പോസ്റ്റിലെ ചിത്രങ്ങള്‍ക്ക് കടപ്പാട്:- ഗൂഗിള്‍

Saturday, September 6, 2025

ബലിശിരസ്സ്



ഓണമെനിയ്ക്ക് ഇന്നലെകളുടെ-

ഓർമ്മപ്പെടുത്തൽ പോലെ..

നാളെയുടെ പ്രതീക്ഷകൾ പോലെ..

കരഞ്ഞു തീർന്നെന്നു കള്ളം പറഞ്ഞ-

യെന്റെ കുറ്റബോധം പോലെ..

പറഞ്ഞു തീരാത്ത കഥകൾ പോലെ..
പല ചിന്തകൾ സുഖവും,

ചില ചിന്തകൾ നോവും,

നിറം മാറിയണഞ്ഞെന്റെ-

യുള്ളിനെ പുണരുന്ന കൗതുക-

മാണെനിയ്ക്കെന്നുമോണം...
കുഞ്ഞനായിന്നും ചതികൾ തുടരുന്നൂ..

പെരുംകുമ്പന്റെ കഥയിലു-

മൊടുങ്ങാത്ത ആർത്തിയും പേറി നീ..
എന്നിട്ടുമെന്നും ഓണ-

മെനിയ്ക്ക് നന്മയാകുന്നു, നേരാകുന്നുവേതോ-

കാത്തിരിപ്പിന്റെയൊടുക്കമാകുന്നു..

പുതിയ കാഴ്ചയ്ക്കുള്ള തുടക്കമാകുന്നു..!
പൂവിനെ നോവിച്ചു ഞാൻ മെനഞ്ഞയീ പൂക്കളം-

ഇന്നലെ നിന്റെ പാദത്തിനടിയിൽ-

ഞെരിഞ്ഞമർന്നയാ ബലി ശിരസ്സായിരുന്നു..
ഊഞ്ഞാലിലാടിയിന്നു ഞാൻ കൈതൊട്ട-

മേഘങ്ങൾ നിന്റെ കുടിലതയ്ക്കരക്കൊപ്പമേ-

ഉണ്ടായിരുന്നുള്ളൂവന്ന്..!
കാലങ്ങൾ താണ്ടി, ലോകങ്ങൾ പിന്നിട്ടണയു-

ന്നോനെയെതിരേൽക്കാനെ-

നിയ്ക്കു നീയൊരേയൊരു ദിനമേ അനുവദിച്ചുള്ളൂ..
എന്നിട്ടുമിന്നും ദൈവമായ് നീയെന്റെ-

പൂജാമുറിയ്ക്കുള്ളിൽ പാലും, പഴവും നുകർന്നു ശയിക്കുന്നു..
നേരറിവിനു നേർന്നൊരു വഴിപാടു പോലെ-

ഞാനെതിരേൽക്കട്ടെയെൻ ഐതീഹ്യ രാജനെ..
തൃക്കാൽ കൊണ്ടു നീ ചവിട്ടിയൊടുക്കിയ,

'നന്മ'യിന്നുമൊരു സങ്കല്പ രൂപമായ്-

ശേഷിയ്ക്കുന്നുവെന്നതു മാത്രമാണെന്റെ ദു:ഖം..!
നാളുകൾക്കപ്പുറമീ വരവേല്പു പോലുമൊരു-

മങ്ങിയ ഓർമ്മ മാത്രമായ് മാറാതിരിയ്ക്കട്ടെ..!!!