മുഖത്തിനു കുറുകെ ഒരു വിറകു-
കൂടി വയ്ക്കപ്പെട്ടു
'നിൽക്കൂ ഒരാൾക്കു കൂടി കാണാനുണ്ട്'
അതെ ഒടുവിൽ അവൾ വന്നു
മനസ്സിൽ തിരമാലകളുയരുന്നു..
ഇനി ദേഹത്തടുക്കിയ മുഴുവൻ ഭാരവും-
തട്ടിത്തെറിപ്പിച്ച് ചാടിയെഴുന്നേൽക്കണം
കണ്ടു നിൽക്കുന്നവർ നടുങ്ങണം
ഞാനൂറിച്ചിരിച്ചു..
എന്റെ മുഖത്തേക്കവൾ നോക്കുമ്പോൾ
കണ്ണുകൾ തുറക്കണം
അവൾ ഭയന്ന് നിലവിളിക്കണം
എനിക്കുറക്കെ ചിരിക്കാൻ തോന്നി
കവിളിൽ ഒരു തണുപ്പ്..
അവളുടെ കൈവിരലുകൾ..
ഞാൻ കണ്ണുകൾ തുറന്നു
ഒരു ചെറുമന്ദഹാസവുമായ് അവൾ
പതിയെ ആ ചെറുവിരലെന്റെ ചുണ്ടുകൾ
കടന്ന് നാവിലെന്തോ പുരട്ടി
'എനിക്കറിയാമായിരുന്നു നീ മരിച്ചിട്ടുണ്ടാവില്ലയെന്ന്,
എന്നെയെത്ര പറ്റിച്ചിരിക്കുന്നു'
അവ്യക്തമായ് ആ ശബ്ദം ഞാൻ കേട്ടു..
ഉറക്കെ കരയാൻ ശ്രമിച്ചു
അപ്പൊഴേക്കും ഞാൻ രണ്ടാമതും മരിച്ചിരുന്നു !
No comments:
Post a Comment