ഞിരുന്നു..



തണുത്ത കൈവെള്ള കൊണ്ടെന്റെ-
കവിളിലെ നനവു തുടയ്ക്കുമ്പോളെന്റെ-
കണ്ണീര്‍ ഗ്രന്ഥിയും പിഴുതെടുത്തതാകാമതില്‍-
പിന്നെയിന്നു വരെ ഞാന്‍ കരഞ്ഞിട്ടേയില്ല...
ഞാന്‍ ചെകുത്താന്റെയാളായി..!