പോസ്റ്റിലെ ചിത്രങ്ങള്‍ക്ക് കടപ്പാട്:- ഗൂഗിള്‍

Monday, August 8, 2011

സിന്ദഗി ദൊബാരാ നഹി മിലേഗീ..

അവന്‍: ഡാ..

അവള്‍: എന്നാഡാ..

അവന്‍: ഇന്നെന്റെ ഓഫീസില്‍ ഒരു പുതിയ കൊച്ചു ജോയിന്‍ ചെയ്തു. നല്ല സൂപ്പര്‍ ഫിഗറ്‌..വന്നപ്പം നൊട്ട് ഒരു വല്ലാത്ത നോട്ടോം ചിരീം...

അവള്‍: അപ്പൊളേക്കും നീ വളച്ചോ അവളെ..അതോ ഇങ്ങോട്ടുള്ള നോട്ടമേ ഉള്ളാരുന്നോ...

അവന്: കൊള്ളാം..എനിയ്ക്കെന്തോ അവളെ ആദ്യം കണ്ടപ്പത്തന്നെ ഒരിത് തോന്നിയതാ..വെയിറ്റ് കളയാന്‍ പറ്റുവോ..അതു കൊണ്ട് മസില് പിടിച്ചു നിന്നതല്ലേ..

അവള്‍: ഡാ..മോനേ..നമ്മളുടെ ആദ്യ മീറ്റിംഗും ഏതാണ്ടിതു പോലൊക്കെത്തന്നെയായിരുന്നു...നീ മറന്നു പോയോ..

അവന്‍: ഹഹഹ..അതൊക്കെ അങ്ങനെ മറക്കാന്‍ പറ്റുമോ..പക്ഷേയിവള്‍..ഇവളെയിനിക്ക് വേണമെന്നൊരു തോന്നല്‍.. 

അവള്‍: ഓഹോ അങ്ങനെയാണോ കാര്യങ്ങള്‍..ശരി..നിന്റെയിഷ്ടം പോലെ നടക്കട്ടെ...ഞാനെന്തു പറയാന്‍..

അവന്‍: ഓഹ്..താങ്ക്സ് ഡാ..മുത്തേ..പക്ഷേ നമ്മുടെ മോന്‍..അവനെ നീ നോക്കുമോ..

അവള്: അതിപ്പം നീ പോയാല്‍ പിന്നെ ഞാനൊറ്റയ്ക്ക് എങ്ങനാഡാ..എനിയ്ക്കും നോക്കണ്ടേ വേറൊരു സെറ്റപ്പ്...അങ്ങനായാല്‍ പുള്ളിയ്ക്കും ചെലപ്പം അവന്‍ ഒരു ബുദ്ധിമുട്ടായാലോ..

അവന്‍: ശരിയാ..നമുക്കൊരു കാര്യം ചെയ്യാം..നമുക്കവനെ ഏതെങ്കിലും ഓര്‍ഫനേജില്‍ കൊണ്ടാക്കിയാലോ..? ഭാവി ചെലവുകള്‍ ഫിഫ്ടി ഫിഫ്ടി വഹിയ്ക്കാം...ഐ മീന്‍ ഉള്ളത് ബാങ്കില്‍ ഡെപ്പോസിറ്റ് ചെയ്തു കൊടുക്കാം..ഡണ്‍..

അവള്‍: ഡണ്‍....ബട്ട്..അവനോടെന്തു പറയും

അവന്‍: എന്തു പറയാന്‍...അവിടെ വേറേം പിള്ളാരൊക്കെ കാണുമെല്ലോ..കുറേ കൂട്ടുകാരൊക്കെയുള്ള പുതിയൊരു വീട്ടിലേക്ക് കൊണ്ടു പോവാണെന്നു പറയണം. പിന്നെ നമ്മളങ്ങോട്ട് പോകാതിരുന്നാല്‍ പോരേ..എപ്പടി...

അവള്‍: ഗുഡ് ഐഡിയ..അപ്പോള്‍ ഇന്നു കൂടി നമ്മള്‍ ഒരുമിച്ചിവിടെ...നാളെ..

അവന്‍: നാളെ ഗുഡ് ബൈ പറഞ്ഞ് പിരിയുന്നു...ഓക്കെ...

അവള്‍‍: വോക്കെ.... 


ഇതെന്തോന്നെഡേയ്..എങ്ങനെഡേയ്...

ഈയിടെ ഒരു ചാനലില്‍ തകര്‍ത്തു നടന്ന  ഒരു ചര്‍ച്ചയുടെ വിഷയം കേട്ടപ്പോള്‍ ആദ്യം ഒന്നു ഞെട്ടിയെങ്കിലും പിന്നെ സംഗതി കൊള്ളാലോ ന്ന് തോന്നി. മറ്റൊന്നുമല്ല പറഞ്ഞു വരുന്നത് "ലിവിങ് ടുഗതര്‍" എന്ന സങ്കല്പ്പത്തെ ക്കുറിച്ചാണ്. പ്രായ പൂര്‍ത്തിയായ ഒരു സ്ത്രീയ്ക്കും പുരുഷനും ഏതു പകലും രാതിയിലും പരസ്പരസമ്മതത്തോടെ ഒരുമിച്ചു കഴിയാനുള്ള നിയമപരിരക്ഷ ഇന്ത്യയിലുണ്ട് എന്നാണറിവ്. അങ്ങനെയിരിയ്ക്കെ ഈ വിവാഹം എന്ന ചടങ്ങിന് എന്തു പ്രാധാന്യമാണ് ജീവിതത്തിലുള്ളത് എന്ന് പുതു തലമുറ ചിന്തിച്ച് പോകുന്നതില്‍ തെറ്റുണ്ടോ? താലി കെട്ടലും രജിസ്റ്ററില്‍ ഉടമ്പടി ഒപ്പു വയ്ക്കലും സമീപ ഭാവിയില്‍ ഉണ്ടാകാന്‍ ചാന്‍സുള്ള ഒരു "ഡൈവോഴ്സ്" മുന്‍ നിര്‍ത്തിയുള്ള ഒരു ചടങ്ങു മാത്രമാണോ? 

"ഈ നില്‍ക്കുന്നയാള്‍ എന്റെ കഴുത്തില്‍ താലി കെട്ടുകയും എനിയ്ക്ക് ഒരു കുഞ്ഞിനെ തരികയും ചെയ്തതാണ്. ഇനി ഒരുമിച്ചുള്ള ഒരു തുടര്‍ജീവിതം ഞങ്ങള്‍ക്കിരുവര്‍ക്കും അസാധ്യമായതിനാല്‍ ഞങ്ങളുടെ വിവാഹ മോചനം അനുവദിച്ചു തരുന്നതിനോടൊപ്പം എന്റേയും കുഞ്ഞിന്റേയും ഇനിയുള്ള കാലത്തെ ചെലവുകള്‍ ഇയാള്‍ വഹിയ്ക്കണമെന്നുള്ള ഉത്തരവു കൂടി ഉണ്ടാകണമേയെന്ന് ബഹുമാനപ്പെട്ട കോടതിയ്ക്കു മുന്‍പില്‍ താഴ്മയായ് ഞാന്‍ അപേക്ഷിച്ചു കൊള്ളുന്നു." സ്ത്രീകള്‍ നേരിടേണ്ടി വരുന്ന ഈയൊരു അവസ്ഥ ഒഴിവാക്കാന്‍ ഈ പുതിയ ഏര്‍പ്പാട് ഉപകരിയ്ക്കുമെന്നാണ് ഇതിനെ അനുകൂലിയ്ക്കുന്നവര്‍ പറയുന്നത്. അതിനാദ്യം സ്ത്രീ എല്ലാ അര്‍ത്ഥത്തിലും പുരുഷനായി മാറണമെന്ന് അവര്‍ പറയുന്നു. വിദ്യാഭ്യാസം ആര്‍ജ്ജിയ്ക്കുന്നതിലൂടെ ഒരു വരുമാന മാര്‍ഗ്ഗം കൂടി കണ്ടെത്തുകയും അവള്‍ ചെയ്യുന്നുവെങ്കില്‍ സ്വന്തം ജീവിത പങ്കാളിയോട് എന്തു കടപ്പാടാണവള്‍ക്ക് വേണ്ടത്? ഇഷ്ടമുണ്ടെങ്കില്‍ കൂടെ താമസിയ്ക്കുകയും അനിഷ്ടം തോന്നുമ്പോള്‍ അല്ലെങ്കില്‍ മറ്റൊരാളോട് ഇഷ്ടം തോന്നുമ്പോള്‍ അനായാസം വലിച്ചെറിഞ്ഞു പോകാനും കഴിയുന്ന ഒരു ബന്ധം മാത്രമായ് മാറുകയും, നിയമത്തിന്റെ ചിലന്തി വലയില്‍ കുരുങ്ങി വീഴാതെ ആരോടും അഭിപ്രായമാരായാതെ വളരെ എളുപ്പം നടത്താവുന്ന വിവാഹ മോചനം സാധ്യമാവുകയും ചെയ്യുന്നു എന്നതാണിതിന്റെ ഏറ്റവും വലിയ ആകര്‍ഷണം. ഇതൊരു മനോഹരമായ ഏര്‍പ്പാട് തന്നെയല്ലേ..സ്ത്രീ പുരുഷ സമത്വം എന്ന തത്വ സംഹിത യാഥാര്‍ത്ഥ്യമാ ക്കപ്പെടുകയാണിതിലൂടെ. സമത്വ സുന്ദര ലോകം.


ആദ്യം പറഞ്ഞ സംഭാഷണങ്ങളിലെ പോലെ ഈ ലിവിങ് ടുഗദര്‍ ഏറ്റവും അധികം ബാധിക്കുക ഈ ഏര്‍പ്പാടു പ്രകാരം നിര്‍മ്മിക്കപ്പെടുന്ന പുതിയ സൃഷ്ടികളെയായിരിയ്ക്കും എന്നാണ് എനിയ്ക്കു തോന്നുന്നത്. തങ്ങള്‍ക്ക് തോന്നുമ്പോള്‍ താല്പര്യം തോന്നിയവര്‍ക്കൊക്കെ ഒപ്പം ജീവിയ്ക്കുന്ന ഒരു അച്ഛനും അമ്മയും (അങ്ങനെയുള്ള വിളിപ്പേരുകള്‍ക്ക് ഇത്തരം ബന്ധങ്ങളില്‍ പ്രസക്തിയില്ലെന്നറിയാം. ജന്മം നല്‍കുന്നവരെ അങ്ങനെ വിളിച്ചുള്ള ശീലമല്ലേ നമുക്കുള്ളൂ.) പുതിയൊരു തോന്നലില്‍ തങ്ങളുടെ വഴിയ്ക്ക് പിരിഞ്ഞു പോകുമ്പോള്‍ എവിടേയ്ക്കെങ്കിലും വലിച്ചെറിയപ്പെടുന്ന കുഞ്ഞിന്റെ ജീവിതം എങ്ങനെയായിത്തീരും.? അനുകൂല വാദികള്‍ പറയുമ്പോലെ നിയമ പരിരക്ഷ അവര്‍ക്കും ലഭിയ്ക്കും. അതിനായി  ഡി എന്‍ എ ടെസ്റ്റ് വഴി തന്നെ ഉണ്ടാക്കിയവരെ നിയമത്തിന് കാട്ടിക്കൊടുക്കേണ്ടി വരുന്ന ഒരു കുഞ്ഞിന്റെ അവസ്ഥ എത്ര പരിതാപകരമായിരിയ്ക്കും.പുരാതന കാലം മുതല്‍ക്കേ ഭാര്യാ ഭര്‍തൃ ബന്ധത്തിന് വളരെയേറെ പവിത്രത കല്പ്പിക്കുന്നവരാണ് ഭാരതീയര്‍. അതു കൊണ്ടു തന്നെ പുതുതായി അവതരിപ്പിക്കപ്പെടുന്ന ഇത്തരം ആശയങ്ങളെ ഇരു കയ്യുംനീട്ടി സ്വീകരിയ്ക്കുവാന്‍ ആളുകള്‍ മടിയ്ക്കുമെന്ന് മാത്രമല്ല കുറ്റിച്ചൂലെടുത്ത് അടിയ്ക്കാതിരിയ്ക്കാനും തരമില്ല. ഇത് കുറച്ചു വ്യക്തികളുടെ പ്രശ്നമല്ല. ഒരു സംസ്ക്കാരത്തിന്റെ പ്രശ്ന്മാണ്. പാശ്ചാത്യ സംസ്ക്കാരത്തിന്റെ പുറം മോടികള്‍ ഒന്നിനു പിറകേ ഒന്നായി നമുക്ക് മീതേ അടിച്ചേല്പ്പിക്കപ്പെടുമ്പോള്‍ ഇതല്ല ഇതിനപ്പുറവും സംഭവിച്ചേക്കാം. യൂറോപ്യന്‍ ക്ലോസറ്റിനു മുകളില്‍ പത്രം വായിച്ചിരുന്ന് കോഫി കുടിയ്ക്കുകയും ഡിഷ്യൂ പേപ്പര്‍ കൊണ്ട് ആസനം തുടച്ചുവെന്ന് വരുത്തിത്തീര്‍ത്ത് ഡൈനിങ് ചെയറിലിരുന്ന് ബ്രേക് ഫാസ്റ്റ് കഴിയ്ക്കുകയും ചെയ്യുന്ന ഒരു തലമുറ നമുക്കിടയിലും വളര്‍ന്നു കഴിഞ്ഞു. അപ്പോള്‍ ഇത്തരം ആശയങ്ങളെ വേരോടിയ്ക്കുവാനും ചെറുതല്ലാത്ത ശ്രമങ്ങള്‍ ഇവിടെ ഉണ്ടാകുമെന്നുറപ്പാണ്.


ഇങ്ങനെയുള്ള ജീവിതം നയിക്കുന്ന കുറേ പേര്‍ ഇപ്പോള്‍ ത്തന്നെ നമുക്കിടയിലുണ്ട് എന്നറിയുന്നു. ഒരേയൊരു ജീവിതം ആസ്വദിയ്ക്കാവുന്നതിന്റെ മൂര്‍ധന്യതയില്‍ തന്നെ അനുഭവിച്ച് തീര്‍ക്കുന്ന സെലിബ്രിറ്റികള്‍ പലരും ഇന്ത്യയില്‍ ഇത്തരം ജീവിതമാണ് നയിക്കുന്നതെന്ന് കേള്‍ക്കുന്നു. ഈ ബന്ധങ്ങള്‍ വഴിയുണ്ടാകുന്ന കുഞ്ഞുങ്ങളുടെ ഭാവി മാത്രമാണോ ഇതുയര്‍ത്തുന്ന ആശങ്ക. പരസ്പര സ്നേഹം എന്ന സാമൂഹിക അടിത്തറയില്ലാത്ത ഒരു പുതു ജനത വളര്‍ന്നു വരാന്‍ ഇത്തരത്തിലുള്ള കുത്തഴിഞ്ഞ ജീവിതം വഴി വയ്ക്കില്ലേ..? കണ്ണു വിരിഞ്ഞു തുടങ്ങിയ കുഞ്ഞുങ്ങള്‍ മുതല്‍ മുതു മുത്തശ്ശിമാര്‍ വരെ ക്രൂരമായ ബലാത്സംഗത്തിനിരയാക്കപ്പെടുമ്പോള്‍ പിടിയ്ക്കപ്പെടുന്ന ചെറു ബാലന്‍മാര്‍ മുതല്‍ വയസ്സന്‍മാര്‍ വരെയുള്‍പ്പെടുന്ന പുരുഷ സമൂഹത്തെ ലൈഗിക അരാജകത്വത്തിന്റെ പടുകുഴിയിലേക്ക് ഇത് തള്ളിയിടുകയില്ലേ.?ഇന്നു റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന വിവാഹ മോചനങ്ങളിലെ പ്രധാന കാരണങ്ങളിലൊന്ന് ഭര്‍ത്താവിന്റെ പരസ്ത്രീ ബന്ധമാണെന്നിരിയ്ക്കെ വിലക്കുകളൊന്നുമില്ലാതെ സ്വൈര്യ വിഹാരം വാഗ്ദാനം ചെയ്യുന്ന ഇത്തരം പുതിയ ആശയങ്ങള്‍ ആശങ്കകളുടെ തിരമാലകള്‍ തന്നെയുയര്‍ത്തുന്നുണ്ട്. ഇവിടെ ആര്‍ക്കും ആരോടും സ്നേഹമില്ല. കടപ്പാടില്ല. ഉള്ളത് നൈമിഷികമായ ആകര്‍ഷണങ്ങളും വെറുപ്പും മാത്രം. മധുരമുള്ള വിഷം പോലെ.

അച്ഛനും അമ്മയുമില്ലാത്ത, ഭാര്യയും ഭര്‍ത്താവുമില്ലാത്ത, ബന്ധുക്കളാരുമില്ലാത്ത ഒരു പുതു സമൂഹം നമ്മളില്‍ നിന്നും ഏറെ അകലെയല്ലാതെ ഇവിടേക്കു കടന്നു വരാന്‍ കാത്തു നില്ക്കുന്നുണ്ടോ..അവരെ ഒരു സമൂഹം എന്നു വിളിയ്ക്കാമോ..കുറേ വ്യക്തികള്‍ എന്നു മാത്രം പറയാം. അതോ സമൂഹം എന്നതിനും പുതിയ നിര്‍വ്വചനം അവര്‍ നല്‍കുമോ..മാറ്റങ്ങള്‍ അനിവാര്യം തന്നെ. നല്ല മാറ്റങ്ങള്‍ക്ക് സ്വീകരണമുറിയിലെ എതിര്‍പ്പുകള്‍ മാത്രമേ നേരിടേണ്ടി വരൂ. ജീവിതപ്പുരയുടെ അകത്തളങ്ങളില്‍ യഥേഷ്ടം വിഹരിയ്ക്കാന്‍ കാലമെന്നും അവയ്ക്കനുമതി നല്‍കിയിട്ടേയുള്ളൂ. കാലത്തെയതിജീവിയ്ക്കുന്ന മാറ്റങ്ങളെയേ മാറ്റങ്ങള്‍ എന്നു വിളിയ്ക്കാനാവൂ. അല്ലാത്തവ വെറും തോറ്റങ്ങള്‍ മാത്രം.