"ശേഷിപ്പുകള്‍..!!..സന്തോഷവും സന്താപവുമെന്ന ആദ്യ വികാരങ്ങളുടെ ശേഷിപ്പ്.. സ്നേഹവും,വെറുപ്പും,പ്രണയവും,നിരാശയും പ്രതീക്ഷകളുമെല്ലാം ഇടതൂര്‍ന്നു വളര്‍ന്ന,വളരുന്ന എന്റെ കുഞ്ഞു തലച്ചോറിന്റ്റെ ഞാന്‍ കാണാത്തയിടങ്ങളിലെ ശേഷിപ്പ്.. എന്നോ എവിടെയോ ഞാന്‍ കീറിയെറിഞ്ഞ എന്റ്റെ നൈമിഷിക വികാരങ്ങളുടെ ശേഷിപ്പ്.. പിന്നെ..പിന്നെയെന്റ്റെ സ്വാര്‍ത്ഥതയും, അബോധവും,ഭ്രാന്തും അങ്ങനെയെന്തിന്റെയെല്ലാമോ ശേഷിപ്പ്.. ആര്‍ത്തി പെരുത്തയെന്റെ തലച്ചോറിന്റെ മുറുമുറുപ്പുകളുടെ ശേഷിപ്പ്.."
പോസ്റ്റിലെ ചിത്രങ്ങള്‍ക്ക് കടപ്പാട്:- ഗൂഗിള്‍
Friday, October 15, 2010
തീവണ്ടിയാത്രയിലെ ചങ്ങാതിക്കൂട്ടങ്ങള്‍
എന്നും ഒരലര്‍ച്ചയോടെ തീവണ്ടികള്‍ എന്നിലേക്കു പാഞ്ഞു വന്നിരുന്നു..ആസക്തിയോടെയെന്നെ അറിഞ്ഞും അനുഭവിച്ചും പിന്നെയൊരു കിതപ്പോടെ എന്നെയും കടന്ന് അവ എവിടേക്കോ പൊയ്ക്കൊണ്ടിരുന്നു...കൈകളാല്‍ നിഷേധിച്ചോ കാതുകള്‍ പൊത്തിയോ ഞാനൊരിക്കലും എതിര്‍ത്തിരുന്നില്ല..എന്റ്റെ നഗ്നമായ മനസ്സ് ഞാനവയ്ക്കു കാഴ്ച വെച്ചിരുന്നു..ഒന്നു പോയാല്‍ മറ്റൊന്നിനെയറിയാനും അനുഭവിക്കാനും ഞാന്‍ സദാ തയ്യാറായിക്കൊണ്ടുമിരുന്നു.
തീരെ കുഞ്ഞിലേ തന്നെ തീവണ്ടിയാത്രകള്‍ എന്നിലിഴുകി ചേര്‍ന്നിരുന്നു. കാഞ്ഞങ്ങാടു നിന്നും ചെങ്ങന്നൂരേക്കും തിരിച്ചുമുള്ള യാത്രകളാണ് എന്നെയാ പെരുമ്പാമ്പിന്‍ വര്‍ഗ്ഗത്തോടടുപ്പിച്ചത്..കാഞ്ഞങ്ങാട്ടുള്ള സ്കൂളില്‍ അധ്യാപികയായിരുന്ന അമ്മയ്ക്കൊപ്പമുള്ള യാത്രകള്‍. മലബാര്‍ എക്സ്പ്രസ്സിന്റെ ലേഡീസ് കമ്പാര്‍ട്ടുമെന്റിലെ ദുഷിച്ച വിയര്‍പ്പുനാറ്റവും അതിലേറെ തിക്കിലും തിരക്കിലും ശരീരതാഡനങ്ങളേറ്റ് ഒരല്പം ശുദ്ധവായു ശ്വസിക്കാന്‍ ദീര്‍ഘമായി ശ്വസിക്കുമ്പോളും നാസാരന്ധ്രങ്ങളിലേക്ക് തുളച്ചു കയറുന്ന മൂത്രഗന്ധവും അനുഭവിച്ച് അമ്മക്കയ്യില്‍ നിന്നും പിടി വിടാതെ കൗതുകപുര്‍വ്വം മുഖമുയര്‍ത്തി ഓരോ വദനങ്ങളിലേക്കും മാറി മാറി നോക്കുന്ന ഒരു പിഞ്ചു ബാലന്‍..ഒരു വൈകുന്നേരം മുതല്‍ ആ രാത്രി വെളുക്കുമ്പോള്‍ വരെയുള്ള യാത്ര..
അവരവരുടെ പെട്ടികളിലും ബാഗുകളിലും പിന്നെ തറയിലും ഞെങ്ങി ഞെരുങ്ങിയിരുന്ന് ആന്റിമാര്‍ ഉറക്കം തൂങ്ങുന്ന രാവില്‍ ചേച്ചി മാരേയും ചേട്ടനെയും നാടും വീടും ഒന്നു കൂടി കാണാന്‍ പോകുന്ന ആഹ്ലാദം നിറഞ്ഞ ഉള്ളോടെ ജനാലയില്‍ക്കൂടി വിദൂരതയിലെ വെളിച്ചപ്പൊട്ടുകളില്‍ തിളങ്ങുന്ന കണ്ണുകള്‍ പതിപ്പിച്ച് അവനങ്ങനെയിരുന്നു. ഡിസംബര്‍ മാസ യാത്രകളില്‍ പുറത്ത് പീടികകളിലും വീടുകളിലും തിളങ്ങിനിന്നിരുന്ന നക്ഷത്ര വിളക്കുകള്‍ കണ്ണിലും മനസ്സിലും നിറച്ചുള്ള യാത്ര..
അഞ്ചാം തരത്തില്‍ നാട്ടിലേക്ക് പഠനം മാറുമ്പോള്‍ വരെയുള്ള തീവണ്ടിയാത്രകള്‍ ഓര്‍മ്മയില്‍ ഒരിക്കലുമണയാത്ത നക്ഷത്ര വിളക്കുകളായ് ശേഷിക്കുന്നു...പിന്നെ പഠനകാലത്തെ ഇടവേളകളില്‍ പോലും തീവണ്ടികള്‍ എന്നെ തേടിയെത്തിയിട്ടില്ല..ഞാന്‍ അങ്ങോട്ടു തേടി പോയതുമില്ല..നെഞ്ചില്‍ നേര്‍ത്തൊരു ചൂളം വിളി ബാക്കിയാക്കി ഞാന്‍ കാത്തിരുന്നു.
ആദ്യം ജോലി കിട്ടുന്നത് ഗുജറാത്തിലായിരുന്നു.വീണ്ടും ഞാന്‍ തീവണ്ടിയെ തേടി ചെല്ലുകയായിരുന്നു.ലേഡീസ് കമ്പാര്‍ട്ട്മെന്റിലെ ഒരു ആണ്‍പൈതലിന്റെ യാത്രകള്‍ ഓര്‍മ്മകളായ് ശേഷിക്കവേ ഞാന്‍ റിസറ്വ്വേഷന്‍ ബോഗിയില്‍ അവിടംമുതല്‍ യാത്രകളാരംഭിച്ചു.രണ്ടു രാവും നടുക്ക് ഒരു പകലും നിറഞ്ഞ യാത്ര. ഓരോ യാത്രയിലും പരിചയപ്പെടുന്ന ഒരു പാടു മുഖങ്ങള്‍..സൌഹൃദങ്ങള്‍..നേരിയൊരു നോവു തന്ന് വീണ്ടൂം എപ്പോഴെങ്കിലും കാണാമെന്നു പറഞ്ഞു പിരിയുമ്പോഴും സംശയം ബാക്കി..ഇനിയൊരു കണ്ടുമുട്ടലുണ്ടാകുമോ...??
ഉണ്ടായിട്ടുണ്ട്..ഒന്നോ രണ്ടോ മുഖങ്ങളെ പിരിയുമ്പോള്‍ പറഞ്ഞപോലെ തന്നെ പിന്നെയുമെപ്പോഴൊക്കെയോ യാത്രകളില്‍..ചിലര്‍ വീണ്ടും ഫോണില്‍ ബന്ധപ്പെട്ടിട്ടുണ്ട്.പിന്നെയതും നിലച്ചു.തീവണ്ടിയിലെ സൗഹൃദങ്ങള്‍ മിക്കവയും അവിടെ തന്നെ തീരുകയാണ് പതിവ്..പിന്നെ തിരക്കുകളില്‍ നാമറിഞ്ഞോ അറിയാതെയോ മറന്നു പോകുന്ന ഒരു പാടു മുഖങ്ങളിലൊന്നു മാത്രമായ് ആ സൗഹൃദങ്ങളുമൊടുങ്ങുന്നു... തീവണ്ടി മുറികളില്‍ മൊട്ടിടുന്ന കുറേ പ്രണയങ്ങള്‍ക്കും സാക്ഷിയാകേണ്ടി വന്നിട്ടുണ്ട്..ചിലത് വിവാഹത്തില്‍ വരെയെത്തിയിട്ടുള്ളതും അറിയാം. ഏസി മുറികളിലെ യാത്രകള്‍ ചെറുപ്പക്കാരെ സംബന്ധിച്ച് മടുപ്പുളവാക്കുന്നതാണ്..ശ്വാസം പിടിച്ചുള്ള ഓരോരുത്തരുടേയും ഇരിപ്പുകള്‍..ചൂടുകാലത്ത് ഒന്നു രണ്ടു വട്ടം യാത്ര ചെയ്തതോടെ അതു മടുത്തു. സ്വതന്ത്ര വിഹാരകേന്ദ്രങ്ങളായ ജനറല്‍ റിസര്‍വ്വേഷന് മുറികളിലെ യാത്രയുടെ സുഖം ഒരു തണുപ്പിനും തരാനാവില്ലെന്നു തോന്നി...ബാച്ചിലര്‍ ലൈഫില്‍..
നാട്ടിലേക്കുള്ള യാത്രകളില്‍ ചിലപ്പോള്‍ ഒരുമിച്ച് ഒരേ സ്റ്റേഷനില്‍ നിന്നും കയറുവാനും സുഹൃത്തുക്കളുണ്ടാകും. പല മുറികളിലായിട്ടായിരിക്കും റിസര്‍വ്വേഷന്‍ കിട്ടിയിരിക്കുക.കയറിക്കഴിഞ്ഞ് അവരവരുടെ ലഗേജുകള്‍ ഭദ്രമായി വച്ച ശേഷം അടുത്തിരിക്കുന്നവരുമായി പതിയെ ചങ്ങാത്തം കൂടി പിന്നെ ലഗേജുകള്‍ക്ക് അവരെ കാവലാളാക്കി അടുത്ത മുറികളിലെ സുഹൃത്തുക്കളുടെയടുത്തേക്കോടും..എല്ലാവരും കൂടി ഒരിടത്ത് ഒത്തു ചേരും..പഠനത്തിനും ജോലിക്കുമൊക്കെയായി പോകുന്ന കൗമാരക്കാരികളും യുവതികളും ചിലപ്പോള്‍ കൂട്ടമായി വന്നു കയറുന്നു. ആ കുട്ടികളുമായി ചങ്ങാത്തം കൂടിയാല്‍ പിന്നെ അവരെ സ്വന്തം കൂടപ്പിറപ്പുകളേ പോലെതന്നെയാണ് കരുതുക..അവരുടെ എല്ലാവിധ സംരക്ഷണവും ചേട്ടന്മാര്‍ ഏറ്റെടുക്കുന്നു.ആ കുട്ടികള്‍ക്കും അതൊരു സന്തോഷം തന്നെയാണ്.അങ്ങനെ പാട്ടും കഥകളുമൊക്കെയായി യാത്രകള്‍ ഉത്സവമാകുന്നു.അപരിചിതര്‍ ഒന്നൊന്നായ് സുഹൃത്തുക്കളാകുന്നു.
അതിരു വിടാത്ത സൗഹൃദങ്ങള്‍ 'ഫാമിലീവാല'കള്‍ക്കും അവര്‍ക്കൊപ്പം കൂടാന്‍ പ്രചോദനമാകുന്നു..ആ യാത്ര മനോഹരമാകുന്നു.. പിന്നെ ആഹാരം വാങ്ങലും പങ്കിട്ടെടുക്കലും ഒരുമിച്ചിരുന്നുള്ള കഴിക്കലുമൊക്കെയായി.. നദികളും പാലങ്ങളും ഗുഹകളും കടന്ന് വയലേലകളും കല്പവൃക്ഷങ്ങളും നിറഞ്ഞ നമ്മുടെ സ്വന്തം നാട്ടിലേക്കുള്ള ആഘോഷയാത്ര..കേരളത്തില്‍ കടന്നാല്‍ പിന്നെ ഓരോരുത്തരായ് ഇറങ്ങിത്തുടങ്ങുയാണ്..പിന്നെ ഇറങ്ങുന്നവര്‍ക്കെല്ലാം ഊഷ്മളമായ യാത്രയയപ്പാണ്.ലഗേജുകളെല്ലാം പുറത്തെടുത്തു വെക്കുന്നതും ഇറങ്ങാന്‍ സഹായിക്കുന്നതുമെല്ലാം ചങ്ങാതിമാരാണ്.വിഷാദം നിറഞ്ഞ പുഞ്ചിരിയുമായി യാത്ര പറയുന്ന സുഹൃത്തുക്കള്‍..നിമിഷനേരം കൊണ്ടുണ്ടായ സൗഹൃദങ്ങളുടെ വേര്‍പാടിനും കണ്ണീരിന്റ്റെ ഉപ്പ്..
ഇതിനിടയില്‍ ചില വിരുതന്മാര്‍ കണ്ണു കൊണ്ടുമാത്രം പ്രണയിച്ചു കഴിഞ്ഞിരിക്കും ഏതെങ്കിലുമൊരു സുന്ദരിയെ..!അവരുടെ വേര്‍പാടാണ് കാണാന്‍ രസം..ഒന്നും മിണ്ടാതെൊരു തലകുലുക്കല്‍ കൊണ്ടു പോലും യാത്ര പറയാതെയുള്ള യാത്ര പറച്ചില്‍.. പിരിയലിനു ശേഷം കാമുകന്റെ "അലസദു:ഖവിരസ"മായ ഇരിപ്പ് ഒന്നു കാണേണ്ടതു തന്നെയാണ്..
ഇറങ്ങുന്നവരെ കൂട്ടിക്കൊണ്ടു പോകാനെത്തുന്ന വീട്ടുകാരേയും പരിചയപ്പെടുന്നു.ഒരിക്കല്‍ തീര്‍ച്ചയായും വീട്ടിലേക്കു വരണമെന്നുള്ള ക്ഷണങ്ങള്‍..അടുത്ത ഒരു ചൂളം വിളി കേള്‍ക്കുമ്പോള്‍ കൈകള്‍ വീശി യാത്രയാക്കപ്പെടുന്ന സൗഹൃദങ്ങള്‍.. അങ്ങനെ ഒന്നും രണ്ടും പേരെയായി ഇറക്കിവിട്ട് വീണ്ടും പതിയേ ഇഴഞ്ഞിഴഞ്ഞ് പോകുമ്പോള്‍ ശൂന്യമായ മനസ്സോടെയുള്ള ഇരിപ്പ്..
പിന്നെ എന്തോ ഒരു നഷ്ട ബോധം ബാക്കിയാക്കി സ്വന്തം സ്ഥലത്തിറങ്ങി മറ്റുള്ളവരേയും യാത്രയാക്കുമ്പോഴും..അടുത്ത ചൂളം വിളിയുടെ ശബ്ദവും നേര്‍ത്ത് നേര്‍ത്തു കാതിലലിയുമ്പോഴും..അടരാതെ മിഴിപീലികളില്‍ തങ്ങി നില്‍ക്കുന്ന നീര്‍ക്കണങ്ങളില്‍ ഒരു ഗുണന ചിഹ്നം മാത്രം അവശേഷിപ്പിച്ച് ആ ഭീമ സര്‍പ്പം അനസ്യൂതം യാത്ര തുടരുന്നുണ്ടാവും..ദൂരേക്ക്..ദൂരേക്ക്...
Subscribe to:
Posts (Atom)