പോസ്റ്റിലെ ചിത്രങ്ങള്‍ക്ക് കടപ്പാട്:- ഗൂഗിള്‍

Monday, August 1, 2011

ഹിമസാനുക്കളില്‍ പ്രണയം പെയ്യുമ്പോള്‍..

നാലു വര്‍ഷങ്ങള്‍ക്കു ശേഷം എന്റെ വിവാഹത്തലേന്ന് ഒരു സമ്മാനപ്പൊതിയുമായ് അവളെത്തി. പൊതി കയ്യില്‍ തന്ന് മുഖത്തു നോക്കി  ഹൃദ്യമായ് ഒന്നു ചിരിച്ചു "നല്ല ഒരു ജീവിതം ആശംസിയ്കുന്നു" എന്നു മാത്രം പറഞ്ഞു. ഒറ്റയ്ക്കാണ് വന്നത്. പഴയ കൂട്ടുകാരോട് കുശലം പറയാന്‍ പോലും നിന്നില്ല. തിരക്കുണ്ട് വേഗം പോകണം വിവാഹത്തിനു വരാന്‍ പറ്റില്ല എന്ന് പറഞ്ഞു.എന്തു കൊണ്ട് എന്നു പോലും ഞാന്‍ ചോദിച്ചതുമില്ല. ചിരിച്ചു കൊണ്ടു പടികടന്നു പോയി.
ഏറെ ആകാംക്ഷയുണ്ടായിരുന്നു അതില്‍ എന്താണെന്നറിയാന്‍. അപ്പോള്‍ത്തന്നെ മുറിയില്‍ കൊണ്ടു പോയി തുറന്നു. ഓരോ പൊതികള്‍ക്കുള്ളിലും പുതിയ പൊതികള്‍..ക്ഷമയുടെ വറ്റിത്തുടങ്ങിയ അവസാന തുള്ളിയില്‍ ഞാന്‍  ഇരുപത്തി ഒന്നാമത്തെ പൊതിയും തുറന്നു. ഉള്ളില്‍ ഒരു വെള്ളക്കടലാസ് ചെറുതായി മടക്കി വച്ചിരുന്നു. അതിനുള്ളിലായ് കടും ചുവപ്പാര്‍ന്ന  ഒരു ഗുല്‍മോഹര്‍ പൂവ്...ഒരു പൂവിലും കണ്ടിട്ടില്ലാത്ത ചുവപ്പു നിറമുണ്ടായിരുന്നു അതിന്.ആ വെളുത്ത കടലാസു തുണ്ട് ഒരു രഹസ്യം ചോദിയ്ക്കും പോലെ എന്നോട് മന്ത്രിച്ചു"ഇനിയുമെന്താണ് നീയെന്നില്‍ തിരയുന്നത്?"


പ്രഥമരാത്രി പുതുതായി പണി കഴിപ്പിച്ച വീട്ടിലായിരിയ്ക്കണമെന്ന് എനിയ്ക്കു നിര്‍ബന്ധമുണ്ടായിരുന്നു. അങ്ങനെ വിവാഹശേഷം അന്നു തന്നെ നവവധുവുമായി കുടുംബവീട്ടില്‍ നിന്നും എന്റെ സ്വപ്ന സൗധത്തിലേക്കു യാത്രയായി. എണ്‍പതു കിലോമീറ്ററിലേറെ ദൂരമുണ്ടായിരുന്നു. ബന്ധുക്കളുടെ വിലക്കുകള്‍ വകവെയ്ക്കാതെയുള്ള യാത്രയായതിനാല്‍ മറ്റാരും വരുവാന്‍ കൂട്ടാക്കിയില്ല. അതു തന്നെയായിരുന്നു എന്റെ ആഗ്രഹവും. ഭാര്യയേയും കൂട്ടി സ്വയം ഡ്രൈവ് ചെയ്ത് വീട്ടിലെത്തിച്ചേര്‍ന്നു. താലി കെട്ടിയതു മുതല്‍ കാണുവാന്‍ തുടങ്ങിയ എന്റെ വിചിത്രമായ രീതികള്‍ അവളുടെ മുഖത്ത് വരുത്തിയ പരിഭ്രമം എന്നെ നന്നായി രസിപ്പിച്ചിരുന്നു.


പുറത്തു നിന്നും വാങ്ങിയ ഭക്ഷണം കഴിച്ച് കയ്യും മുഖവും കഴുകിക്കൊണ്ടിരുന്നപ്പോളാണ് വാതിലില്‍ മുട്ടു കേട്ടത്. വേഗം ചെന്ന് കതകു തുറന്നു. മുന്‍പില്‍  സ്വാതി. ഞാന്‍ കണ്ണു മിഴിച്ചു നിന്നു. ഇവള്‍..ഇവിടെ.. എന്തെങ്കിലും ചോദിയ്ക്കും മുന്‍പേ അവള്‍ പറഞ്ഞു തുടങ്ങി. 

 "എനിയ്ക്ക് ഇവിടെ അടുത്തു വരെ വരേണ്ട ആവശ്യമുണ്ടായിരുന്നു. അല്പം താമസിച്ചു പോയി. തിരികെ പോകാന്‍ വണ്ടിയൊന്നും കിട്ടിയില്ല.അപ്പോഴാണ് നീയിവിടെ പുതിയ വീടു വച്ച കാര്യം ഓര്‍ത്തത്..അങ്ങനെയാണ് ഇവിടേക്കു വന്നത്.. " 

"വാ..നീ അകത്തേക്കു വാ.." ഞാന്‍ ക്ഷണിച്ചു. 

അവള്‍ വീണ്ടും പറഞ്ഞു തുടങ്ങി..

"നിനക്കു ബുദ്ധിമുട്ടായാലും ഇല്ലെങ്കിലും ഇന്ന് എന്നെ നിങ്ങള്‍ സഹിച്ചേ പറ്റൂ.." 

"പക്ഷേ ഇന്നു ഞങ്ങള്‍ ഇവിടേക്കു പോരുമെന്ന് നീയെങ്ങനെ...??" 

അവള്‍ എന്റെ കണ്ണിലേക്കു നോക്കി..ആ നോട്ടം താങ്ങാനാവാതെ ഞാന്‍ മുഖം കുനിച്ചു..ഞങ്ങളുടെ സംസാരം കേട്ടു കൊണ്ടാണ് ഭാര്യ അടുക്കളയില്‍ നിന്നും വന്നത്..

"ങ്ഹേ..ആരാ ഇത്..? "അവള്‍ ചോദിച്ചു..

"ഞാന്‍..ഞാനാണ് കട്ടുറുമ്പ്..." 

എനിയ്ക്ക് ചിരിയ്ക്കാനുള്ള  ശേഷി നഷ്ടപ്പെട്ടുവെന്നു തോന്നി.. ഭാര്യ എന്റെ മുഖത്തേക്കു നോക്കി..ഞാനവളോട് പറഞ്ഞു 

"ഇത് എന്റെ സുഹൃത്ത്  സ്വാതി.. നീയെന്തെങ്കിലും കഴിച്ചോ..?" 

"ഇല്ല..ബാക്കിയെന്തെങ്കിലും ഇരിപ്പുണ്ടോ നല്ല കട്ടിക്കെന്തെങ്കിലും പോരട്ടേ.." 

അപ്പോഴും ഭാര്യ നടുങ്ങലില്‍ നിന്നും മുക്തയായിട്ടില്ല. 

"നീയിങ്ങനെ കണ്ണും മിഴിച്ചു നില്‍ക്കാതെ ചോറിരിപ്പുണ്ടെങ്കില്‍ അവള്‍ക്ക് കൊടുക്കൂ..." 

അവള്‍ ഭാര്യയ്ക്കൊപ്പം അടുക്കളയിലേക്കു പോയി.
ഞാന്‍ മുറ്റത്തേക്കിറങ്ങി.നല്ല തണുപ്പുണ്ട്. കാര്‍മേഘങ്ങള്‍ തിരക്കിട്ട് എവിടേക്കോ പായുന്നു. ഇടയ്ക്കിടെ മിന്നുന്ന നക്ഷത്രങ്ങളേക്കൂടി കറുത്ത ചാക്കുകള്‍കൊണ്ടു മൂടുന്നു. പിന്നെ അവയും പേറി എവിടെക്കോ പായുന്നു. ചെറിയ ചാറ്റല്‍ മഴയുണ്ടെന്നു തോന്നി. അകത്തേക്ക് കയറി. അടുക്കളയില്‍ പാത്രങ്ങള്‍ കലപില കൂട്ടുന്നു.ഞാനോര്‍ത്തു എന്തെല്ലാം യാദൃശ്ചികതകള്‍....കിടപ്പു മുറിയില്‍ കയറി കതകടച്ചു. കട്ടിലില്‍ ഇരുന്നു. പിന്നിലേക്കു കൈകള്‍ കുത്തി ഒന്നു നെടുവീര്‍പ്പെട്ടു. കൈകളില്‍ എന്തോ തടയുന്നു. എഴുന്നേറ്റു  ലൈറ്റിട്ടു. ഞെട്ടിപ്പോയി.കിടക്കെ നിറയെ  ഗുല്‍മോഹര്‍ പുഷ്പങ്ങള്‍...സ്വാതിയുടെ പ്രിയ പുഷ്പങ്ങള്‍.. ഇത്..ആരാണീ പൂക്കള്‍ ഇവിടെ വിതറിയത്..ഇതിനു വേണ്ടിയാണോ..ഈ രാത്രിയില്‍ ഇത്ര ദൂരം താണ്ടി അവള്‍ വന്നത്..?

"എന്തായിതൊക്കെ....?"  

തിരിഞ്ഞു നോക്കുമ്പോള്‍ പിന്നില്‍ ഞെട്ടിത്തരിച്ചു നില്‍ക്കുന്ന ഭാര്യ..
"ഒക്കെ അവളുടെ പണിയാവും..അല്ലാതെയാരാ...അവളെവിടെ..?" ഞാന്‍ ചിരിയ്ക്കാന്‍ ശ്രമിച്ചു. " 

"ഏതവള്‍...?" 

"സ്വാതി..അവളെവിടെ....?"  

"സ്വാതിയോ..ഏതു സ്വാതി..?ഈ കല്ലും മണ്ണുമൊക്കെ കിടക്കയില്‍ വാരിയിട്ടിട്ട്...എന്തൊക്കെയാ ഈ പുലമ്പുന്നത്..." അവള്‍ കരച്ചിലിന്റെ വക്കത്തെത്തി..

"കല്ലോ..." ഞാനതില്‍ ഒരു പൂവെടുത്ത് ഞെരുടി നോക്കി.."ഇതു പൂവല്ലേ..?ഞാനവളുടെ നേരേ നോക്കി.

"നീയല്ലേ അവള്‍ക്കു ചോറു വിളമ്പിക്കൊടുത്തത്...!!?"

ഞാന്‍ ഓടി അടുക്കളയില്‍ പോയി നോക്കി...പിന്നെ ഹാളില്‍ കതകിനു പിറകില്‍..അലമാരയ്ക്കു പിന്നില്‍...എവിടെയും അവളില്ല...തിരികെ ബെഡ്റൂമില്‍ വന്നു നോക്കുമ്പോള്‍..ഭാര്യ ഏങ്ങലടിച്ചു കരയുകയാണ്..ഞാന്‍ പതിയെ ടൈല്‍സിട്ട തറയില്‍ മലര്‍ന്നു കിടന്നു..മുകളില്‍ അതിവേഗത്തില്‍ തിരിയുന്ന പങ്ക എന്നെ നോക്കി പൊട്ടിച്ചിരിയ്ക്കുന്നു..കണ്ണുകള്‍ ഇറുക്കി അടച്ചു....


പഠനകാലത്തു തന്നെ ടെസ്റ്റെഴുതി ഒരു ജോലി നേടിയെടുത്തു. ആദ്യ പോസ്റ്റിങ്‌ വീട്ടില്‍ നിന്നും അല്പം അകലെ മറ്റൊരു ജില്ലയിലായിരുന്നു. റൂമില്‍ നിന്നും ഓഫീസിലേക്ക് പോകും വഴി സ്ഥിരമായി ബസ്റ്റോപ്പില്‍ നില്‍ക്കുന്ന ഒരു പെണ്‍കുട്ടിയെ ശ്രദ്ധിച്ചിരുന്നു.തുള്ളിക്കൊരു കുടം പോലെ മഴ തിമര്‍ത്തു പെയ്യുന്ന ഒരു തുലാമാസ പുലരിയിലാണ് ആദ്യം ഞങ്ങള്‍ കണ്ടുമുട്ടുന്നത്. അലസമായ് കുടയും പിടിച്ച് പാതി മഴയും നനഞ്ഞ് അവള്‍ എനിയ്ക്കെതിരെ പാതയോരത്ത് നിന്നിരുന്നു. എന്റെ നോട്ടം കണ്ടിട്ടോയെന്തോ എന്നെ കണ്ണ് മിഴിച്ച്ചു നോക്കുന്നത് കണ്ടു.ഒരു ദിവസം അതു വഴി നടന്നു പോകുമ്പോള്‍ അടുത്തേക്ക് ചെന്ന് നേരിട്ടു ചോദിച്ചു..

"എന്തിനാണ് ഇങ്ങനെ നോക്കുന്നത്..എന്നെ അറിയാമോ?" 
ഒരു ചമ്മലും കൂടാതെ മറുപടിയും വന്നു. 

"എന്നെ നോക്കുന്നത് കൊണ്ടല്ലേ അങ്ങനെ തോന്നുന്നത്?..മാസികകളില്‍ വരുന്ന കവിതകള്‍ വായിക്കാറുണ്ട്..അങ്ങനെ അറിയാം.." 
അല്പ സ്വല്പം എഴുത്തും മറ്റും ഉണ്ടായിരുന്നത് ആനുകാലികങ്ങളില്‍ അവ പ്രസിദ്ധീകരിച്ച് ചെറിയ പ്രശസ്തിയൊക്കെ അക്കാലത്തു കിട്ടിയിരുന്നു. പിന്നെ ഞങ്ങള്‍  ഇടയ്ക്കിടെ കാണുവാനും സംസാരിയ്ക്കുവാനും പുസ്തകങ്ങള്‍ കൈ മാറുവാനുമൊക്കെ തുടങ്ങി. സ്വന്തമായ് എന്തെങ്കിലുമൊക്കെ അവള്‍ എഴുതിത്തരുമായിരുന്നു.."തെറ്റു തിരുത്തി തരൂ.." എന്നു പറഞ്ഞു കൊണ്ട് അതെനിയ്ക്ക് നീട്ടും. അതിലെ തെറ്റും ശരിയും വേര്‍തിരിയ്ക്കാന്‍ എനിയ്ക്ക് കഴിഞ്ഞില്ല. അതിനു ഞാന്‍ മുതിര്‍ന്നതുമില്ല. ആ അടുപ്പത്തിന് എന്തു നിര്‍വ്വചനം അവള്‍ നല്‍കിയെന്നു നോക്കിയില്ല. നന്നായി എഴുതാന്‍ കഴിവുണ്ടായിരുന്ന ആ കുട്ടിയോട് എനിയ്ക്ക് പ്രണയം തന്നെയായിരുന്നു. എന്നോടുള്ള അടുപ്പത്തിനും പ്രണയത്തിന്റെ ഇളം ചൂട് എനിയ്ക്കനുഭവപ്പെട്ടിരുന്നു.

അവള്‍ ആദ്യം എഴുതിത്തന്ന വരികളില്‍ തന്നെ ഒരു ചോരമണമുണ്ടെന്ന് എനിയ്ക്കു തോന്നിയിരുന്നു. നാളെയിലെപ്പോഴോ സ്വന്തം ചോര കൊണ്ട് ഏതോ പ്രണയനൈരാശ്യത്തിന്റെ വേദനയെ തോല്പ്പിയ്ക്കാന്‍ അവള്‍ ഒരുങ്ങുന്നുവെന്നാണ് ഞാന്‍ കരുതിയത്. അവിടവിടെയായി ചുടലപ്പറമ്പിനെ വലിച്ചിഴച്ച അക്ഷരക്കൂട്ടങ്ങളില്‍ നിന്നും എന്റെ പുതിയ കൂട്ടുകാരിയെ ഞാന്‍ തിരികെ കൊണ്ടു വരികയായിരുന്നു. പിന്നെ പതിയെ, ആദ്യം തന്ന സ്വരാക്ഷരങ്ങളില്‍ നിന്നിറ്റു വീണ നിണത്തുള്ളികള്‍ എന്റെ സിരകളിലേക്കാവാഹിക്കപ്പെട്ടപ്പോള്‍ നിഗൂഢതകളുടെ ആ ചങ്ങാതിയെ ഞാനെന്റെ നെഞ്ചിലേക്ക് വലിച്ചടുപ്പിച്ചു. പൂര്‍വ്വകാലത്തിലെ ഏതൊക്കെയോ നോവുകളില്‍ ഉരഞ്ഞ് വീണ്ടും വീണ്ടും ചോര പൊടിഞ്ഞു കൊണ്ടിരുന്ന അക്ഷരങ്ങള്‍ എന്‍റെ ഉറക്കം കെടുത്തിയപ്പോള്‍ അവയുടെ ഉറവിടം ഞാന്‍ തേടി. ഒന്നുമില്ലെന്നുള്ള ഒരു മറുപടി മാത്രം അവളെനിയ്ക്കു തന്നു.ഒരു ദിവസം ഉച്ച സമയത്ത് എന്നോട് ചോദിച്ചു...

"ഇന്ന് ഒരിടം വരെ വരുമോ എനിയ്ക്കൊപ്പം...?" 

ഞങ്ങള്‍ കയറിച്ചെല്ലുമ്പോള്‍ ലഞ്ച് ബ്രേക്ക്‌ ആണ് വരാന്തയിലും മുറ്റത്തുമായി കലപില കൂട്ടി നില്‍ക്കുന്ന കുട്ടികള്‍.. ഞാന്‍ അവളുടെ മുഖത്തേക്കു നോക്കി... പുഞ്ചിരിച്ചു കൊണ്ട് അവള്‍ ടീച്ചേഴ്സ് റൂമിലേക്ക് കയറിപ്പോയി..ഞാന്‍ വരാന്തയില്‍ തന്നെ നിന്നു..കുറച്ചു നിമിഷങ്ങള്‍ക്കുള്ളില്‍ അവള്‍ മടങ്ങി വന്നു. വരൂ..ഞാന്‍ പിന്നാലെ നടന്നു. ഒരു ക്ലാസ് റൂമിന്റെ വാതില്‍ക്കല്‍ ചെന്നിട്ട് ഉള്ളിലേക്ക് ആരെയോ കയ്യാട്ടി വിളിച്ചു..നിമിഷങ്ങള്‍ക്കുള്ളില്‍ "അമ്മേ.."യെന്നുറക്കെ വിളിച്ചു കൊണ്ട് ഒരു കൊച്ചു കുസൃതിക്കുടുക്ക അവളുടെ നേരേ ഓടിയെത്തി.ഇരു കൈകള്‍ കൊണ്ടും അവനെ വാരിയെടുത്ത്‌ ആ മുഖം മുഴുവന്‍ അവള്‍ ഉമ്മ വച്ചു. ബാഗില്‍ നിന്നും ഒരു പ്ലാസ്റ്റിക് കൂട നിറയെ ചോക്കലേറ്റുകള്‍ എടുത്ത് അവനു നല്‍കി. പിന്നെ അവനെയുമെടുത്ത് എന്റെ നേരേ വന്നു. ആ കുട്ടി എന്റെ മുഖത്തേക്കു്‌ കൗതുക പൂര്‍വ്വം നോക്കി..പിന്നെ ഒരു ചൊക്കലേറ്റ് നുണഞ്ഞു കൊണ്ട് അവളുടെ മുഖത്തേക്കും.
"എന്തേ...നോക്കുന്നേ?"അവളുടെ മുഖത്തും ഒരു കുസൃതിച്ചിരി മുളച്ചു.
ഞാനവനെ എടുക്കുവാന്‍ കൈ നീട്ടി...അവന്‍ പക്ഷെ മുഖം തിരിച്ചു കളഞ്ഞു. 

"മോനു..അങ്കിളിന്റെ കയ്യില്‍ ചെല്ലൂ..."

അവളുടെ വാക്കുകള്‍ക്കും അവന്‍ നിഷേധാര്‍ത്ഥത്തില്‍ തലയാട്ടി...ക്ലാസില്‍ കയറുവാനുള്ള മണിയടിച്ചു. അപ്പോഴും  അവള്‍ ആ കുഞ്ഞിനോട് എന്തൊക്കെയോ സംസാരിച്ചു കൊണ്ടിരുന്നു...അവന്‍ തിരിച്ചും.. ഒരു അധികപറ്റായി അവിടെ നില്‍ക്കാന്‍ എന്റെ മന:സ്സ് സമ്മതിച്ചില്ല...ഞാന്‍ പതിയെ മുറ്റത്തേക്കിറങ്ങി നടന്നു.

ആരാണ് ആ കുഞ്ഞെന്ന് എനിക്കറിയണമായിരുന്നു...ഞാന്‍ ചോദിക്കാതെ തന്നെ അവളതു പറയണമെന്നും എനിയ്ക്കു വാശിയുണ്ടായിരുന്നു...പക്ഷേ അതുണ്ടായില്ല..രണ്ടു ദിവസം കഴിഞ്ഞു വീണ്ടും കണ്ടു മുട്ടിയപ്പോള്‍ പുതുതായ് എഴുതിയ ഒരു കവിതയുണ്ടെന്നും അതു ഏതോ ഒരു മാസികയിലെ മത്സരത്തിനയക്കാനാണെന്നും പറഞ്ഞു. പതിനായിരം രൂപയാണ് ഒന്നാം സമ്മാനം. അതു കിട്ടിയിട്ട് ഒരു പാടാവശ്യങ്ങളുണ്ടെന്ന് പറഞ്ഞു്‌ അവള്‍ ചിരിച്ചപ്പോള്‍   ശരിയ്ക്കും ദേഷ്യം കൊണ്ട് ഞാന്‍ പല്ലിറുമ്മുകയായിരുന്നു. ഇന്നല്പം തിരക്കുണ്ടെന്ന് പറഞ്ഞ് ഞാന്‍ തിരിഞ്ഞു നടക്കാന്‍  തുടങ്ങിയപ്പോള്‍ അവള്‍ പിന്നില്‍ നിന്നും വിളിച്ചു. പിന്നെ എന്റെ അരികില്‍ വന്ന്‌ മുഖത്തേക്കു നോക്കി.

"നിതി മോന്‍ ആരാണെന്ന് എന്തേ ചോദിക്കാഞ്ഞത്...?"

"നിതി മോന്‍..ഓ..അതാണോ ആകുട്ടിയുടെ പേര്.ഞാനെന്തിനു ചോദിക്കണം. ചോദിയ്ക്കാതെ തന്നെ പറയേണ്ട കടമ നിനക്കുണ്ടെന്ന് ഞാന്‍ കരുതുന്നു.  അല്ലെങ്കില്‍ തന്നെ ചോദിയ്ക്കുവാന്‍ അതു മാത്രമല്ലല്ലോ ഉള്ളത്..നിന്റെ ഉള്ളറകളില്‍ മയങ്ങുന്ന ഞാനറിയാത്ത ഒരായിരം രഹസ്യങ്ങള്‍ക്കിടയില്‍ ഒരു നിതി മോനെന്തു പ്രസക്തി.."

"ഹ്മു്‌....

അവള്‍ മൂളി...

"അവന്‍ എന്റെ സ്വന്തം മോനാണ്.." 

ഞാന്‍ ആ കണ്ണുകളിലേക്കു നോക്കി..

"ഹ്മ്മ്..എന്തേ...അല്ലെന്ന് തോന്നുന്നുണ്ടോ...?" 

അവള്‍ ഒരു ചിരിയുടെ മൂടി പതിയെ മാറ്റാനൊരുങ്ങി. 

"എനിയ്ക്കെങ്ങനെ അറിയാം?"ഞാന്‍ നടക്കാന്‍ തുടങ്ങി..


"എന്നു വച്ചാല്‍ എന്നെ സ്വന്തമാക്കിയാല്‍ ഒരു കുഞ്ഞിനെ ഫ്രീ കിട്ടുമെന്ന് സാരം. അപ്പോള്‍ ഒരു അച്ഛനായി എന്നര്‍ത്ഥം." 

അവള്‍ പൊട്ടിച്ചിരിച്ചു. പിന്നെയും കുറെ ദൂരം ഒപ്പം നടന്നു. ഇരുവരും ഒന്നും സംസാരിച്ചില്ല. 
അവള്‍ പറഞ്ഞതില്‍ സത്യമുണ്ടാവില്ലയെന്നെനിയ്ക്കറിയാമായിരുന്നു.എന്നിട്ടും ഒരിയ്ക്കലും തുറക്കാത്ത ഒരു  ഇരുമ്പു വാതായനമായ്  ആ മനസ്സ് എന്റെ മുന്നില്‍ അടഞ്ഞു തന്നെ കിടന്നു. പലപ്പോഴും എന്തിനൊക്കെയോ വേണ്ടി നീരണിഞ്ഞ  ആ മിഴിയിണകളുടെ ഉപ്പ് നുകര്‍ന്ന എന്റെ ചുണ്ടുകള്‍ക്ക് പോലും അജ്ഞാതമായ രഹസ്യം എന്റെയോരോ നിമിഷങ്ങളേയും അലോസരപ്പെടുത്തിക്കൊണ്ടിരുന്നു.

എന്നിട്ടും എന്‍റെ സ്വന്തമെന്നു കരുതി അവളെ ഞാന്‍ പ്രണയിച്ചു. പ്രണയ സായാഹ്നങ്ങളില്‍ എന്റെ വൈവാഹിക ജീവിത സ്വപ്നങ്ങളെ ക്കുറിച്ചു ഞാന്‍ വാചാലനായി. അവള്‍ നിശ്ശബ്ദയായ കേള്‍വിക്കാരി മാത്രമായി. ഞാനും നീയും മാത്രമെന്ന എന്റെയേതോ വാചകാന്ത്യത്തില്‍ അവളെന്നോട് പൊട്ടിത്തെറിച്ചു. കലഹത്തിന്റെയൊരു പീത സായാഹ്നമായ് അതും അവസാനിച്ചു. പക്ഷേ പിന്നെയവള്‍ എന്നില്‍ നിന്നും ഓടി മറയാന്‍ തുടങ്ങി..അവഗണനയുടെ മൂര്‍ച്ച കൂടിക്കൂടി വന്ന ഒരു നാള്‍ ഞാന്‍ സ്വയം പിന്‍വലിയുവാന്‍ തീരുമാനിച്ചു. അന്ന് വൈകുന്നേരം ഞങ്ങള്‍ വഴിയരികില്‍ വച്ചു കണ്ടു മുട്ടി. ബുക്കില്‍ നിന്ന് കുറച്ചു  കടലാസു തുണ്ടുകള്‍ എടുത്ത് എനിയ്ക്ക് നേരെ നീട്ടി. 

ഹിമസാനുക്കളിലെ ഒരു കൊടുമുടിയ്ക്ക്  വലിയൊരു  മഞ്ഞു വീഴ്ചയില്‍  അടുത്തുണ്ടായ ഒരു  മഞ്ഞു മലയോടു തോന്നിയ അഗാധമായ പ്രണയമായിരുന്നു അതിലെ കഥ എനിയ്ക്ക് പറഞ്ഞ് തന്നത്. പരസ്പരം ഒന്ന് ചുംബിക്കാന്‍ പോലുമാവാതെ  വീര്‍പ്പു മുട്ടിയ അവരുടെ പ്രണയത്തിനിടയ്ക്കും  ആ ഹിമസുന്ദരി കാമുകനോട് തന്റെ പിന്തിരിപ്പിക്കാന്‍ ശ്രമിയ്ക്കുന്നുണ്ട്. ദിവസം തോറും അലിഞ്ഞലിഞ്ഞു ഇല്ലാതായിക്കൊണ്ടിരിയ്ക്കുന്ന തന്റെ പ്രണയിനിയെ നോക്കി വിലപിയ്ക്കുന്ന കൊടുമുടിയോട് ഒരു മഞ്ഞു തുള്ളി മാത്രമായ് അവശേഷിച്ച ആ കാമുകി പറയുന്ന വാക്കുകള്‍ വല്ലാത്ത നോമ്പരമെകി.


പിന്നീടൊരിയ്ക്കലും ഞാനവളെ കാണാന്‍ ശ്രമിച്ചില്ല. ഓഫീസില്‍ മറ്റൊരു വഴി പോകാന്‍ തുടങ്ങി..എന്റെ ചിന്തകള്‍ക്കും പ്രവര്‍ത്തികള്‍ക്കും അതീതയായ ഒരു പെണ്ണിനെ എങ്ങനെ ഞാന്‍ ജീവിതത്തിലേക്കു കൂട്ടിക്കൊണ്ടു വരും. ഉറക്കമില്ലാത്ത രാത്രികളില്‍ സിഗരറ്റ് പുക നിറഞ്ഞ മുറിയുടെ ഭിത്തികളില്‍ ഞാന്‍ പലകുറി ആ പേരെഴുതി മായിച്ചു. പിന്നെ ഒരു നാണയം കൊണ്ടെഴുതി. എന്നിട്ടും എങ്ങനെയോ അതു മാഞ്ഞു. കലകള്‍ പോലും മാഞ്ഞുവെന്നു ഞാന്‍ സ്വയം പറഞ്ഞു. മായില്ലെന്നറിഞ്ഞു തന്നെ...
ഒരു കടലാസെടുത്ത് ഇങ്ങനെ കുത്തിക്കുറിച്ചു.

"എല്ലാത്തിനുമുപരിയായ് എന്തോ ചില ചരടുവലികള്‍ മുകളില്‍ നടക്കുന്നുണ്ടെല്ലോ. അവിടെ ഇനിയുള്ള കാലം നാം ഒരിടത്തായിരിയ്ക്കണമെന്ന് തീരുമാനിയ്ക്കപ്പെട്ടിട്ടുണ്ടെങ്കില്‍ നിന്നെ വേദനിപ്പിയ്ക്കാന്‍ വേണ്ടി ജനിച്ചതാണ് ഞാനെന്ന് കരുതിക്കോണം..അതല്ലെങ്കില്‍ ഒരു ദുഷ്ടമന:സ്സിനെ കാണും പോലെ ദൂരെ നിന്ന്‌ നോക്കാം നിനക്കെന്നെ..എന്നോ ഉരുണ്ടുകൂടിയ കാര്‍മേഘമായിരുന്നുവെന്റെ സ്നേഹമെന്ന് അന്നു നിനക്കു തോന്നാം.പണ്ടു നനഞ്ഞ മഴ ഒരു പക്ഷേയന്നു നീയോര്‍ക്കില്ലായിരിയ്ക്കും..അങ്ങനെ സംഭവിയ്ക്കുമെങ്കില്‍ അന്ന്.. മഴമേഘങ്ങള്‍ക്കിടയില്‍ ഇടയ്ക്കിടെ ഒരു മുഴക്കത്തിനു മുന്നോടിയായ് ഞാന്‍ മിന്നി മായും..നിന്നെ കാണുവാന്‍ വേണ്ടി..അതിനു വേണ്ടി മാത്രം..! നേരിയ ഒരു നോവു പോലും തരാതെ അവിടെ നിന്ന് കണ്ടോളാം ഞാന്‍..നീയകന്നു പോയ നിമിഷം തന്നെ ഞാനൊരു മിന്നല്‍ പിണരായി മാറിയെന്നറിയാതെ എന്നെ ശപിയ്ക്കുന്നുണ്ടാവുമപ്പോള്‍ നീ.."

മടക്കി കവറിലിട്ടു.അവളുടെ വിലാസം എഴുതി. നാളെ ഈ നഗരം വിടുകയാണ്. ഏറ്റവും ആഗ്രഹിച്ച കാര്യം. ഒരു സ്ഥലം മാറ്റത്തിനായ് കുറേ നാളായ് പരിശ്രമിക്കുന്നു. പരാജയമായിരുന്നു ഫലം. ഇതിപ്പോള്‍ ഇങ്ങോട്ടു വന്നതാണ്. സന്തോഷത്തോടെ തന്നെ എല്ലാം പായ്ക്ക് ചെയ്തു. നാളെ ഉച്ച കഴിഞ്ഞ്‌ തിരിയ്ക്കണം. പോസ്റ്റ് മാന്റെ കൈവശം തന്നെ കത്തു കൊടുത്തയയ്ക്ക്കാം പോസ്റ്റ് ചെയ്യാന്‍.പിറ്റേന്ന് ഉച്ചയ്ക്ക് കത്തുമായ് പോസ്റ്റ്മാനെ കാത്തിരുന്നു.വന്നപ്പോള്‍ കത്തു കൊടുക്കും മുന്‍പ് കയ്യിലേക്ക് ഒരു പാര്‍സല്‍ വച്ചു തന്നു.വിലാസത്തിലെ വടിവൊത്ത കൈപ്പട സ്വാതിയുടേത്. തുറന്നപ്പോള്‍ ഒരു ഡയറി..ആദ്യ താള്‍ വെറുതേ ഒന്നു മറിച്ചു..ആദ്യ താളില്‍ ഇങ്ങനെ എഴുതിയിരുന്നു "നീ ചോദിച്ചതെല്ലാം". വാച്ചില്‍ നോക്കിയപ്പോള്‍ ബസ്സിനു സമയമാകുന്നു. ഡയറി മടക്കി ബാഗില്‍ വച്ചു. പിന്നെ പെട്ടിയും ബാഗുമെടുത്തു വീടു പൂട്ടി പുറത്തിറങ്ങി. താഴെ വീട്ടുടമസ്ഥന്റെ പക്കല്‍ ചാവി നല്‍കി റോഡിലേക്കിറങ്ങി.

തീവണ്ടിയിലിരുന്ന് ചിന്തിച്ചതും അവളെ പറ്റി മാത്രമായിരുന്നു. എന്റെ സ്നേഹവും വെറുപ്പും നന്മയും തിന്മയുമെല്ലാം ഇനി നിനക്കു മാത്രം പങ്കിട്ടു തരുന്നു വെന്ന് എത്ര വട്ടം പറഞ്ഞതാണ്. എന്നിട്ടും എന്തൊക്കെയോ എന്നില്‍ നിന്നും ഒളിച്ചു വയ്ക്കാന്‍ അവള്‍ വെമ്പല്‍ കൊണ്ടിരുന്നു. എത്രയോ ദിവസങ്ങളിലെ എന്റെ സന്തോഷ നിമിഷങ്ങള്‍ അവളുടെ വിഷാദ രോഗത്തിന്റെ പരു പരുത്ത കാല്പ്പാദങ്ങള്‍ കൊണ്ട് ചവുട്ടിയരയ്ക്കപ്പെട്ടു. എന്നിട്ടും എന്റെ വേദനകള്‍ അവള്‍ കണ്ടില്ലെന്നു നടിച്ചു. എന്നിട്ടിപ്പോള്‍..എല്ലാം അവസാനിപ്പിച്ചു ഞാന്‍ മടങ്ങുന്നുവെന്നറിഞ്ഞപ്പോള്‍ ഒരു കുമ്പസാരം. എന്തിനു ഞാന്‍ ഇനി അതു വായിക്കണം. എന്തിനു ഇനി അവളുടെ രഹസ്യങ്ങളിലേക്ക് ആഴ്ന്നിറങ്ങണം. ഒരു ഡയറിയില്‍ ആത്മ കഥയെഴുതി എന്നെ തിരിച്ചു വിളിയ്ക്കാന്‍ ശ്രമിക്കുകയാണവള്‍..വെറുപ്പാണെനിയ്ക്ക്. ബാഗ് തുറന്ന് ആ ഡയറി ഞാന്‍ പുറത്തെടുത്ത് ജനാലയിലൂടെ പുറത്തേക്ക് നീട്ടി..എന്തോ ഒന്ന് മന:സ്സിനെ വിലക്കുന്നു.പിന്നെയത് തിരികെയെടുത്ത് താളുകള്‍ മറിച്ചു.

എന്റെ കണ്ണില്‍ പതിയുന്ന ഓരോ അക്ഷരങ്ങളും ഏതോ പച്ചപ്പാര്‍ന്ന താഴ്വരയില്‍ പൊഴിഞ്ഞു വീഴുന്ന ചോരച്ചുവപ്പു നിറമുള്ള ഗുല്‍മോഹര്‍ പുഷ്പങ്ങളാകുന്നതു ഞാനറിഞ്ഞു..എന്റെ കൂടകളില്‍ വാരി നിറയ്ക്കുമ്പോഴും ഇട വിടാതെ അവ പൊഴിഞ്ഞു വീണു കൊണ്ടിരുന്നു.. അപ്പോഴും പുതിയ പൂക്കള്‍ വിടര്‍ന്നു കൊണ്ടിരുന്നു.പിന്നെ പരിക്ഷീണനായ് ഒരു മരച്ചുവട്ടില്‍ തളര്‍ന്നു വീണയെന്നെയവ പൊതിയുവാന്‍ തുടങ്ങി. ആ കിടപ്പില്‍ നിര്‍വ്വികാരതയോടെ അതിലെ ഓരോ അക്ഷരങ്ങളും ഞാന്‍ ചവച്ചരച്ചു.
സ്വന്തം ചെറിയച്ഛന്റെ കാമാസക്തിയ്ക്കു മുന്‍പില്‍ പകച്ചു പോയ ഒരു പാവാടക്കാരിയുടെ ആത്മ സംഘര്‍ഷങ്ങള്‍ നിറഞ്ഞ കൗമാര ദിനങ്ങള്‍..മുതിര്‍ന്നുവരുടെ ചെറിയ ശകാരങ്ങളില്‍ പോലും ഭയചകിതയായ് അലമാരയ്ക്കു പിന്നില്‍ ഒളിച്ചിരുന്ന അവള്‍ക്ക് നേരിയൊരാശ്വാസമായ് ഒരു കൂട്ടുകാരി. സ്വയം നശിച്ചു പോയെന്ന തിരിച്ചറിവില്‍ അവളുടെ പാഴായിപ്പോയ ആത്മഹത്യാ ശ്രമങ്ങള്‍..അക്ഷരങ്ങള്‍ പലപ്പോഴും പൊട്ടിക്കരഞ്ഞു കൊണ്ട് എന്റെ നെഞ്ചിലേക്ക് മുഖമമര്‍ത്തി. ഇരുകൈകള്‍ കൊണ്ടും ഞാനവയെ തലോടി..എന്റെ കരങ്ങളെ ബലമായി അവളില്‍ നിന്നും അടര്‍ത്തി മാറ്റുന്ന ഒരു ശക്തിയെ ഞാനവിടെ അനുഭവിച്ചറിഞ്ഞു. 

ദൂരെ ഒരു അനാഥാലയത്തിലെ കുരുന്നുകള്‍ക്ക് മധുരം നല്‍കുവാന്‍ പോയ ചങ്ങാതിയ്ക്കൊപ്പം ഞാനവളെ കണ്ടു. പിന്നെ അവര്‍ക്കൊപ്പം സുമുഖനായ ഒരു യുവാവിനേയും. സ്വയം അവന്‍ അനാഥനെന്നു അവളോടു പരിചയപ്പെടുത്തുന്നുണ്ടായിരുന്നു. വശ്യമായ ഒരു പുഞ്ചിരിയോടെ അവനവളുടെ കൈകള്‍ കവരുന്നത് എന്റെ കൂമ്പിയ മിഴികള്‍ക്കിടയിലൂടെ ഞാന്‍ കണ്ടു. പിന്നെയിതേ താഴ്വരയില്‍ ഒരിടത്തായ്  കൈകള്‍ കോര്‍ത്തു നടന്നകലുന്ന പ്രണയിതാക്കളെ ഞാന്‍ കണ്ടു. അനാഥത്വത്തിന്റെ നീറ്റലില്‍ നീന്തിയും നടന്നും വളര്‍ന്ന് സ്വന്തമായ് വരുമാനമുണ്ടാക്കാനായപ്പോള്‍ തന്നെപ്പോലെ അനാഥനായ ഒരു കുഞ്ഞിന് അവന്‍ അച്ഛനായി. ഒരുപാട് അനാഥ ബാല്യങ്ങളുടെ കലപിലക്കൂട്ടങ്ങളില്‍ നിന്നും പ്രസവിക്കാത്ത ഒരമ്മയുടെ ഉത്തരവാദിത്തങ്ങളിലേക്ക് എടുത്തെറിയപ്പെട്ട ഒരു കൗമാരക്കാരിയുടെ നോവാര്‍ന്ന വാത്സല്യം ഞാനറിഞ്ഞു. അപ്പോഴും വിവാഹം ഒരു വാഗ്ദാനം മാത്രമായ് അവര്‍ക്കിടയില്‍ നില്‍ക്കുന്നതേയുള്ളായിരുന്നു.

വളരെ കുറച്ചു മാസങ്ങളുടെ പ്രണയ കാലത്തിനൊടുവില്‍..ഒരു സായാഹ്നത്തില്‍ തിരക്കാര്‍ന്ന ഒരു നാല്‍ക്കവലയില്‍ ഒരു വാഹനാപകത്തില്‍ നിരത്തിനെ ചുവപ്പിച്ച് തലയും ഉടലും വേര്‍പെട്ട് ഒരു അജ്ഞാത  മൃതദ്ദേഹമായ് അവന്‍ കിടക്കുമ്പോഴും അവള്‍ ആ കുഞ്ഞിനരികെയായിരുന്നു. പിന്നെ അവര്‍ പരസ്പരം കണ്ടില്ല...അവന്‍ കാണുന്നുണ്ടായിരുന്നിരിയ്ക്കാം.ഒരു വര്‍ഷത്തിനിപ്പുറം എനിയ്ക്കരികിലെത്തുമ്പോളും ഗുല്‍മോഹര്‍ പുഷ്പങ്ങള്‍ മാത്രം ചൂടിയിരുന്നു അവള്‍... എനിയ്ക്കൊപ്പം നടന്നപ്പോഴും...അല്ലെങ്കിലും ഞങ്ങള്‍ നടന്നതും അതേ താഴ്വരയിലൂടെയായിരുന്നെല്ലോ..ഇരു വശവും ഗുല്‍മോഹര്‍ മാത്രം പൂവിട്ട നടവഴിയിലൂടെ...

അതില്‍ ഏറ്റവും ഒടുവില്‍ എനിയ്ക്കായ്‌ ഇങ്ങനെ കുറിച്ചിരുന്നു...

"വിധി എന്നെ പറഞ്ഞു പറ്റിക്കുകയായിരുന്നു. നോവിന്റെ കൂര്‍ത്തു മൂര്‍ത്ത മുള്ളുകള്‍ മാത്രം നിറഞ്ഞ ഒരു പടുകുഴിയില്‍ എന്നെ തള്ളിയിട്ടു. എല്ലാം അവസാനിച്ചുവെന്നു കരുതിയിടത്തു നിന്നും ഒരു കൈവിരല്‍ തന്ന് കര കയറ്റി..ഇരു കൈകള്‍ നിറയെ ഗുല്‍മോഹര്‍ പൂക്കള്‍ തന്നു..പിന്നെ ഞാന്‍ നോക്കി നില്‍ക്കേ അതെന്നില്‍ നിന്നും ക്രൂരമായ് തട്ടിയെറിഞ്ഞു.ഇപ്പോള്‍ ഒരിറ്റു ജീവന്‍ മാത്രം ബാക്കിയാക്കി എന്നോട് ജീവിയ്ക്കാന്‍ ആജ്ഞാപിയ്ക്കുന്നു.എനിയ്ക്കു ജീവിച്ചേ മതിയാവൂ..എന്റെ നിതി മോന്റെ അമ്മയായ്..അവനു വേണ്ടി മാത്രം. ഇനി അവന്റെ ജീവന്റെ പച്ചപ്പും അതില്‍ വിടരുന്ന പൂക്കളുമാണെന്റെ ജീവന്‍..അതിനിടയില്‍ നിന്നെ ഞാന്‍ വെറുതേ വലിച്ചിഴച്ചു.പാടില്ലായിരുന്നു.ക്ഷമിയ്ക്കൂ എന്നോട്.."


വണ്ടിയില്‍ നിന്നും ഇറങ്ങിയ ഉടന്‍ തന്നെ അവളുടെ വീടിനടുത്തുള്ള എന്റെ സുഹൃത്തുമായ് 
ബന്ധപ്പെട്ടു.മറ്റെവിടെയോ ജോലി കിട്ടി പോയി എന്നാണറിയാന്‍ കഴിഞ്ഞത്.അവള്‍ താമസിയ്ക്കുന്ന ഹോസ്റ്റലിലെ ഫോണ്‍ നമ്പര്‍ സംഘടിപ്പിച്ചു തന്നു.ഞാനാണു വിളിയ്ക്കുന്നതെന്നറിഞ്ഞിട്ടും പ്രത്യേകിച്ചൊന്നും പറഞ്ഞില്ല. എന്നോടുള്ള വെറുപ്പൊക്കെ മാറിയോ..എന്നു ചോദിച്ചു..എനിയ്ക്കൊന്നും പറയുവാന്‍ കഴിഞ്ഞില്ല.ഇനിയെപ്പോഴാണ് ഒന്നു കാണുക എന്നു മാത്രം ചോദിച്ചു.എന്തിനു കാണണം..അതൊന്നും വേണ്ട..എന്നായിരുന്നു മറുപടി.ഇനി വിളിക്കരുത്..എന്നു കൂടി പറഞ്ഞു ഫോണ്‍ കട്ടു ചെയ്തു.

വല്ലാത്ത ഒരു മാനസികാവസ്ഥയോടെ ജീവിച്ച നാളുകള്‍..തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് പലയാവര്‍ത്തി പറഞ്ഞു കരഞ്ഞിട്ടും എന്റെ മന:സാക്ഷി എന്നെ ചോദ്യം ക്രൂരമായ്‌ ചോദ്യം ചെയ്തു കൊണ്ടിരുന്നു. വര്‍ഷങ്ങള്‍ക്കിപ്പുറം..ഞാന്‍ എന്റെ വിവാഹക്ഷണക്കത്തുകളില്‍ മേല്‍വിലാസം എഴുതിക്കൊണ്ടിരുന്നപ്പോള്‍ ഒരിയ്ക്കല്‍ കൂടി ആ ശബ്ദം എന്റെ ഫോണിലെത്തി. ഒരു നടുക്കമുണ്ടായി..ഇത്ര നാള്‍ വിളിയ്ക്കാതിരുന്നിട്ട് എന്തിനീ വിളിയിപ്പോള്‍ എന്നാലോചിച്ചു നിന്നപ്പോള്‍.മറു തലയ്ക്കല്‍ നിന്നും വിവാഹ ആശംസകള്‍ എത്തി..എല്ലാം അറിയുന്നുണ്ടല്ലേ..?എന്ന ചോദ്യത്തിന് ഒരു ചിരി മാത്രം മറുപടി..

"നിനക്കു സുഖമാണോ.." ഞാന്‍ ചോദിച്ചു.

"ഹ്മ്മ്..സുഖം..! എനിയ്ക്കുള്ള ശിക്ഷകള്‍ തീര്‍ന്നിട്ടില്ലെന്നു തോന്നുന്നു.നിതിമോന് സുഖമില്ല..മഞ്ഞപ്പിത്തം കൂടിയിരിയ്ക്കയാണ്..നേരിയ ഒരു പ്രതീക്ഷ മാത്രം.." അവള്‍ ഒന്നു വിതുമ്പിയോ..

"ഇല്ല..ഒന്നും സംഭവിയ്ക്കില്ല..ഞാന്‍ പ്രാര്‍ത്ഥിയ്ക്കാം.." അത്ര മാത്രം പറഞ്ഞു..

"ഹ്മ്മ്.." മറുപടി ഒരു മൂളലില്‍ ഒതുക്കി. 


"എന്റെ നമ്പറില്‍ നിന്നല്ല ഞാനീ വിളിയ്ക്കുന്നത്..വെക്കുകയാണ്.." അവള്‍ ഫോണ്‍ കട്ടു ചെയ്തു.
പറഞ്ഞതിന്റെ അര്‍ത്ഥം എനിയ്ക്കു മന:സ്സിലായി. തിരികെ വിളിയ്ക്കരുതെന്ന് പറയാതെ പറയുകയായിരുന്നു. എന്തിനാണ് എന്നെയിങ്ങനെ ഭയക്കുന്നതെന്ന് ചോദിയ്ക്കണമെന്നുണ്ടായിരുന്നു.

അടുത്ത ദിവസം വൈകുന്നേരം ഒരു ക്ഷേത്ര ദര്‍ശനത്തിനു ശേഷം തിരികെ വീട്ടിലേക്കു വരും വഴി മൊബൈല്‍ ശബ്ദിച്ചു.പഴയ സുഹൃത്താണ്..കുശലാന്വേഷണങ്ങള്‍ക്കും വിവാഹ വിശേഷങ്ങള്‍ക്കും ശേഷം അവന്‍ അല്പം നിശ്ശബ്ദനായി. എന്തേ മിണ്ടാതിരിയ്ക്കുന്നുവെന്നന്വേഷിച്ചു.

"ഒരു ട്രാജഡി നടന്നു..നിന്നോട് അതു പറയണ്ടായെന്നു കരുതിയതാണ്..പക്ഷേ..എനിയ്ക്കതിനു കഴിയുന്നില്ല.."  

"എന്തേ...?

"നിന്റെയാ പഴയ..."

അത്രയും പറഞ്ഞപ്പോഴേക്കും ഞാന്‍ തടഞ്ഞു..."വേണ്ടാ.. പറയണ്ടാ.."
ഫോണ്‍ കട്ടു ചെയ്തു.

ഹിമസാനുക്കളില്‍ ഒരു പ്രണയം കൂടി ഉരുകിത്തീരുകയാണ്..അവസാന മഞ്ഞു തുള്ളിയും അടര്‍ന്നു വീഴുന്നു.അപ്പോഴും അതിന്റെ നനുത്ത കുളിര് ഇങ്ങനെ പറഞ്ഞു കൊണ്ടിരുന്നു...

"നിന്നെ സ്നേഹിച്ചാല്‍ ഞാന്‍ മാപ്പര്‍ഹിയ്ക്കാത്ത തെറ്റിനുടമയാകും..ഭൂമിയ്ക്കുള്ളിലുള്ള  ഏതെങ്കിലും നിശ്ശബ്ദമായ  സ്ഥലത്തു നിന്ന്, നിന്നെ ഞാന്‍ ആരുമറിയാതെ, നീയുമറിയാതെ..മൗനമായ് പ്രണയിച്ചോട്ടെ..പക്ഷെയീ ലോകത്തില്‍ വച്ചെനിയ്ക്കതിനാവില്ല..ആരുമറിയാത്ത ആ ലോകത്തിലെത്തിയിട്ടു മാത്രം."