പോസ്റ്റിലെ ചിത്രങ്ങള്‍ക്ക് കടപ്പാട്:- ഗൂഗിള്‍

Thursday, September 4, 2025

ഘടികാരം

 


വട്ടത്തിൽ കറങ്ങിയോടുന്ന സൂചികളുള്ള

ഒരു വെള്ളി വളയുണ്ടായിരുന്നു,

അച്ഛന്റെ കയ്യിന്മേലെപ്പൊഴും.

അതു 'ഘടികാര'മാണെന്നും, അതിനുള്ളിൽ സമയമാണെന്നു-

മെനിക്ക് പറഞ്ഞു തന്നത് വല്ല്യമ്മച്ചിയാണ്.

പിന്നെയൊരിക്കൽ പൂരപ്പറമ്പിൽ നി‌ന്ന്,

പച്ചനിറത്തിൽ ഭംഗിയുള്ള,

ഒരു ഘടികാരം അച്ഛനെനിക്ക് വാങ്ങിത്തന്നു.

അതിന് സൂചികളില്ലെങ്കിലും,

അച്ചടിച്ചൊരു സമയമുണ്ടായിരുന്നു.

കൂട്ടുകാർക്കിടയിൽ അതുമണിഞ്ഞ്,

ഗമകാട്ടി നടക്കുമ്പോളെന്റെ-

മാത്രം സമയമതിനുള്ളിൽ, നിശ്ചലമായുറങ്ങിക്കിടന്നു.

നാലാം തരത്തിൽ പഠിക്കുമ്പോൾ,

വല്ല്യമ്മച്ചി തന്നെയാണെന്നെ സമയം നോക്കാൻ പഠിപ്പിച്ചതും പിന്നെയിടയ്ക്കിടെ-

'യെത്രമണിയായെടാ..' ന്നുറക്കെച്ചോദിച്ചെന്റെയുത്തരത്തിലൊക്കെ

വാത്സല്യത്തോടെയുമ്മ വച്ചതും..!

സ്ക്കൂളിൽ പോകും നേരം അമ്മ, 'വേഗം വാ..സമയം പോയി'-

യെന്നെന്റെ കൈയ്യും വലിച്ചോടിയപ്പൊഴാണ്,

ആരെയും കാത്തു നിൽക്കാതെയോടുന്ന സമയത്തെ,

ഞാൻ ശ്രദ്ധിച്ചു തുടങ്ങിയത്.

പരീക്ഷക്കടലാസിൽ ഘടികാരചിത്രങ്ങളിൽ സമയമെഴുതി മുഴുവൻ മാർക്കും

നേടിയത്-

വല്ല്യമ്മച്ചിയെ കാണിക്കാനോടിച്ചെന്നപ്പോൾ, കിടക്കയിൽ

നിന്നെണീക്കാതെയെന്റെ തല ചായ്ച്ച് നെറുകയിൽ ചുംബിച്ച്, 'എന്റെ

സമയമടുത്തു മോനേ'-

യെന്ന് പറഞ്ഞപ്പോഴൊന്നും-

മനസ്സിലാകാതെ ഞാൻ കണ്ണു മിഴിച്ചു.

പിറ്റേന്ന് വിറകുകൊള്ളികൾക്കിടയിൽ,

തീനാളമായെരിയുന്നയെന്റെ 'വല്ല്യമ്മച്ചിയെ പൊള്ളിക്കല്ലേ..' യെന്ന്

അലറിക്കരഞ്ഞപ്പോഴാണ്,

'പോകുന്ന'തിനേക്കാൾ 'അടുത്തു വരുമ്പോ'ഴാണ് സമയത്തെ പേടിക്കേണ്ടതെന്ന്

ഞാനറിഞ്ഞത്.

അപ്പോൾ ഭിത്തിയിലൊരു വലിയ ഘടികാരം ഉച്ചത്തിലാ

സമയമറിയിക്കുന്നുണ്ടായിരുന്നു.

അതു കേൾക്കാനാകാതെ,

ഞാനെന്റെ കാതുകൾ മുറുക്കെ പൊത്തിപ്പിടിച്ചിരുന്നു.

പിന്നെയുമൊരുപാട് ഘടികാരങ്ങളായെന്റെ,

ജീവിതദശകളിലൂടെ,

കയറിയിറങ്ങിയെന്നെ-

പലപ്പോഴും 'വൈകി' യെന്നോർമ്മപ്പെടുത്തി,

കൈവലിച്ചോടിയും,

'ഇപ്പോഴല്ല തെറ്റി' യെന്ന് പഴി ചാരിയും, ഒരുപാട് ഉറ്റവരെയൊക്കെ- മണ്ണായും,

തീയായുമെന്നിൽ നിന്നടർത്തി മാറ്റിയും,

സമയമലിഞ്ഞു ചേർന്നു.

ഇവിടെ ഞാൻ ഓർമ്മകളിൽക്കുരുങ്ങിയെന്റെ സമയത്തിനായ് കാത്തു

കിടക്കുമ്പോഴെനിക്കു കൂട്ടായ് സമയമേറെ ബാക്കിവെച്ചെന്നെ-

തനിച്ചാക്കിപ്പോയയെൻ,

പ്രിയതമ തന്നൊരു സ്നേഹ‌സമ്മാനം,

കട്ടിലിനടിയിലൊരു പഴയ തടിപ്പെട്ടിയിൽ,

നിറം മങ്ങി സൂചികളടർന്നു-

കിടപ്പുണ്ട്, സ്വയം സമയമറിയാതെ..!!!

(Image Courtesy: Google

No comments:

Post a Comment