ആ ചുട്ടുപൊള്ളുന്ന പാതയോരത്തെവിടെയോ
ഒരു തണൽമരമായിരുന്നു ഞാനെന്നും,
എനിക്കു കീഴെ വിശ്രമിച്ച നിന്നെയെന്റെ
ബലിഷ്ഠമായ ശാഖകൾ കൊണ്ട്-
വരിഞ്ഞു മുറുക്കിയിരുന്നുവെന്നും കരുതിക്കൊൾക.
ഇഴുകിയൊന്നായ് ചേർന്ന നമ്മിലെ 'നിന്നെ' യെന്റെ-
യുള്ളിൽ നിന്നുമടർത്തിയെടുത്ത്
നിഷ്ഠുരമായ് പിന്നെയും കൊടും ചൂടിലേക്ക്
വലിച്ചെറിഞ്ഞെന്നും കരുതിക്കൊൾക..!
ഞാനൊരു തണൽ മരമായിരുന്നില്ലെന്നും,
നിന്നെപ്പോലെയൊരു ഇല്ലാത്തണലിൽ
വിശ്രമിക്കാൻ ശ്രമിച്ച് വേരിറങ്ങിപ്പോയൊരു-
പഴയ പഥികനായിരുന്നെന്നും,
നിന്റെ മിഴിനീർ തുടയ്ക്കാൻ കയ്യാഞ്ഞപ്പോൾ
എന്റെ നെഞ്ചിലേക്ക് നീയാഴ്ന്നു പോയതാണെന്നും,
അനന്തരം പ്രണയഗന്ധത്തിൽ മതിമറന്ന്
സുദീർഘമായൊരു നിദ്രയിലേക്ക് നാം
വഴുതിപ്പോയതാണെന്നും നീ തിരിച്ചറിയും വരെ
ഞാനൊരു നിഗൂഢതയായ് നില നിൽക്കട്ടെ !
പണ്ട് ഒരു നദിക്കിരുകരകളിൽ നിന്നിരുന്ന വൃക്ഷങ്ങളായിരുന്നു നാം
ഇതേ പാതയിൽ, പരസ്പരമറിയാത്തോർ,
എന്നിട്ടും നമ്മുടെ വേരുകളാ നദിയാഴങ്ങളിൽ കൂട്ടി മുട്ടിയിരുന്നു..!
ഇനി 'മറന്നു' 'മറന്നു' വെന്നെഴുതി മായ്ച്ചു മായ്ച്ച്-
എന്നെ ഓർത്തു കൊണ്ടേയിരിക്കുക..!
(Image Courtesy: Google)

No comments:
Post a Comment