പോസ്റ്റിലെ ചിത്രങ്ങള്‍ക്ക് കടപ്പാട്:- ഗൂഗിള്‍

Tuesday, August 2, 2011

നഷ്ടസൌഹൃദം..


ശ്രീനിവാസന്‍ തിരക്കഥയൊരുക്കിയ "കഥ പറയുമ്പോള്‍" എന്ന സിനിമയിലെ ഏറ്റവും ആകര്‍ഷകമായതും ആ സിനിമയുടെ വിജയത്തില്‍ ഏറ്റവും നിര്‍ണ്ണായകവുമായിത്തീര്‍ന്ന ഒരു രംഗമായിരുന്നു സൂപ്പര്‍ സ്റ്റാറായ അശോക് രാജ് സ്ക്കൂള്‍ വേദിയില്‍ നടത്തുന്ന ഉദ്ഘാടന പ്രസംഗത്തിനിടെ തന്റെ ബാല്യകാല സുഹൃത്തിന്റെയോര്‍മ്മകള്‍ പങ്കിട്ടു വിതുമ്പുന്നത്. മമ്മൂട്ടിയെന്ന അതുല്യനായ നടന്റെ ഏറ്റവും മികച്ച അഭിനയ മുഹൂര്‍ത്തങ്ങളിലൊന്നായ ആ രംഗം കണ്ട് ഒന്നു കണ്ണു നനയാത്തവര്‍ ഉണ്ടാവില്ല. അത്രയ്ക്കും മനോഹരമായി അദ്ദേഹം അത് അഭിനയിച്ചു ഫലിപ്പിച്ചു എന്നതു കൊണ്ട് മാത്രമായിരുന്നോ ആ രംഗം കാണികളില്‍ വേദനയുണ്ടാക്കിയത്.?   

 കടന്നു പോകുന്ന ഓരോ നിമിഷവും ഇനി നാളെകളുടെ ഇന്നലെകളിലേക്ക് ചേര്‍ക്കപ്പെടുമ്പോള്‍.. അവയൊന്നും  ഇനി തിരിച്ചു കിട്ടില്ലെന്ന നേരറിവാണ് ആ ഓര്‍മ്മകളിലൂടെ നമ്മെ നൊമ്പരപ്പെടുത്തുന്നത്. ഇന്നലെയും ഇന്നും ഇനി നാളെയുമെല്ലാം അങ്ങനെ തന്നെ.! നഷ്ടമായിപ്പോയല്ലോ..യെന്ന വേദന കൂടുതല്‍ നല്‍കുന്നത് ഒരു പക്ഷേ   കുട്ടിക്കാലം തന്നെയായിരിയ്ക്കും. അശോക് രാജിനെ ക്കൊണ്ട് ശ്രീനി പറയിച്ച പോലെ അവന്‍ ഉണ്ടില്ലെങ്കിലും എനിയ്ക്ക് കഴിയ്ക്കാന്‍ തരുമായിരുന്നു..വസ്ത്രങ്ങള്‍ തരുമായിരുന്നു..അത്രയ്ക്കും സ്നേഹിച്ചിരുന്നില്ലെങ്കിലും  നമുക്കും ഉണ്ടായിരുന്നില്ലേ ഒരു പാടു സ്നേഹിച്ചിരുന്ന കൂട്ടുകാര്‍. ഉണ്ണാനും ഉടുക്കാനും ഒരിയ്ക്കലും മുട്ടുണ്ടായിരുന്നില്ലയെങ്കിലും സാന്നിധ്യം കൊണ്ടു പോലും ഊര്‍ജ്ജം പകര്‍ന്നു തന്ന കുറേ സുഹൃത്തുക്കള്‍ എനിയ്ക്കുമുണ്ടായിരുന്നു.  അവരില്‍ എനിയ്ക്ക് ഏറ്റവും സ്നേഹം കവനീഷ് എന്ന കൂട്ടുകാരനോടായിരുന്നു. ഏതോ വളരെ പാവപ്പെട്ട വീട്ടിലെ കുട്ടിയായിരുന്നു അവന്‍. വീട്ടിലെ ദാരിദ്ര്യത്തെയും  പ്രയാസങ്ങളേയുമൊക്കെ പറ്റി അവന്റെ അമ്മ സ്ക്കൂളില്‍ വരുമ്പോള്‍ പലപ്പോഴും അവിടുത്തെ അധ്യാപികയായിരുന്ന  എന്റെ അമ്മയോട് പറയുന്നത് കേട്ടിട്ടുണ്ട്. എന്നിട്ടും നല്ലത് എന്തു കിട്ടിയാലും  അവന്‍  അത്‌ എനിയ്ക്കു തരുമായിരുന്നു. പുതിയ ഒരു പെന്‍സില്‍ കിട്ടിയാലും പേന കിട്ടിയാലും..എന്തും. ഓരോ ദിവസം ക്ലാസ്സില്‍ വരുമ്പോഴും എന്തെങ്കിലും പുതിയ സമ്മാനം എനിയ്ക്കു തരുന്നത് അവനു വലിയ   സന്തോഷമായിരുന്നു. കിട്ടുന്ന ചില്ലറപ്പൈസ മുഴുവന്‍ എനിയ്ക്ക് മിഠായി വാങ്ങിത്തരാന്‍ വേണ്ടിയായിരുന്നു അവന്‍ സൂക്ഷിച്ചിരുന്നത്. എന്റെ പ്രീയപ്പെട്ടവയായ "പ്യാരീസ്" എന്നു വിളിച്ചിരുന്ന ഒരു തരം പല്ലില്‍ ഒട്ടിപ്പിടിയ്ക്കുന്ന ശര്‍ക്കര മിഠായിയും..തേന്‍ മിഠായിയും..അവന്‍ എനിയ്ക്ക് ധാരാളം വാങ്ങിത്തരുമായിരുന്നു. എന്തിലും വാശി കാണിയ്ക്കുന്ന ഞാന്‍ എന്തു പറഞ്ഞാലും അത്‌ അവന്‍ അംഗീകരിയ്ക്കുമായിരുന്നുവെന്നതു കൊണ്ടു തന്നെ ഒരിയ്ക്കല്‍ പോലും അവനോട് ഞാന്‍ കലഹിച്ചിട്ടില്ല.
 അധ്യാപികയുടെ മകനെന്ന ജാഡയില്‍ ഞാന്‍ കാട്ടിക്കൂട്ടിയ പല വികൃതിത്തരങ്ങളുടെയും ഉത്തരവാദിത്തം അവന്‍ സ്വയം ഏല്‍ക്കുമായിരുന്നു. നോട്സുകള്‍ എല്ലാം എന്റെ ബുക്കില്‍ നല്ല വടിവൊത്ത കൈപ്പടയില്‍ എഴുതിത്തരുമായിരുന്നു. ആറാം സ്റ്റാന്‍ഡേര്‍ഡില്‍ പഠിയ്ക്കുമ്പോള്‍ വീടിനടുത്തുള്ള സ്ക്കൂളിലേക്ക് സ്ഥലം മാറ്റം കിട്ടിയ അമ്മയ്ക്കൊപ്പം അവിടെ നിന്നും ടീസി വാങ്ങി പോരുമ്പോള്‍ ഏങ്ങലടിച്ചു കരഞ്ഞിരുന്ന അവന്റെ മുഖം അവ്യക്തമായ് ഇന്നു ഞാനോര്‍ക്കുന്നു. അതിനു മുന്‍പും ശേഷവും ഒരുപാടു സുഹൃത്തുക്കള്‍ എനിയ്ക്കുണ്ടായിട്ടുണ്ട്..എന്നിട്ടും അവരില്‍ നിന്നെല്ലാം ആ കുഞ്ഞു മുഖം വേറിട്ടു നില്‍ക്കുന്നു. എന്തിനായിരുന്നു എന്നെയവന്‍ ഇത്രയും ഇഷ്ടപ്പെട്ടിരുന്നത്  എന്ന് പലപ്പോഴും ആലോചിയ്ക്കാറുണ്ട്.

അവനെന്നോടുണ്ടായിരുന്ന അത്ര സ്നേഹം എനിയ്ക്ക് ഉണ്ടായിരുന്നുവോയെന്നു ഞാന്‍ സംശയിയ്ക്കുന്നു. വര്‍ഷങ്ങള്‍ എത്രയോ പിന്നിട്ടു..ഇന്നും പഠനകാലത്തെ  സൌഹൃദങ്ങളോര്‍ക്കുമ്പോള്‍ ആദ്യം മന:സ്സില്‍ ഓടിയെത്തുന്നത് ആ മുഖമാണ്. അവന്‍ ഇന്നെവിടെയാണോ ആവോ..? ചിലപ്പോള്‍ വിവാഹമൊക്കെ കഴിഞ്ഞു കുടുംബമൊക്കെയായി ഒരു  ഗൃഹ നാഥനായി എവിടെയെങ്കിലും സന്തോഷവാനായി ജീവിയ്ക്കുന്നുണ്ടാവും. പ്രീയ കൂട്ടുകാരാ..തിരിച്ചറിവില്ലാത്ത ആ പ്രായത്തില്‍ നീ തന്ന സ്നേഹം തിരിച്ചു തരാന്‍ എനിയ്ക്കറിയില്ലായിരുന്നു...എന്റെ വിഷമങ്ങള്‍ നീ ആധിയോടെ തിരക്കുമ്പോഴും നിന്റെ സങ്കടങ്ങളെ ഞാന്‍ ഓര്‍ത്തതേയില്ല..ഒരു പക്ഷെ നിന്റെ വിഷമങ്ങളില്‍ അല്പമെങ്കിലും സാന്ത്വനം പുരട്ടാന്‍ എനിയ്ക്ക് കഴിയുമായിരുന്നു..എന്നിട്ടും..! എന്നോട് ക്ഷമിക്കു.. നന്ദി..നീ തന്ന കലര്‍പ്പില്ലാത്ത സ്നേഹത്തിന്..സൌഹൃദത്തിന്..  

കഴിയുമെങ്കില്‍ എന്നെങ്കിലും നിന്നെ കാണുവാന്‍ ഞാന്‍ വരും. മറ്റാരുമില്ലാതെ..ആ പഴയ ചങ്ങാതിമാരായ് നമുക്കിരുവര്‍ക്കും നമ്മുടെയാ സ്ക്കൂള്‍ മുറ്റത്ത് പോയിരിയ്ക്കണം..ആ പൂഴിമണ്ണിലിരുന്ന്..നമുക്കിടയിലൂടെ കടന്നു പോയ ഒരുപാടു വര്‍ഷങ്ങളുടെയോര്‍മ്മള്‍ പങ്കു വയ്ക്കണം..ആ ദിവസമായിരിയ്ക്കും എന്റെ ജീവിതത്തിലെ യഥാര്‍ത്ഥ സൗഹൃദ ദിനം.

5 comments:

 1. പഴയ കൂട്ടുകാരനെ എന്നെങ്കിലും കണ്ടുമുട്ടട്ടെ!

  ReplyDelete
 2. അതേയ്..താങ്കള്‍ ആ സുഹൃത്തിനെ കണ്ടുമുട്ടട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു ..

  ReplyDelete
 3. അജീഷ് ഭാഗ്യം ചെയ്തവനാണല്ലോ...!!

  എന്നെങ്കിലും ആ സുഹൃത്തിനെ കണ്ടു മുട്ടാന്‍ സാധിക്കെട്ടെ....!!!

  ReplyDelete