ഓഫീസിൽ ചെന്നയുടനേ നേരേ മാനേജരുടെ ക്യാബിനിലേക്കാണ് പോയത്.
'ഈ കോണ്ട്രാക്ട് തീർന്നാൽ ഞാൻ വിസ പുതുക്കുന്നില്ല.’
അയാൾ
എന്റെ മുഖത്തേക്ക് നോക്കി.
പതിയെ ആ കണ്ണുകൾ
ചോദ്യചിഹ്നങ്ങളുടെ രൂപം പൂണ്ടു. ഒടുവിൽ അയാൾ സ്വയം
ഒരു വലിയ ചോദ്യരൂപമായ്
മാറുന്നുവെന്ന് തോന്നിയപ്പോൾ ഞാൻ ക്യാബിൻ
വിട്ടിറങ്ങി. കോണ്ട്രാക്ട് തീരാൻ ഇനി
മൂന്നു മാസം കൂടിയേയുള്ളു.
റൂമിലേക്ക് ഡ്രൈവ് ചെയ്യുമ്പോൾ സൈഡ്
വിൻഡോകൾക്കു
പുറത്ത് ഇരുവശവും പിന്നിലേക്ക് പായുന്ന
ഒൻപതുവർഷങ്ങൾ.
ആദ്യം വന്നിറങ്ങിയ ദിവസം,
എയർപോർട്ടിൽ
നിന്നും കാറിൽ ആദ്യമായി
കമ്പനി അക്കോമഡേഷനിലേക്ക് പോയത്,
ഓഫീസിലെ ആദ്യദിനങ്ങൾ, ചങ്ങാതിമാർ, നേട്ടങ്ങൾക്ക് പിന്നാലെ പാഞ്ഞപ്പോൾ അറിഞ്ഞോ
അറിയാതെയോ ഉണ്ടായ, ഉണ്ടാക്കിയ നഷ്ടങ്ങൾ...ആർക്കൊക്കെയോ വേണ്ടി വലിച്ചെറിയാൻ
നിർബന്ധിയ്ക്കപ്പെട്ട
പ്രണയം, വന്ന് രണ്ട്
വർഷങ്ങൾക്കു ശേഷം
പുതിയ കമ്പനിയിലേക്ക് മാറിയത്.
വർഷങ്ങൾ വേഗം
പിന്നിലേക്ക് പാഞ്ഞു കൊണ്ടിരുന്നു. പ്രവാസികളുടെ
ജീവിതമാണ് ഭൂമിയിലെ എറ്റവും വലിയ
‘ക്ലീഷേ’ എന്നെനിയ്ക്ക് തോന്നിയിട്ടുണ്ട്. പ്രാരാബ്ധങ്ങൾക്കും കടമകൾക്കുമിടയിൽ ജീവിയ്ക്കാൻ മറന്നു
പോകുന്ന ‘ആവർത്തനവിരസത’.
എത്രയോ ജീവിതങ്ങൾ അതേ
ആവർത്തനവിരസതയിൽ അലിഞ്ഞു
ചേർന്നിട്ടുണ്ടാകാം. ഉണ്ടാകാമെന്നല്ല.
ഇപ്പോഴും ഉണ്ടായിക്കൊണ്ടിയ്ക്കുന്നുവെന്നതാവും ശരി. ഒരാളെപ്പോലെ
ഒരായിരം പേര്‍. അവർക്കു ശേഷവും
ആയിരങ്ങൾ. സമയവും കാലവും പേരുകളും
മാത്രമേ വ്യത്യസ്തമായുണ്ടാകൂ. എല്ലാ ജീവിതങ്ങൾക്കും ഏകദേശം
ഒരേ നിറം.
മുറിയിലെത്തി
ഡ്രസ്സ് മാറി വന്ന്
ഒരു ചായയിട്ടു കുടിച്ചുകൊണ്ട്
ലാപ്ടോപ്പ് ഓണാക്കി നെറ്റ് കണക്ട്
ചെയ്തു. ഫേസ്ബുക്ക് നിറയെ മെസ്സേജുകൾ.
ഒന്നൊഴികെ ബാക്കിയെല്ലാം പ്രിയയുടേത്. 'എവിടെയാ...' എത്തിയില്ലേ...' ‘മറന്നോ...മിസ്സ് യൂ...' തുടങ്ങിയെന്തൊക്കെയോ.
ഞാൻ ചാറ്റ് ബോക്സ്
ക്ലോസ്സ് ചെയ്യാനൊരുങ്ങിയപ്പോഴേക്കും അടുത്ത മെസ്സേജ്; 'എത്തിയോ..? കുളിച്ചിട്ടു വരാം’ പിന്നാലെ
അവളുടെ സെൽഫി ഫോട്ടോ.
ഒരു ടവ്വലു മാത്രം
ഉടുത്ത്, ഉച്ചിയിൽ മുടി വാരിച്ചുറ്റി,
മുഖമാകെ എണ്ണമയത്തിൽ, ഒരു കണ്ണിറുക്കി
കുസൃതിച്ചിരിയോടെ അവൾ. നാലു
വർഷങ്ങൾക്ക് മുൻപ് ഒരു
ഫോൺകോളിൽ പേമാരി പെയ്യിച്ച അവളുടെ
കണ്ണുകൾ. 'ക്ഷമിയ്ക്കൂ..' എന്നൊരു വാക്കിൽ ഞാൻ
കുടഞ്ഞെറിഞ്ഞ മഴത്തുള്ളികൾ. പിന്നെ രണ്ട് വർഷങ്ങൾക്കു ശേഷം വെർച്വൽ
ലോകത്തിലെവിടെ നിന്നോ ഒരു അശരീരിയായി
വന്ന 'ഞാനുമിവിടെയുണ്ട്' എന്ന
സന്ദേശം. അന്നുമുതലിങ്ങനെ പരസ്പരം കാണാതെ കണ്ട്,
കുറ്റബോധത്തോടെയെങ്കിലും പണ്ടെന്നോ താഴെയിട്ടുടച്ചയാ സ്ഫടികപാത്രച്ചില്ലുകൾ
വ്യർത്ഥമായി ഞാൻ
കൂട്ടിച്ചേർക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു, ചേരില്ലയെന്നറിഞ്ഞും!.ചിലപ്പോൾ എന്റെ വിഭ്രാന്തിയുടെയൊരു
മിഥ്യാ സങ്കൽപ്പം മാത്രമാകാം
ആ രൂപം.
'നീയീ നഗരത്തിലെവിടെയാണെന്ന് ദയവു ചെയ്ത് എന്നോടൊന്ന് പറയൂ.'
ഞാൻ
കെഞ്ചി. ഒരു സ്മൈലി
വന്നെന്നെ നോക്കി കണ്ണ് മുഴപ്പിച്ചു.
പിന്നെ ദുഖഭാവം വന്നു.
'ഞാൻ പറഞ്ഞല്ലോ, ഒരിയ്ക്കൽ നീ പറയാതെ തന്നെ ഞാൻ നിന്റെ മുന്നിൽ വരും. അതുവരെ ചോദിയ്ക്കരുത്.’
എനിയ്ക്ക്
പ്രയാസം തോന്നി.
'ഓഹ് യെസ്...ഇത് അവിഹിതബന്ധമാണല്ലോ...ഞാനതു മറന്നു… സോറി.'
കുറേ
കോമാളികൾ വന്ന് പൊട്ടിച്ചിരിച്ചു.
പിന്നെ അക്ഷരങ്ങൾ കൊഞ്ചി.
'നീയെന്റെ വിഹിതമാണ്…ഞാൻ നിന്റെയും. പിന്നെയിതെങ്ങനെ അവിഹിതമാകും…പണ്ടെന്നെ കളഞ്ഞിട്ട് പോയപ്പോൾ ഓർക്കണമായിരുന്നു.'
റിപ്ലെ
ചെയ്യാതെ ഞാൻ സ്ക്രീനിൽ
നോക്കിയിരുന്നു.
'കണവൻ വന്നെന്ന് തോന്നുന്നു...സീയൂ...’
ചുംബനങ്ങളുമായി
കുറേ പേരെത്തി. അവ
എനിയ്ക്ക് ചുറ്റും വട്ടമിട്ടു പറന്നു.
പിന്നെ അടക്കം പറഞ്ഞു
പൊട്ടിച്ചിരിച്ചു. 'നീയാണ് ശരിയ്ക്കും കോമാളി.'
ഞാനത് കേട്ടില്ലെന്നു നടിച്ചു. എത്രത്തോളം വിരസമാണെന്റെ ജീവിതം
എന്നോർത്ത് കടുത്ത നിരാശ തോന്നി
******************************************************************************
വാതിലിൽ
ശക്തിയായി തട്ടുന്നത് കേട്ടാണ് ഞാനുണർന്നത്. കയ്യെത്തി മൊബൈലെടുത്ത്
സമയം നോക്കി, 2.26 AM. ബ്ലാങ്കറ്റിനുള്ളിൽ
നിന്നും കാല് വലിച്ചെടുത്ത്
കട്ടിലില് നിന്നും ഇറങ്ങി ലൈറ്റിട്ടു.
'ഹൂ ഈസ് ദാറ്റ്..?'
‘ഞാനാണ്...തുറക്ക്…...'
കതകു
തുറന്ന് ഞാൻ പുറത്തേക്ക് നോക്കി. പിന്നിലെ
അരണ്ട വെളിച്ചത്തിൽ, ഏതോ
സിനിമാരംഗത്തിലെയൊരു കഥാപാത്രം പോലെ വിയർപ്പിൽ
നനഞ്ഞ് കുളിച്ച് പ്രദീപ്.
ആറേഴ്
മാസങ്ങൾക്ക് മുൻപ് താമസിയ്ക്കാനൊരു
മുറി അന്വേഷണത്തിനിടെയാണ് ഞാനയാളെ
പരിചയപ്പെടുന്നത്. അറബികളുടെ പഴയതും പുതിയതുമായ
വില്ലകൾ മൊത്തമായി റെന്റിനെടുത്ത് ആവശ്യക്കാരുടെ
താൽപ്പര്യപ്രകാരം പാർട്ടീഷൻ
ചെയ്ത് പലർക്കായി
വാടകയ്ക്ക് നല്കുന്ന
കുറച്ചു മലയാളികളിലെ ഒരംഗം. നല്ല ഉയരവും
വെളുത്ത നിറവും സുന്ദരമായ മുഖവുമുള്ള
ഒരു മുപ്പത്തിയഞ്ചുകാരൻ. രണ്ടു
ദിവസം നീണ്ട വിലപേശലുകൾക്കൊടുവിലാണ്
ഞാനീ റൂം വാടകയ്ക്കെടുക്കുന്നത്.
എന്തിനോടും അഡ്ജസ്റ്റ് ചെയ്ത് ജീവിയ്ക്കാനാകും
വിധം പക്വതയുള്ള ഒരു പ്രവാസിയായി ഞാനെന്ന് അഭിമാനിയ്ക്കുമ്പോഴും,
എവിടെ താമസിച്ചാലും മുറി
വിട്ട് പുറത്തേക്കിറങ്ങുന്നത് മുറ്റത്തേക്കാവണം
എന്നൊരു നിർബന്ധം
ഞാൻ പുലർത്തിയിരുന്നു.
അതു മാത്രമാണ് എന്നെയിവിടെ
തങ്ങാൻ പ്രേരിപ്പിച്ചതും.
‘എന്താടാ പറ്റിയത്, എന്തായീ നേരത്ത്..? കേറി വാ…’ അവന്റെ
മുഖഭാവം എന്നെ വല്ലാതെ
പരിഭ്രമിപ്പിച്ചു.
മദ്യത്തിന്റേയും
സിഗരറ്റിന്റേയും ഗന്ധം വിയർപ്പു നാറ്റത്തോട്
മത്സരിയ്ക്കുന്നതു പോലെ തോന്നി.
ഞാനസ്വസ്ഥതയോടെ പിന്നോട്ട് മാറി. ഒരു
കസേര വലിച്ചിട്ടു കൊടുത്തു.
'നീ ഡ്രൈവ് ചെയ്താണോ വന്നത്..?' എനിയ്ക്ക് ദേഷ്യം വന്നു.
ഒരു
ജ്യേഷ്ഠനോടെന്ന പോലെ ബഹുമാനവും
സ്നേഹവും അവനെന്നോടുണ്ടായിരുന്നു. ആ വാത്സല്യം
എനിയ്ക്കും തോന്നിയിരുന്നു. പലപ്പോഴും ഞങ്ങളൊരുമിച്ച് പുറത്തു
പോയി, ഭക്ഷണം കഴിച്ചു.
പാർക്കിലും ബീച്ചിലും
പോയി. ബിസ്സിനസിലെ പാർട്ട്ണേഴ്സുമായുള്ള പ്രശ്നങ്ങൾ അവൻ
എന്നോട് പറഞ്ഞിരുന്നു. വഴക്കുകൾ പലപ്പോഴും അതിരു
വിടാറുണ്ടായിരുന്നു. എല്ലാം നിർത്തിപ്പോകുകയാണെന്ന് ഇടയ്ക്കിടെ
പറയാറുണ്ടായിരുന്നു. എന്തോ അരുതാത്തത്
നടന്നു കഴിഞ്ഞെന്ന് എനിയ്ക്കു
തോന്നി.
ടേബിളിലെ
ജഗ്ഗിൽ നിന്നും ഗ്ലാസ്സിലേക്ക്
വെള്ളം പകർന്ന് അവനു
നേരേ നീട്ടി. ഒറ്റവലിയ്ക്കത്
കുടിച്ച്, കയ്യെത്തി ജഗ്ഗെടുത്ത് വീണ്ടും
ഗ്ലാസ്സിലേക്ക് വെള്ളം പകർന്നുകൊണ്ടവൻ
കസേരയിലേക്കിരുന്നു. വാതിൽ പൂട്ടി
തിരികെ വന്ന് ടേബിളിന്റെ
അരികിൽ ചാരി നിന്ന്
ഞാനവനെ നോക്കി. ഗ്ലാസ്സ്
ടേബിളിൽ വച്ച് ഒരു
ദീർഘനിശ്വാസം വിട്ട്
കസേരയിലേക്ക് ചാരി അവൻ
തറയിലേക്ക് നോക്കിയിരുന്നു. രാത്രിയെപ്പൊഴോ ഞാൻ തല്ലിയിട്ടും
ചാകാതെ ഒരു പ്രാണി
തന്റെ മുറിഞ്ഞു പോയ ചിറകും
തിരഞ്ഞ്, ഒറ്റച്ചിറകുമായി അവിടെ
മുടന്തി നടക്കുന്നുണ്ടായിരുന്നു. അവന്റെ കണ്ണുകൾ അതിനെ
പിന്തുടർന്നു കൊണ്ടിരുന്നു.
നിശ്ശബ്ദത
നിറഞ്ഞ് വീർപ്പുമുട്ടിയൊരു
കുമിള കണ്മുന്നിൽ വിങ്ങി
നിൽക്കുന്നു. ഞാൻ
ശ്വസിയ്ക്കാൻ പാടുപെട്ടു.
'പറ...എന്താ പറ്റിയത്?’ ഞാനത്
കുത്തിപ്പൊട്ടിച്ചു. അവനെന്നെയൊന്ന് മുഖമുയർത്തി നോക്കിയിട്ട്
വീണ്ടുമതിന്റെ ചിറകു തേടിപ്പോയി.
പിന്നെ വല്ലാത്തൊരു സ്വരത്തിൽ
അമർഷത്തോടെ പിറു പിറുത്തു
‘കൊന്നു കളഞ്ഞു… ഞാൻ...!'
അവന്റെ
കാൽവിരലിനടിയിൽ തറയോട് ചേർന്ന്
ആ ചെറുജീവി ഞെരിഞ്ഞമർന്നു.
എനിയ്ക്ക്
‘തീ’ഛർദ്ദിയ്ക്കണമെന്ന് തോന്നി.
പൊടുന്നനെ ഞാൻ കട്ടിലിലിരുന്നു.
അവൻ നിയന്ത്രണം വിട്ടു കരഞ്ഞു. എന്തു ചെയ്യണം,
പറയണം എന്നൊരൂഹവും എനിയ്ക്ക്
കിട്ടിയില്ല. ഒരു കൊലപാതകിയാണ്
മുന്നിലിരുന്ന് കരയുന്നത്.
'എന്താ സംഭവിച്ചത്...ആരെയാണ് നീ…!!! എവിടെ വച്ചായിരുന്നു......?’
ഞാനെന്തൊക്കെയോ
പുലമ്പി. എന്റെ നെഞ്ച് വിങ്ങുന്നുണ്ടായിരുന്നു. അവന്റെ
കരച്ചിൽ കുറച്ചു കൂടി ഉച്ചത്തിലായി.
‘ഇങ്ങനെ കരഞ്ഞുകൊണ്ടിരുന്നിട്ടെന്തു
കിട്ടും?’ എനിയ്ക്ക്
അരിശം വന്നു.
'എന്റെ ഫ്ലാറ്റിൽ...' ഏങ്ങലിനിടയിൽ അവൻ പിറുപിറുത്തു.
'ഇങ്ങനെ സംഭവിയ്ക്കാൻ മാത്രം എന്തുണ്ടായി?’
നിറഞ്ഞു
തുളുമ്പുന്ന കണ്ണുകളിലും തീ പടരുന്നത് ഞാൻ തിരിച്ചറിഞ്ഞു.
'നീയിനിയെന്തു ചെയ്യാൻ പോകുന്നു. പോയി പോലീസിൽ കീഴടങ്ങൂ.' ഞാൻ നിർദ്ദാക്ഷണ്യം പറഞ്ഞു.
'ഇത് നമ്മുടെ നാടല്ല. ഗൾഫ് രാജ്യമാണ്.' ചിന്തകൾ
വഴിതെറ്റുന്നുവെന്ന് തോന്നിയപ്പോൾ ഞാൻ കണ്ണുകളിറുക്കിയടച്ചു.
‘എനിയ്ക്കൊറ്റയ്ക്ക് വയ്യ… എന്റെ കൂടെ ഒന്നു വരൂ... 'അവന്റെ ഭാവം മാറി.
'എവിടേക്ക്? ഞാൻ വന്നിട്ട് എന്തു ചെയ്യാനാണ്?'
അവൻ മുഖം
കൈകളിലേക്കു താങ്ങി തലമുടിയ്ക്കുള്ളിൽ വിരലുകൾ
കോർത്ത് കുനിഞ്ഞിരുന്നു.
'ഞാനെന്തിനു വരണം…പറ്റില്ല...നീ പോകൂ...' ഞാൻ
ശബ്ദമുയർത്തി. അവനെന്റെ
മുഖത്തേക്ക് നോക്കി. ആ മുഖഭാവമെനിയ്ക്ക്
വ്യക്തമായില്ല.പക്ഷേയാ നെഞ്ചിലെ ദൈന്യതയെനിയ്ക്ക്
കാണാമായിരുന്നു.
******************************************************************************
ഡ്രൈവ്
ചെയ്യുമ്പോൾ എന്റെ കൈകൾ
വിറയ്ക്കുന്നുണ്ടായിരുന്നു. അവൻ അരികിൽ തളർന്നിരിയ്ക്കുന്നു.
തലയ്ക്കുള്ളിൽ നിറയെ പ്രാണികൾ
ഇഴയുന്നു. ഞാൻ തല
ശക്തിയായി കുടഞ്ഞു. തെരുവുവിളക്കുകൾ പൊട്ടിച്ചിരിയ്ക്കുന്ന
വഴികളിലൂടെ ടാങ്കർലോറികളോട് മത്സരിച്ച് ഞങ്ങൾ ചീറിപ്പാഞ്ഞു.
ഞാൻ വാച്ചിലേക്ക് നോക്കി.
മൂന്നു മണി കഴിഞ്ഞിരിയ്ക്കുന്നു.
സ്വസ്ഥമായി കിടന്നുറങ്ങിയ ഒരു രാവിന്റെയൊടുക്കം
ഇങ്ങനെയായല്ലോ എന്നോർത്ത് എനിയ്ക്ക് വല്ലായ്മ
തോന്നി. ട്രാഫിക് സിഗ്നലുകളിലെല്ലാം ചുവന്ന
ലൈറ്റുകൾ മാത്രം തെളിയുന്നു. എന്റെ
നെഞ്ചിടിപ്പ് കൂടി വന്നു.
‘ലിഫ്റ്റ് കേടാണ്, നമുക്ക് നടന്നു കയറാം.’
അവൻ
പടികൾ ഓടിക്കയറിപ്പോയി. കാലുകൾ
നീങ്ങുന്നില്ല. ഞാൻ ഏന്തി
വലിഞ്ഞ് പടികൾ കയറി. നാലാം
നിലയിലെ അവസാന പടിയും
കടന്നപ്പോഴേക്കും വേച്ച് വീഴാൻ പോയി.
ഒരുവിധം ഭിത്തിയിൽച്ചാരി നിന്ന് അണച്ചു. അവൻ
കതകു തുറന്ന് പുറത്ത്
എന്നെക്കാത്ത് നിന്നിരുന്നു.
'ഫോൺ വണ്ടിയിൽ വച്ചു മറന്നു, ആ കീയിങ്ങു തരൂ...ഞാനെടുത്തിട്ട് വരാം.’
എന്തെങ്കിലും
പറയും മുൻപേ
എന്റെ കയ്യിൽനിന്നും കീ
വാങ്ങി അവൻ പടികളിറങ്ങിപ്പോയി. അകത്തേക്കു കയറാനുള്ള ധൈര്യമില്ലാതെ
ഞാൻ തളർന്ന് കോറിഡോറിൽ
വെറും തറയിലിരുന്നു. വരേണ്ടിയിരുന്നില്ല.
എന്ത് ചേതോവികാരമാണ് എന്നെയിവിടെ
വരാൻ പ്രേരിപ്പിച്ചത്. അതിനും
മാത്രം എന്ത് ബന്ധമാണ്
എനിയ്ക്കിയാളോടുള്ളത്. നിർദ്ദയം ഒരാളുടെ ജീവനൊടുക്കിയ ഇവനെയെന്തായാലും പോലീസ് അറസ്റ്റ് ചെയ്യും.
പിന്നെയെല്ലാം അയാളുടെ വിധി പോലെ.
ഞാനിവിടെ നിന്നാൽ ഒരുപക്ഷേ എന്നെയും
പോലീസ് സംശയിച്ചു കൂടായ്കയില്ല.
അവൻ ചെയ്ത പാപത്തിന്റെ
ഭാരം ഞാൻ കൂടി
എന്തിനു ചുമക്കണം.
എന്തോ
ഒരു അപായ ഭീതി
മനസ്സിൽ നിറയുന്നു. ഫോണെടുക്കാൻ പോയിട്ട്
അവനിതുവരെ വന്നിട്ടില്ല. തിരികെ പോയാലോ..? അവനോടെന്ത്
മറുപടി പറയും. ഒരു
ഉറ്റചങ്ങാതിയെ ഇത്തരമൊരു വിഷമഘട്ടത്തിൽ തനിച്ചാക്കിക്കടന്നു
കളയാൻ മാത്രം ദുഷ്ടനാണോ
ഞാൻ. എഴുന്നേറ്റ് വാതിൽ
തള്ളിത്തുറന്ന് ഉള്ളിലേക്ക് കടന്നു. ലൈറ്റ്
തെളിഞ്ഞു കിടന്നിരുന്നു. എവിടെയാവും ഡെഡ് ബോഡി കിടക്കുന്നത്.
നിശ്ശബ്ദതയ്ക്ക് ഇത്ര ഭീകരതയോ!
ടീവിയും ഫർണ്ണിച്ചറുകളുമല്ലാതെ ഹാളിൽ മറ്റൊന്നും കണ്ടില്ല.
ബെഡ് റൂമിന്റെ വാതിൽ
മലർക്കെ തുറന്നിട്ടിരുന്നു.
ഹാളിൽ നിന്നും മുറിയ്ക്കുള്ളിലേക്ക്
അരണ്ട വെളിച്ചം തൂവിയിരുന്നു.
പതിയെ ഞാൻ അകത്തേക്ക്
കടന്നു. ഏസിയുടെ ശബ്ദം നിശ്ശബ്ദതയേക്കാൾ
ഭീകരമായിത്തോന്നി. ബെഡ്ഡിൽ ബ്ലാങ്കറ്റിനടിയിൽ പാതി
പുതച്ച് ഒരു ലാപ്പ്ടോപ്പ്.
സ്ക്രീനിൽ തൊട്ടപ്പോഴേക്കും അതിൽ ലൈറ്റ്
തെളിഞ്ഞു. ഞാനൊന്നു നടുങ്ങി. നിറയെ
എന്റെ ചിത്രങ്ങൾ. ബെഡ്ഡിലിരുന്നു
ലാപ്ടോപ്പെടുത്ത് മടിയിൽ വച്ചു. ഓപ്പണായിക്കിടന്ന
ഫേസ്ബുക്ക് ചാറ്റ്ബോക്സിൽ നാളുകൾക്ക് മുൻപ് ഓൺലൈനിൽ ആദ്യമായി കണ്ടപ്പോൾ
ഞാൻ പ്രിയയ്ക്കയച്ച മെസ്സേജ് തെളിഞ്ഞു കിടക്കുന്നു.
“വീണ്ടും കാണുമ്പോൾ എന്റെ ഇന്ദ്രിയങ്ങളിൽ ആത്മഗന്ധം പകരുയാണോ നീ..? ഏതു ജന്മത്തിലായിരുന്നു നാമൊരു ദേഹമായ് ജീവിച്ചത്...തിരികെ തരാതെ നീ കൊണ്ടു പോയ ഒരു ‘തിളക്കം’…അതു തന്നെയാണ് എന്റെ മന:സ്സെന്ന് അറിയാത്തതോ, അറിയില്ലെന്ന് നടിയ്ക്കുന്നതോ..? എങ്ങനെയാണ് നമ്മുടെയൊടുക്കം..? പണ്ടെന്നോ ഒരു പൂർണ്ണവിരാമം പോലെ തോന്നിച്ചത് എന്തായിരുന്നുവപ്പോൾ?
പ്രണയിയ്ക്കുന്നുവെന്നു് പുലമ്പിക്കൊണ്ട് ആർത്തിയോടെ നീ ചുംബിച്ചയെന്റെ വിരലുകൾ ഇന്ന് ഒരു ശാപജന്മം പോലെ നിർജ്ജീവമായിപ്പോയത് അറിയുന്നുണ്ടോ നീ.? അവ്യക്തമായൊരു കാഴ്ചയായിരുന്നു നീയെനിയ്ക്കെന്നും. എന്റെ മിഴികളുടെ ദർശന പരിധിയ്ക്കകലെയായതിനാലോ നിന്റെ വർണ്ണത്തിന്റെ തീക്ഷ്ണത മങ്ങൽ വീഴ്ത്തിയതിനാലോയെന്നറിയില്ല...‘കാണാൻ ശ്രമിച്ചില്ല’ യെന്നാവർത്തിയ്ക്കരുത് നീയിനിയും..! മന:പൂർവ്വം ഒരു സങ്കൽപ്പരൂപമായ് എന്റെ അബോധതയുടെ മറവിൽ ഞാൻ കാണാതെ മറഞ്ഞിരുന്നതാണോ നീ..!
ഇതെന്തു വിധിയാണ്...ഒരിയ്ക്കലെന്റെ ഹൃദയത്തിൽ മുഖമമർത്തി കരഞ്ഞപ്പോഴും ഞാനുണ്ടെന്ന് ബോധ്യപ്പെടുത്താനെനിയ്ക്കാവാതെ പോയത്. ഇന്നു വീണ്ടും ഇത്രയരികെ നിന്നിട്ടും നിന്നെയൊന്നു ചുംബിയ്ക്കുവാൻ പോലും അർഹതയില്ലാതെ.., ഒന്നു പുണരാനോ സ്പർശിയ്ക്കാനോ പോലുമാവാതെയിങ്ങനെ...!!! ഇന്നും ഇനിയൊരിയ്ക്കലും മറ്റൊരാൾക്കും സ്വന്തമാക്കാനാവാതെ എന്റെയുള്ളിലെ ദിനങ്ങളും, കാലങ്ങളും, യുഗങ്ങളുമായ് നിറഞ്ഞു നിൽക്കുന്നത് നീയല്ലാതെ മറ്റാരാണ്..!”
ബെഡ്ഡിന്റെ
അപ്പുറത്ത് ടൈൽസിട്ട തറയിൽ അവൾ ശാന്തമായി
ഉറങ്ങുന്നു. ഞാൻ ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റു.
തലയ്ക്കുള്ളിൽ നിന്നും മുരൾച്ചയോടെ ഒരു
പ്രാണി എന്റെ നാസിക
വഴി ഇഴഞ്ഞിറങ്ങി. പിന്നെയത്
ദൂരേക്ക് പറന്നു പോയി. ഞാൻ വ്യക്തമായിക്കണ്ടു
അതിന് ഒറ്റച്ചിറകേ ഉണ്ടായിരുന്നുള്ളൂ.
ദാഹം കൊണ്ട് തൊണ്ട വരണ്ടു
പൊട്ടുമെന്ന് എനിയ്ക്കു തോന്നി. കൈകൾ കഴുത്തിൽ
മുറുക്കെപ്പിടിച്ച് ഞാൻ അടുക്കളയിലേക്കോടി.
അവിടെയെങ്ങും ഒരു തുള്ളി
വെള്ളമില്ല. ഹാളിലെ ടേബിളിൽ ജഗ്ഗ്
കാലിയായിരിയ്ക്കുന്നു. എനിയ്ക്ക് ശ്വാസം കിട്ടുന്നില്ലായിരുന്നു.
പരവേശത്തോടെ ഞാൻ വിൻഡോ
വലിച്ചു തുറന്നു. അങ്ങു താഴെ
കടൽ പോലെ വെള്ളം
പരന്നു കിടക്കുന്നു. ഉള്ളിൽക്കിടന്ന
തീ മുഴുവൻ ഞാൻ
പുറത്തേക്ക് ഛർദ്ദിച്ചു.
പിന്നെയാ കടലാഴങ്ങളിലേക്ക് എന്റെ ദാഹശമനം
തേടി. മുറിഞ്ഞു പോയൊരു
ചിറക് അവിടെയൊഴുകി നടപ്പുണ്ടായിരുന്നു.
No comments:
Post a Comment