നാം ചെയ്ത വേഷങ്ങളൊക്കെ നമ്മുടെ കുഞ്ഞുങ്ങൾ ചെയ്യും...
അതു കണ്ട് 'അന്നൊരിക്കൽ ഞാനുമിങ്ങനെ'-
യെന്നോർത്ത് മറ്റാരും കാണാതെ നാം അമർത്തിച്ചിരിക്കും.
നാമറിയാതെ നമുക്ക് നര വരും..
നിറം തേച്ച് മറ്റാരും കാണാതെയവ-
നാം മറച്ചു പിടിയ്ക്കും..
വീണ്ടും നമ്മെയവ പറ്റിക്കും.
ദേഹത്ത് ചുളിവുകൾ വരും...
വാരിപ്പൂശിയ ചായങ്ങൾ മായുന്തോറും വീണ്ടും നാമണിയും..
എന്തു ചെയ്തിട്ടും ഒന്നുമാകാതെ പിന്നെയും നമ്മളിങ്ങനെ-
കൃത്രിമമായ് 'പഴയ ഞാൻ തന്നെയാണിതെ'ന്നുറക്കെ
ലോകത്തോട് വിളിച്ച് പറയാൻ ശ്രമിച്ച്..
വിറയാർന്ന ശബ്ദത്തോടെ തോറ്റു തുന്നം പാടി..
എന്തൊക്കെയോ കാട്ടിക്കൂട്ടും.
ഞാനാണ് നീയെന്ന് കുഞ്ഞുങ്ങളോടു പറയും..
നാം കാണാത്തതൊക്കെ.. അറിയാത്തതൊക്കെ..
നമുക്കു വേണമെന്നു കൊതിച്ചിട്ടും, കൊതിച്ചിട്ടും,
കിട്ടാത്തതൊക്കെ..
ആരോടോ പകവീട്ടും പോലെ
അവർക്കു നൽകാൻ ശ്രമിക്കും..
പിന്നെയൊരുനാൾ മണ്ണിനെപ്പുണർന്ന്
മിഴിപൂട്ടി വിറങ്ങലിച്ച് ഒരു പുഞ്ചിരിയോടെ-
നമ്മുടെ തോൽവികളൊക്കെയേറ്റു വാങ്ങും..
ആ കിടപ്പിലും 'ഞാൻ തോറ്റിടത്തൊക്കെയെന്റെ-
കുഞ്ഞുങ്ങൾ ജയിക്കുമെന്ന' അഹങ്കാരത്തോടെ-
പോയകാലങ്ങൾക്ക് നേരെ പുഞ്ചിരി തൂകും.
നമ്മുടെ കുഞ്ഞുങ്ങൾ ശലഭങ്ങളെപ്പോലെ
വിടർന്ന പൂവുകൾക്ക് മേൽ പറന്നുല്ലസിക്കും
അതുകണ്ട് ആത്മസംതൃപ്തരായ്
ഞാനും നീയും ശാന്തമായുറങ്ങും...!!!
(Image Courtesy: Google)
No comments:
Post a Comment